ആരോഗ്യമന്ത്രി പഠന റിപ്പോർട്ട് പങ്കുവെച്ചത് തീയതി മറച്ചുവെച്ച്, പ്രസിദ്ധീകരിച്ചത് 2018ൽ; 'അബദ്ധമല്ല', റിപ്പോർട്ട് 2013ൽ ഉമ്മൻചാണ്ടി സർക്കാറിന് മുന്നിലെത്തിയെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണങ്ങൾ വർധിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചയെ ചൊല്ലി വിവാദം. കിണര്‍ വെള്ളത്തിൽ നിന്ന് കോര്‍ണിയ അള്‍സര്‍ പിടിപ്പെടുന്നുവെന്ന ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോർജിന്റെ വാദം തെറ്റാണെന്ന് തെളിഞ്ഞു.
2013ൽ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോർട്ട് 2018ലാണ് ഇന്ത്യൻ ജേണൽ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്. കെ.കെ.ശൈലജ ആരോഗ്യമന്ത്രിയായിരുന്ന ഒന്നാം പിണറായി സർക്കാറിന്റെ കാലത്തായിരുന്നു ഇത്.
സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം മന്ത്രി പങ്കുവെച്ച ഗവേഷണ പ്രബന്ധത്തിൽ പ്രസിദ്ധീകരണ തീയതി ഒഴിവാക്കിയിരുന്നു. പഠനറിപ്പോർട്ടിൽ അന്നത്തെ ഉമ്മൻചാണ്ടി സര്‍ക്കാരിന് കീഴിലെ ആരോഗ്യവകുപ്പ് ഒന്നും ചെയ്തില്ലെന്നും വിമർശനം ഉയർത്തുന്നതിനിടെയാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് 2018ൽ ഒന്നാം പിണറായി സർക്കാറിന്റെ കാലത്താണെന്ന് പുറത്തുവരുന്നത്. പ്രസിദ്ധീകരണ തീയതി ഉൾപ്പെടെയുള്ള മുഴുവൻ പേജും കോൺഗ്രസ് നേതാക്കൾ പുറത്തുവിടുകയും ചെയ്തിരുന്നു.
തിയതി ഒഴിവാക്കി മന്ത്രി വീണ ജോർജ് പങ്കുവെച്ച ജേണൽ പേജ്, തിയതി ഉൾപ്പെടെയുള്ള പേജ്
ഇതോടൊപ്പം മന്ത്രി വീണ ജോര്‍ജ് പറഞ്ഞതുപോലെ റിപ്പോര്‍ട്ട് അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ടതല്ലെന്നും കോര്‍ണിയ അള്‍സറുമായി ബന്ധപ്പെട്ടാണെന്നുമാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. കോർണിയ അൾസർ കേസുകളുടെ പരിശോധനയിൽ അത് അമീബ മൂലമാണെന്ന് കണ്ടെത്തിയെന്നും 64ശതമാനം ആളുകൾക്കും രോഗം ഉണ്ടായത് കിണർ വെള്ളത്തിലെ അമീബയിൽ നിന്നാണെന്ന് സംശയിക്കുന്നതായും ഡോ. അന്ന ചെറിയാൻ, ഡോ. ആര്‍ ജ്യോതി എന്നിവര്‍ 2013ൽ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നുണ്ടെന്നായിരുന്നു ആരോഗ്യമന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
അതേസമയം, പഠന റിപ്പോർട്ട് സംബന്ധച്ച വിവാദത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് രംഗത്തെത്തി. 2013ൽ തന്നെയെന്ന് ആവര്‍ത്തിക്കുകയാണ് ആരോഗ്യമന്ത്രി. പഠനം നടത്തിയ ഡോക്ടർമാർ അമീബ രോഗബാധയെ കുറിച്ച് അന്നത്തെ സർക്കാരിനെ അറിയിച്ചിരുന്നു എന്നാണ് ഫേസ്ബുക്കിൽ കുറിച്ചത്. അന്നത്തെ സർക്കാർ ഒരു നടപടിയും എടുത്തില്ലെന്നും മന്ത്രി ആവർത്തിക്കുന്നു.
ആരോഗ്യ മന്ത്രിയുടെ വിശദീകരണ പോസ്റ്റ്
"വെട്ടിലായി ആരോഗ്യ മന്ത്രി! പഠനറിപ്പോർട്ടിലും അബദ്ധം പിണഞ്ഞു ആരോഗ്യ മന്ത്രി!
