കൊറോണ പോളിസി ക്ലെയിം നിരസിച്ചു; ഇൻഷുറൻസ് കമ്പനി 1.2 ലക്ഷം നഷ്ടപരിഹാരം നൽകണം
text_fieldsRepresentational Image
കൊച്ചി: കോവിഡുമായി ബന്ധപ്പെട്ട ‘കൊറോണ രക്ഷക് പോളിസി’യുടെ ക്ലെയിം നിഷേധിക്കപ്പെട്ട പോളിസി ഉടമക്ക് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനി 1.2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. മൂവാറ്റുപുഴ സ്വദേശിയായ കെ.ആർ. പ്രസാദിന് അനുകൂലമായാണ് വിധി. 2020 ജൂലൈയിലാണ് പ്രസാദ് സ്റ്റാർ ഹെൽത്തിന്റെ രക്ഷക് പോളിസിയിൽ ചേർന്നത്. 2021 ജനുവരിയിൽ പരാതിക്കാരന് കോവിഡ് ബാധിച്ചു.
നാലു ദിവസം മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്ററിൽ ചികിത്സ തേടി. എന്നാൽ, പോളിസി ക്ലെയിം നൽകാൻ ഇൻഷുറൻസ് കമ്പനി തയാറായില്ല. ‘ബ്രോങ്കൈറ്റിസ് ആസ്ത്മ’ ഉണ്ടെന്ന വിവരം പോളിസി ഉടമ മറച്ചുവെച്ചു എന്ന കാരണം പറഞ്ഞാണ് കാഷ് ലെസ് ക്ലെയിം നിരസിക്കപ്പെട്ടത്. ഇതേതുടർന്ന് ഇൻഷുറൻസ് ഓംബുഡ്സ്മാനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്.
‘ബ്രോങ്കൈറ്റിസ് ആസ്ത്മ’ വാദം ഇൻഷുറൻസ് കമ്പനി ഉപഭോക്തൃ കോടതിയിലും ഉന്നയിച്ചു. എന്നാൽ, ഡിസ്ചാർജ് സമ്മറിയിൽ ബ്രോങ്കൈറ്റിസ് ആസ്ത്മ ഉണ്ടെന്ന് പറയുന്നത് സൂചന മാത്രമാണെന്നും സംശയരഹിതമായ നിഗമനമായി ഇതിനെ കണക്കാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഉപഭോക്താവ് പോളിസി നിബന്ധനകൾ ലംഘിച്ചെന്ന വാദവും നിരാകരിച്ചു. കമ്പനിയുടേത് അധാർമിക രീതിയാണെന്നും വിലയിരുത്തിയാണ് നിരസിക്കപ്പെട്ട ക്ലെയിം തുകയായ ഒരു ലക്ഷം രൂപയും നഷ്ടപരിഹാരമായി 20,000 രൂപയും 30 ദിവസത്തിനകം നൽകാൻ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് നിർദേശം നൽകിയത്. കമീഷൻ പ്രസിഡന്റ് ഡി.ബി. ബിനു, മെംബർമാരായ വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

