വന്യജീവികൾ താവളമാക്കിയ കൃഷിയിടത്തിൽ നിന്ന് മോചനംതേടി വയോധിക ദമ്പതികൾ
text_fieldsകൊട്ടിയൂർ ചപ്പ മലയിൽ വന്യജീവികൾ താവളമാക്കിയ ഭൂമിയിൽ ദുരിതക്കയത്തിലായ പേന്താനത്ത് മത്തായിയും ഭാര്യ അന്നമ്മയും
കേളകം: വന്യജീവികൾ താവളമാക്കിയ കൃഷിയിടത്തിൽനിന്ന് മോചനം കൊതിച്ച് കൊട്ടിയൂർ ചപ്പ മലയിലെ വയോധിക ദമ്പതികൾ. കാട്ടാനയും കാട്ടുപോത്തും കാട്ടുപന്നിയും കുരങ്ങും താവളമടിച്ച കൃഷിയിടത്തിന് നടുവിൽ കാഴ്ചശക്തിയില്ലാത്ത കൊട്ടിയൂർ പഞ്ചായത്ത് ചപ്പമലയിലെ പേന്താനത്ത് മത്തായിയും കേൾവിക്കുറവുള്ള ഭാര്യ അന്നമ്മയും കഴിയാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി റീ ലൊക്കേഷൻ പദ്ധതി പ്രകാരം കൃഷിയിടം വനംവകുപ്പിന് കൈമാറി അവശേഷിക്കുന്നതെല്ലാം പെറുക്കിയെടുത്ത് രക്ഷപ്പെടാൻ ആഗ്രഹിച്ചിരുന്ന 168 അപേക്ഷകരിൽ ഒന്നാണ് പേന്താനത്തെ മത്തായിയും കുടുംബവും. രണ്ടു റീച്ചായി തിരിച്ച് കൃഷിഭൂമി ഏറ്റെടുക്കാൻ വനംവകുപ്പ് ശ്രമം തുടങ്ങിയിട്ട് അഞ്ചു വർഷം കഴിഞ്ഞു. ആനത്താര പദ്ധതിക്കായി ഭൂമി വിട്ടുകൊടുത്ത് രക്ഷപ്പെടാൻ അപേക്ഷ നൽകി കാത്തിരുന്നു മടുത്തപ്പോഴാണ് റീ ലൊക്കേഷൻ പദ്ധതിയുമായി വനംവകുപ്പും സർക്കാരും എത്തിയത്.
ആദ്യ റീച്ചിലെ 74 പേരിൽ 34 പേർക്ക് മാത്രമാണ് പണം ലഭിച്ചത്. ബാക്കിയുള്ളവരുടെ കാര്യത്തിൽ തീരുമാനമായില്ല.എന്നാൽ ഈ വൃദ്ധ ദമ്പതികളുടെ സമീപത്തുള്ള സ്ഥലം ഉൾപ്പെടെ റീ ലൊക്കേഷൻ പദ്ധതി പ്രകാരം ഏറ്റെടുത്തപ്പോൾ ഇവരെ സർക്കാരും വനംവകുപ്പും തഴയുകയായിരുന്നു. രണ്ട് ഏക്കർ സ്ഥലമുണ്ടെങ്കിലും നിലവിൽ കാടു കയറിയ അവസ്ഥയിലാണ്. കാട്ടാന വീടിന് സമീപത്തുവരെ എത്തി തെങ്ങുകൾ നശിപ്പിച്ചു. വൈദ്യുതി ഉണ്ടെങ്കിലും അൽപ്പ നേരം ഇല്ലാതെയായാൽ ദുരിത പൂർണമാകും.
അര നൂറ്റാണ്ടു മുമ്പ് തെങ്ങും കമുകും വാഴയും റബറും കൃഷി ചെയ്ത് പൊന്നു വിളയിച്ച ഭൂമിയിൽ ഇന്നു കാടു മൂടിയിരിക്കുകയാണ്. വീടിനു സമീപത്ത് മറ്റു വീടുകളോ ആൾ താമസമോ ഇല്ല. സ്ഥലം മുഴുവനായും കാടു കയറിയതോടെ ഒറ്റപ്പെട്ട അവസ്ഥയിലാണ് ഈ വൃദ്ധ ദമ്പതികൾ. വരുമാനം ഒന്നും ലഭിക്കാനില്ലാത്ത കൈവശ സ്ഥലം വനംവകുപ്പ് ഏറ്റെടുത്താൽ ലഭിക്കുന്ന പണം വാങ്ങി സ്വപ്നങ്ങൾ എല്ലാം ഉപേക്ഷിച്ച് രക്ഷപ്പെടണമെന്നാണ് ഇവരുടെ ആഗ്രഹം. സ്ഥലം ഏറ്റെടുക്കുന്നത് വൈകുന്നതിനെതിരെ നവകേരള സദസ്സിൽ പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.