ഛത്തീസ്ഗഢിലുണ്ടായത് മത സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ശ്രമം; അനുവദിക്കാനാകില്ലെന്നും സാദിഖലി തങ്ങൾ
text_fieldsമലപ്പുറം: രാജ്യത്തെ മത സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ശ്രമമാണ് ഛത്തീസ്ഗഢിലുണ്ടായതെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ.
മതേതരത്തിന് എതിരായ ബി.ജെ.പിയുടെ പ്രവര്‍ത്തനം അനുവദിക്കാനാകില്ല. കന്യാസ്ത്രീകള്‍ അടക്കമുള്ള മിഷനറി പ്രവര്‍ത്തകര്‍ ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ നടത്തിയ പ്രവര്‍ത്തനം മറക്കാനാകില്ല. മതത്തിന്റെ പേരില്‍ അവരെ ക്രൂശിക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും തങ്ങൾ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് തെരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് കടക്കുകയാണ്. കോണ്‍ഗ്രസും ലീഗും ഒറ്റക്കെട്ടായി യു.ഡി.എഫിനെ ശക്തിപ്പെടുത്തി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചു വരവിന് വേണ്ടിയുള്ള പ്രയത്‌നത്തിലാണ്. അത് വിജയം കാണും. പ്രതിപക്ഷ നേതാവിനേക്കാള്‍ ഇരട്ടി ആത്മവിശ്വാസമാണ് ലീഗിനുള്ളത്. മുസ്ലീം ലീഗ് ഡല്‍ഹി ആസ്ഥാനത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. ആഗസ്റ്റ് 24ന് വൈകീട്ട് മൂന്നിന് ഡല്‍ഹി നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ പങ്കെടുക്കും.
വയനാട് ദുരിത ബാധിതര്‍ക്ക് ലീഗിന്റെ നേതൃത്വത്തില്‍ വീട് നിര്‍മിക്കുന്നതിനു വേണ്ടിയുള്ള ഭൂമി ഏറ്റെടുത്തു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും തങ്ങൾ വ്യക്തമാക്കി. ഉജ്ജ്വല ഭൂരിപക്ഷത്തോടെ യു.ഡി.എഫിന് അധികാരത്തില്‍ തിരിച്ചു വരാനാകുമെന്ന് സതീശൻ പറഞ്ഞു.
അതില്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ലീഗ്. അവര്‍ പൂര്‍ണമായും ഒപ്പമുണ്ട്. നിലമ്പൂരില്‍ ഒറ്റ പാര്‍ട്ടിയായാണ് യു.ഡി.എഫ് പ്രവര്‍ത്തിച്ചത്. ഇന്ത്യയിലെ മുഴുവന്‍ സഖ്യങ്ങള്‍ക്കും മാതൃകയാണ് യു.ഡി.എഫ്. ഇന്ത്യ മുന്നണിയും ദേശീയതലത്തില്‍ ഇതുപോലെ ആകണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. സമുദായത്തെയും ജില്ലയെയും രാഷ്ട്രീയ പ്രസ്ഥാനത്തെയും അധിക്ഷേപിച്ചപ്പോള്‍ അങ്ങനെ പറയരുതെന്ന് മിതമായ വാക്കുകളിലാണ് പറഞ്ഞത്. ശ്രീനാരായണ ഗുരുദേവന്‍ എന്ത് പറയരുതെന്നും എന്ത് ചെയ്യരുതെന്നും പറഞ്ഞിരിക്കുന്നത് പറയരുതെന്നാണ് വിനീതമായി പറഞ്ഞത്. ആരോടും വ്യക്തിപരമായ പ്രശ്‌നങ്ങളില്ല. പക്ഷെ ഏതു തരത്തിലുള്ള വര്‍ഗീയതയെയും വിദ്വേഷ പ്രചാരണത്തെയും യു.ഡി.എഫ് ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും സതീശൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

