അമൃതിൽ കുളിച്ച് മലപ്പുറത്തെ ക്ഷേത്രക്കുളങ്ങൾ
text_fieldsമലപ്പുറം നഗരസഭ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ
അധികാരിത്തൊടി കരിങ്കാളിക്കാവ് ഭഗവതി ക്ഷേത്രക്കുളം നഗരസഭ ചെയർമാൻ മുജീബ് കാടേരി
ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം: ജലാശയ നവീകരണത്തിന് കേന്ദ്രസർക്കാർ അനുവദിച്ച അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ആദ്യ ക്ഷേത്രക്കുളം ഉദ്ഘാടനം ചെയ്തു. മലപ്പുറം നഗരസഭയിൽ പുനർനിർമാണം നടത്തുന്ന അഞ്ച് കുളങ്ങളിൽ ആദ്യത്തെയായ അധികാരിത്തൊടി കരിങ്കാളിക്കാവ് ഭഗവതി ക്ഷേത്രക്കുളം നഗരസഭ ചെയർമാൻ മുജീബ് കാടേരി നാടിന് സമർപ്പിച്ചു. 1.45 കോടി രൂപയുടെ അഞ്ചു കുളങ്ങൾക്കാണ് നഗരസഭയിൽ നിർമാണ അനുമതി ലഭിച്ചത്.
അധികാരിത്തൊടി കരിങ്കാളിക്കാവ് ഭഗവതി ക്ഷേത്രം -11 ലക്ഷം, മണ്ണൂർ ശിവക്ഷേത്രക്കുളം -38.5 ലക്ഷം, കോരങ്ങോട്ട് ചോല -11 ലക്ഷം, താമരക്കുഴി ആലുംകുണ്ട് കുളം -11 ലക്ഷം, കോലമ്പാറ കുളം -33 ലക്ഷം ഉൾപ്പെടെ 1.45 കോടി രൂപയുടെ പദ്ധതികളാണ് പൂർത്തീകരിക്കുന്നത്. നഗരപ്രദേശങ്ങളിലെ ശുദ്ധജലവിതരണം, മലിനജലശുദ്ധീകരണം, ജലസ്രോതസ്സുകളുടെ സംരക്ഷണം എന്നിവ ഉൾപ്പെടെ നടപ്പാക്കാനുള്ള പദ്ധതിയാണ് അമൃത് പദ്ധതി.
പ്രകൃതിദത്തമായ ശുദ്ധജല സംവിധാനങ്ങൾ സംരക്ഷിക്കുകയും ആധുനിക മുഖം നൽകുകയുമാണ് പദ്ധതിയിൽ ഉദ്ദേശിക്കുന്നതെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു. കുളങ്ങൾക്കു ചുറ്റും കമ്പിവേലി നിർമാണം, പദ്ധതിയിലുൾപ്പെടുത്തി കുളങ്ങൾക്ക് ആഴം വർധിപ്പിക്കാനും പടിക്കെട്ടുകൾ നിർമിക്കാനും കുളങ്ങളുടെ സൗന്ദര്യവത്കരണ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടക്കും. കൂടാതെ നവീകരിക്കുന്ന കുളങ്ങളുടെ അഞ്ചുവർഷത്തെ പരിപാലനവും നടപ്പാക്കുന്നുണ്ട്. അധികാരിത്തൊടി കരിങ്കാളിക്കാവ് ക്ഷേത്രം ഉദ്ഘാടന ചടങ്ങിൽ വാർഡ് കൗൺസിലർ ഖദീജ മുസ്ലിയാരകത്ത് അധ്യക്ഷത വഹിച്ചു.
പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സി.പി. ആയിഷാബി, നഗരസഭ കൗൺസിലർ ശിഹാബ് മൊടയങ്ങാടൻ, ത്രിപുരാന്തക ക്ഷേത്രം ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ എ. ശ്യാമള, തൃപുരാന്തക ക്ഷേത്രം ദേവസ്വം ചെയർമാൻ വിജയൻ മീമ്പാട്ട്, കപ്പൂർ കൂത്രാട്ട് ഹംസ, ഉബൈദ് പള്ളിത്തൊടി, സി.പി. സാദിഖലി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

