അമിത് ഷായുടെ മോഹം ഈ നാട്ടിൽ വിലപ്പോവില്ല -കോടിയേരി
text_fieldsതിരുവനന്തപുരം: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മോഹം ഈ നാട്ടിൽ വിലപ്പോവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോർപ്പറേറ്റുകളിൽ നിന്നും ശേഖരിച്ച 1200 കോടി രൂപ കേരളത്തിൽ ഒഴുക്കിക്കൊണ്ട് സംഘപരിവാരത്തിന്‍റെ അടിത്തറ കെട്ടാനാണ് അമിത് ഷായുടെ ശ്രമം. ബി.ജെ.പിയുടെ ഇത്തരം നീക്കങ്ങളെ കോൺഗ്രസ് കണ്ടില്ലെന്ന് നടിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ കേരളത്തിൽ വന്ന അമിത് ഷാ പറഞ്ഞത് എഴുപതിലധികം സീറ്റ് നേടി കേരളം പിടിക്കുമെന്നാണ്. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കേരളം പിടിക്കുമെന്ന് പറയാനാണ് ഇപ്പോൾ വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിന്‍റെ കശാപ്പ് നിരോധന വിജ്ഞാപനം രാജ്യത്ത് സൃഷ്ടിച്ച പ്രതിസന്ധി വിവരണാതീതമാണ്. ഇതിനെ മറികടക്കാൻ അവർ കോർപ്പറേറ്റുകളിൽ നിന്ന് പണം വ്യാപകമായി പിരിക്കുകയാണ്. വിജ്ഞാപനം ജനങ്ങളോടും ഭരണഘടനയോടുമുള്ള വെല്ലുവിളി ആയതിനാലാണ് സംസ്ഥാന സർക്കാർ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടുന്നത്. എന്തുകൊണ്ട് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ ഈ സമീപനം സ്വീകരിക്കുന്നില്ലെന്നും കോടിയേരി ചോദിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
