മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിച്ചത് രണ്ട് ലക്ഷം മാത്രം; തുക അപര്യാപ്തമെന്ന് ചികിത്സാപിഴവിനെതുടർന്ന് കൈമുറിച്ചുമാറ്റപ്പെട്ട പെൺകുട്ടിയുടെ പിതാവ്
text_fieldsപാലക്കാട്: പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സാപിഴവിനെ തുടർന്ന് കൈ മുറിച്ചുമാറ്റേണ്ടിവന്ന ഒമ്പത് വയസുകാരിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിച്ച നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന് വീട്ടുകാർ. രണ്ട് ലക്ഷം രൂപ അനുവദിച്ചതായി കെ. ബാബു എം.എൽ.എ അറിയിച്ചിരുന്നതായും ഈ തുക അപര്യാപ്തമാണെന്നും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിനോദിനിയുടെ പിതാവ് വിനോദ് പറഞ്ഞു.
‘‘40 ദിവസമായി മകൾ ആശുപത്രി ഐ.സി.യുവിലാണ്. എനിക്കോ, ഭാര്യക്കോ ജോലിക്ക് പോകാനാകുന്നില്ല. വീട്ടുവാടക കൊടുക്കണം. വൈദ്യുതിചാർജ് അടക്കണം. കുട്ടിയുടെ ഭാവി നോക്കേണ്ടേ...ഈ തുക എവിടെ നിന്ന് മതിയാവാനാണ്?’’- വിനോദ് ചോദിക്കുന്നു.
സെപ്റ്റംബർ 24 നാണ് പല്ലശ്ശന സ്വദേശിനിയായ വിനോദിനിക്ക് വീണ് പരിക്കേറ്റത്. കൈയുടെ എല്ലുകള്‍ പൊട്ടി പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സ തേടി. വലതു കൈയിലെ രണ്ട് എല്ലുകൾ പൊട്ടിയെന്ന് മനസ്സിലാക്കി പ്ലാസ്റ്റർ സ്ലാബിട്ടു. മരുന്ന് നൽകി ഡിസ്ചാർജ് ചെയ്തു. സെപ്റ്റംബർ 30ന് ഒ.പിയിൽ എത്തുമ്പോൾ രക്തയോട്ടം നിലച്ച നിലയിലായിരുന്നു. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് കൈ മുറിച്ചു മാറ്റിയത്. ഇപ്പോഴും പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്.
ആരോഗ്യവകുപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ചികിത്സയില്‍ വീഴ്ച വന്നിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. ജില്ല ആശുപത്രിയിൽ ആവശ്യമായ ശാസ്ത്രീയ ചികിത്സ നൽകിയിരുന്നുവെന്നായിരുന്നു ഡി.എം.ഒയുടെ അന്വേഷണ റിപ്പോർട്ട്. പിന്നീട് പ്രതിഷേധമുയർന്നതോടെ സംഭവത്തിൽ ആരോഗ്യ വകുപ്പ് രണ്ട് ഡോക്ടർമാർക്കെതിരെ നടപടിയെടുത്തു. ജില്ല ആശുപത്രി ഓര്‍ത്തോ വിഭാഗത്തിലെ രണ്ടു ഡോക്ടര്‍മാരെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. പൊലീസ് ഡോക്ടർമാർക്കെതിരെ കേസെടുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

