ഐ.സി.യുവിൽ നിന്ന് ആംബുലൻസിലെത്തി; അഭിനവ് എസ്.എസ്.എൽ.സി പരീക്ഷയെഴുതി
text_fieldsഅങ്കമാലി: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിലെ തീവ്രപരിചരണത്തിലായ 10-ാം ക്ലാസുകാരന് ആശുപത്രി അധികൃതരുടെ കനിവിൽ എസ്.എസ്.എൽ.സി പരീക്ഷ മുടങ്ങിയില്ല. അടിസ്ഥാന സംവിധാനങ്ങളൊരുക്കി ആംബുലൻസിൽ സ്കൂളിലെത്തിച്ചാണ് വിദ്യാർഥി പരീക്ഷ എഴുതിയത്. കഴിഞ്ഞ ബുധനാഴ്ച ബൈക്ക് അപകടത്തിൽ പ്ലീഹക്കും (കശേരുക്കളിലെ രക്തം ശുചീകരിക്കുന്ന അവയവം), ഇടത് കാലിനും സാരമായ പരിക്കേറ്റ് അങ്കമാലി അപ്പോളോ ആഡ്ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അഭിനവ് കൃഷ്ണക്കാണ് വെള്ളിയാഴ്ചത്തെ ഫിസിക്സ് പരീക്ഷ എഴുതാൻ ആശുപത്രി അധികൃതരുടെ ഇടപെടൽ തുണയായത്.
അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അഭിനവിനെ വിശദമായ പരിശോധനക്ക് വിധേയമാക്കിയ ശേഷം പരിക്ക് ഗുരുതരമാണെന്ന് കണ്ടതോടെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. കാലിന് പ്ലാസ്റ്റർ ഇട്ടെങ്കിലും പ്ലീഹയുടെ ശസ്ത്രക്രിയക്കായി ഗ്യാസ്‌ട്രോ സർജൻ ഡോ. കാർത്തിക് കുലശ്രേഷ്‌ഠയുടെ കീഴിൽ നിരീക്ഷണത്തിലായിരുന്നു. ഭക്ഷണം കഴിക്കാൻ സാധിക്കാത്തത് മൂലം ഐ.വി ഡ്രിപ്പും ഇട്ടിരുന്നു.
എന്നാൽ പരുക്കിനേക്കാളും നൊമ്പരത്തേക്കാളും അഭിനവിനെയും മാതാപിതാക്കളെയും അസ്വസ്ഥമാക്കിയത് വെള്ളിയാഴ്ചയിലെ ഫിസിക്സ് പരീക്ഷ എഴുതാൻ അഭിനവിന് സാധിക്കുമോ എന്ന ആശങ്കയായിരുന്നു. അക്കാര്യം ഡോക്ടറോട് പങ്കുവച്ചതോടെ ഡോക്ടർ അനുകൂല നിലപാടെടുക്കുകയും അപ്പോളോ അഡ്‌ലക്‌സ് എമർജൻസി സംഘത്തിന്‍റെ സഹായത്തോടെ പരീക്ഷ എഴുതാൻ സംവിധാനം ഒരുക്കുകയും ചെയ്തു. എമർജൻസി വിഭാഗത്തിലെ ഡോ. സെറീൻ സിദ്ദീഖ്, നഴ്‌സ് മാർട്ടിൻ പോൾ, ഡ്രൈവർ വൈശാഖ് എന്നിവരുടെ നേതൃത്വത്തിൽ സർവ സജ്ജമൊരുക്കിയ ആംബുലൻസിൽ ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിലാണ് അഭിനവിനെ പരീക്ഷ എഴുതാൻ സുരക്ഷിതമായി എത്തിച്ചത്.
പ്ലീഹക്ക് സംഭവിച്ച പരിക്ക് സാരമായതിനാൽ യാത്രയിലുടനീളം അഭിനവിന്‍റെ രക്ത സമ്മർദവും ഹൃദയമിടിപ്പും നിരീക്ഷിച്ചു കൊണ്ടിരുന്നു. അവ സാധാരണ നിലയിലാണെന്ന് ഉറപ്പുവരുത്താൻ അതീവ ജാഗ്രതയും പുലർത്തിയാണ് അഭിനവിന് പരീക്ഷയെഴുതാൻ എമർജൻസി സംഘം സന്നദ്ധത പ്രകടിപ്പിച്ചത്. ആംബുലൻസിനുള്ളിൽ ചാരിയിരുന്ന് തൃപ്തിയോടെ പരീക്ഷ എഴുതിക്കഴിഞ്ഞ ശേഷം അതേ ആംബുലൻസിൽ ആശുപത്രിയിലേക്ക് മടങ്ങുകയും വീണ്ടും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് മുടങ്ങുമെന്ന് കരുതിയ എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ തുണയായി മാറിയ അപ്പോളോ എമർജൻസി വിഭാഗം ഡോക്ടർക്കും ജീവനക്കാർക്കും അഭിനവും കുടുംബാംഗങ്ങളും നന്ദി അറിയിച്ചു.