Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണറായിക്ക്​ അമിത്​...

പിണറായിക്ക്​ അമിത്​ ഷായുടെ മുന്നറിയിപ്പ്​: തീക്കളിയാണ്​ ഒാർമവേണം; സർക്കാറിനെ താഴെയിടാൻ മടിക്കില്ല​​

text_fields
bookmark_border
പിണറായിക്ക്​ അമിത്​ ഷായുടെ മുന്നറിയിപ്പ്​: തീക്കളിയാണ്​ ഒാർമവേണം; സർക്കാറിനെ താഴെയിടാൻ മടിക്കില്ല​​
cancel

കണ്ണൂർ: അയ്യപ്പഭക്തന്മാരെ അടിച്ചമർത്താൻ ശ്രമിച്ചാൽ കേരളസർക്കാറിനെ താഴെയിടാൻ മടിക്കില്ലെന്ന്​ ബി.ജെ.പി ദേശീ യ അധ്യക്ഷൻ അമിത് ഷാ. ശബരിമല വിഷയത്തിൽ അടിച്ചമർത്തൽനയം തുടരുന്ന പിണറായിസർക്കാറിനെതിരെ ബി.ജെ.പിയും രാജ്യവും ഒരൊറ്റശിലയായും ഒരുപർവതമായും ഒരുമിച്ചുനിൽക്കും. ആരാധനാസ്വാതന്ത്ര്യം സം​രക്ഷിക്കാൻ ബി.ജെ.പി കേരളത്തിൽ ഏതറ്റംവരെയും പോകും. കണ്ണൂരിൽ പാർട്ടി ജില്ല ആസ്ഥാനമായ കെ.ജി. മാരാർജി ഭവൻ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭക്തിയും സർക്കാറും തമ്മിലാണ്​ പോരാട്ടം
ഒരുവശത്ത്​ ഭക്തിയുടെയും ധർമത്തി​​​െൻറയും ശക്തിയും മറുവശത്ത്​ സർക്കാറും തമ്മിലുള്ള സംഘർഷമാണ്​ കേരളത്തിൽ ഇപ്പോൾ നടക്കുന്നത്​. അവകാശത്തിനുവേണ്ടി നിലകൊള്ളുന്ന അയ്യപ്പഭക്തരെ സർക്കാർ മർദക ഉപാധിയിലൂടെ അടിച്ചമർത്തുന്നു. അടിയന്തരാവസ്ഥക്ക്​ തുല്യമായ അന്തരീക്ഷമാണിത്​. ആയിരക്കണക്കിന്​ ഭക്തരെ അറസ്​റ്റ്​ ചെയ്​ത്​ പൊതുമുത​ൽ നശിപ്പിച്ചതിന്​ ജാമ്യമില്ലാവകുപ്പനുസരിച്ച്​ കേസെടുത്തു. ഏത്​ പൊതുമുതലാണ്​ നശിപ്പിച്ചതെന്ന്​ സർക്കാർ പറയണം.

നടപ്പിലാവാത്തത്​ കോടതി പറയരുത്​
ആചാരങ്ങൾ മാറ്റംവരുത്താനും ദേവസ്വം ബോർഡിനെ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്താനുമാണ്​ സർക്കാർ​ ശ്രമിക്കുന്നത്​. ക്ഷേത്രങ്ങൾക്കെതിരായ സംഘടിതനീക്കമാണിത്​. സർക്കാറിന്​ ഇത്തരം നിർദേശം നൽകുന്ന കോടതികൾ നടപ്പിലാക്കാൻകഴിയുന്ന നിർദേശങ്ങൾ മ​ുന്നോട്ടുവെക്കണം. അപ്രായോഗിക നിർദേശങ്ങൾ പറയുന്നത്​ കോടതി അവസാനിപ്പിക്കണം.