അമീബയുമായി ബന്ധപ്പെട്ട് 2013-ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്‌ടേഴ്‌സ് നടത്തിയ ഒരു പഠനത്തെക്കുറിച്ച് കഴിഞ്ഞദിവസം ഞാൻ ഫേസ്ബുക്കിൽ പറഞ്ഞിരുന്നു. മുന്നിലെത്തിയ കേസുകളിൽ നിന്ന് അവർ എത്തിച്ചേർന്ന നിഗമനങ്ങൾ, പഠനങ്ങൾ എന്നെ അത്ഭുതപ്പെടുത്തി.
കിണറുകളിലെ അമീബയും അവയുണ്ടാക്കുന്ന രോഗവും സംബന്ധിച്ച അവരുടെ നിഗമനങ്ങളാണ് എന്നിൽ പ്രത്യേകിച്ച് വിസ്മയം ഉണ്ടാക്കിയത്. അന്ന്, 2013-ൽ സർക്കാരിനെ ഇക്കാര്യം അറിയിച്ചെങ്കിലും നടപടികൾ ഉണ്ടായില്ല. അന്ന് അത് ഒരു ഫയൽ പോലും ആയില്ല എന്ന് മനസ്സിലാക്കുന്നു. പലകാരണങ്ങളാൽ ഈ പഠനം പിന്നീട് തുടരാൻ ഡോക്ടർസിന് കഴിഞ്ഞില്ല. വർഷങ്ങൾക്ക് ശേഷം ഈ പഠനം ഒരു ജേർണലിലേക്ക് അവർ അയച്ചു കൊടുത്തു.
ജേർണൽ അത് പ്രസിദ്ധീകരിച്ചു. ആ ജേർണലോ, അതിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതോ സർക്കാരിന്റെ ശ്രദ്ധയിലേക്ക് വരുന്ന ഒന്നല്ല. സർക്കാരുമായി ഒരു ബന്ധവും ഉള്ളതുമല്ല. നൂറുകണക്കിന് ജേർണലുകൾ അങ്ങനെ പല സംഘടനകളും പ്രസിദ്ധീകരിക്കുന്നുണ്ട് .ഈ വിഷയത്തിൽ താല്പര്യമുള്ള, അത്രയും അക്കാദമിക് താല്പര്യമുള്ള ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ മാത്രമേ ജേർണലുകളിലെ ലേഖനങ്ങൾ സർക്കാരിന്റെ ശ്രദ്ധയിലേക്ക് വരികയുള്ളു.
എന്നാൽ 2013-ൽ സർക്കാരിനെ നേരിട്ട് അറിയിച്ചതിൽ നടപടി എടുത്തില്ല എന്നത് പ്രശ്‍നം അല്ല! സർക്കാരിന് അറിവില്ലാത്ത, സർക്കാരുമായി ഒരു ബന്ധവുമില്ലാത്ത ഒരു ജേർണലിൽ 2018-ൽ വന്ന റിപ്പോർട്ടിൽ (പല ജേർണലുകളിൽ വരുന്ന എല്ലാ റിപ്പോർട്ടുകളും എല്ലാ ഗവേഷകരും എല്ലാ ആരോഗ്യ പ്രവര്‍ത്തകരും കാണണമെന്നില്ല) കഴിഞ്ഞ സർക്കാർ നടപടി എടുത്തില്ല എന്നതാണ് പ്രശ്നം!
2013-ലെ ഒരു അക്കാഡമിക് കോൺഫെറെൻസിൽ ഈ പഠനത്തിന്റെ പ്രസന്റേഷൻ അന്ന് ഡോക്‌ടേഴ്‌സ് അവതരിപ്പിച്ചത് ചേർക്കുന്നു. അവസാന ഭാഗം ഒന്ന് ശ്രദ്ധിച്ചാൽ കേൾക്കാം, ഹെൽത്ത് ഹസാഡ് വാണിംഗ് അന്ന് കൊടുത്തിരുന്നു. ഫലപ്രദമായ നടപടികൾ വേണം എന്ന് ഉന്നത അധികാരികളെ അറിയിച്ചിരുന്നു. “ ഇങ്ങനെ ഒക്കെ ആണെങ്കിലും സാരമില്ല സത്യം പറയേണ്ട. നമ്മുടെ കൺക്ലൂഷൻ ഇങ്ങനെ ആകാം ‘ആരോഗ്യ മന്ത്രി വെട്ടിലായി ”".
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

