മുങ്ങിത്താണ 11കാരനെ പ്ലാസ്റ്റിക് കുപ്പികൾ അരയിൽ കെട്ടി രക്ഷിച്ച് എട്ടുവയസ്സുകാരൻ
text_fieldsഹിബത്തുല്ല
മുളിയാർ (കാസർകോട്): മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന തന്നേക്കാൾ പ്രായമുള്ള സുഹൃത്തിനെ രക്ഷപ്പെടുത്തി എട്ടുവയസ്സുകാരൻ. കുളിക്കുന്നതിനിടെ പയസ്വിനി പുഴയിൽ മുങ്ങിത്താഴുകയായിരുന്ന 11കാരനെയാണ് എട്ടുവയസ്സുകാരനായ ഹിബത്തുല്ല രക്ഷപ്പെടുത്തിയത്.
ചൊവ്വാഴ്ച വൈകീട്ട് പയസ്വിനി പുഴയുടെ നെയ്പാറ ഭാഗത്ത് ഹിബത്തുല്ലയും രണ്ടു കൂട്ടുകാരും കുളിക്കാൻ പോയപ്പോഴായിരുന്നു സംഭവം. ഹിബത്തുല്ലക്ക് നീന്തൽ പൂർണമായും വശമില്ല. പ്ലാസ്റ്റിക് കുപ്പി കെട്ടി വെള്ളത്തിൽ പൊങ്ങിനിന്നാണ് നീന്തുന്നത്. ഹിബത്തുല്ലയും ഒരു കൂട്ടുകാരനും പുഴയുടെ ഇക്കരയിലും അപകടത്തിൽപെട്ട കുട്ടി ഏതാണ്ട് നടുഭാഗത്തുമായിരുന്നു കുളിക്കാൻ ഇറങ്ങിയത്. അക്കരെയുള്ളവൻ അപകടത്തിൽപെട്ടതായി ശ്രദ്ധയിൽപെട്ടതോടെ ഹിബത്തുല്ല അരയിൽ കുപ്പികൾ ഉറപ്പിച്ചുനിർത്തി അപകടത്തിൽപെട്ട കുട്ടിയെ രക്ഷിക്കാൻ നീന്തിയെത്തുകയായിരുന്നു. എത്തിയ ഉടനെ അവനെ അധികം സ്പർശിക്കാതെ തള്ളി, തള്ളി കരയോടടുപ്പിച്ചു.
മുങ്ങിത്താഴുന്നവരെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ അവർക്ക് പിടികൊടുക്കരുതെന്ന് ക്ലാസിൽനിന്നു ലഭിച്ച പാഠവും ഹിബത്തുല്ല അനുഭവമാക്കി. ആത്മധൈര്യത്തോടെ അതിസാഹസികമായി സുഹൃത്തിനെ രക്ഷപ്പെടുത്തി നാടിന്റെ അഭിമാനമായ മുഹമ്മദ് ഹിബത്തുല്ല, ഇബ്രാഹീം നഈമി-ബുഷ്റ ദമ്പതികളുടെ മകനാണ്.സർ സയ്യിദ് എൽ.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