വിശ്വാസികൾക്ക്​ മൗലികാവകാശമുണ്ട്​
ആർട്ടിക്കിൾ 14 അനുസരിച്ചാണ്​ സർക്കാർ ഇൗ അടിച്ചമർത്തൽ നടപടികളെടുക്കുന്നത്​​. എന്നാൽ, ഭരണഘടന 25, 26 വകുപ്പുകൾ പൗരന്​ ആഗ്രഹിക്കുന്ന ആചാരം വെച്ചുപുലർത്താൻ അവകാശം നൽകുന്നവയാണ്​. ഇൗ അവകാശം മറ്റൊരു അവകാശം വെച്ച്​ അടിച്ചമർത്തുകയാണ്​ കേരളസർക്കാർ ചെയ്യുന്നത്​. ഹിന്ദ​ു ആചാരങ്ങളിൽ എക്കാലത്തും സ്​ത്രീകൾക്ക്​ തുല്യപരിഗണനയുണ്ട്​. എല്ലാ അയ്യപ്പക്ഷേത്രങ്ങളിലും സ്​ത്രീകൾക്ക്​ പ്രവേശനമുണ്ട്​. ശബരിമലയിൽ മാത്രമാണ്​ ഒരു പ്രത്യേക ​പ്രായക്കാരായ സ്​ത്രീകൾക്ക്​ വിലക്കുള്ളത്​​.

തീക്കളി കളിക്കരുത്​
അനാചാരങ്ങൾ തടയുന്നതിന്​ ഹിന്ദുസമൂഹം എതിരല്ല. ബഹുഭാര്യത്വത്തിനെതിരായ നിയമം, വിധവവിവാഹം, ബാലികാവിവാഹം തുടങ്ങിയതെല്ലാം ഹിന്ദുസമൂഹത്തി​​​െൻറ പിന്തുണയോടെ നടപ്പിലാക്കുന്നവയാണ്​. പിണറായി ഒന്നോർക്കണം. അയ്യപ്പന്മാരെ വെച്ച്​ ഇപ്പോൾ കളിക്കുന്നത്​ തീക്കളിയാണ്​. കേരളത്തിൽ നടപ്പിലാക്കാൻ ഇനിയും കോടതിവിധികളുണ്ട്​. ജെല്ലിക്കെട്ട്​ വിധി നടപ്പിലാക്കാനുണ്ട്​. മുസ്​ലിം പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണ​ങ്ങൾ നടപ്പിലാക്കിയിട്ടില്ല. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരവുമായി ബന്ധപ്പെട്ട വിധി നടപ്പിലാക്കിയിട്ടില്ല. ഇങ്ങനെ പലതും നിലനിൽക്കു​േമ്പാൾ ശബരിമലയുടെ കാര്യത്തിൽമാത്രം എന്തിനാണ്​ ഇത്ര താൽപര്യം? പ്രളയത്തിൽപെട്ട്​ നശിച്ച്​ ദുരിതം പേറുന്നവർക്കുവേണ്ടി ചെയ്യാനുള്ളതൊന്നും സർക്കാർ ചെയ്യുന്നില്ലെന്നും അമിത്​ ഷാ പറഞ്ഞു.


പിണറായിയുടെ നാട്ടിൽ അമിത്​ ഷാ; കൊല്ലപ്പെട്ട പ്രവർത്തക​​​െൻറ വീട്​ സന്ദർശിച്ചു
തലശ്ശേരി: കേരളത്തിൽ സി.പി.എമ്മിനെതിരായ പടയൊരുക്കത്തി​​​െൻറ നേതൃത്വവുമായെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷൻ, മുഖ്യമന്ത്രി പിണറായി വിജയ​​​െൻറ ജന്മനാട്ടിലെത്തി. സി.പി.എം ആക്രമണത്തിൽ കൊല്ലപ്പെട്ട ആർ.എസ്​.എസ്​ പ്രവർത്തകരായ ഉത്തമൻ, മകൻ രമിത്ത്​ എന്നിവരുടെ വീട്​ സന്ദർശിക്കാനാണ്​ അമിത്​ ഷാ ഭാര്യയോടൊപ്പം പിണറായിയിൽ എത്തിയത്​. 15 മിനിറ്റോളം വീട്ടിൽ ചെലവഴിച്ച അമിത്​ ഷാ ഉത്തമ​​​െൻറ ഭാര്യയും രമിത്തി​​​െൻറ അമ്മയുമായ നാരായണിയോട്​ വിവരങ്ങൾ ചോദിച്ചറിഞ്ഞു.

‘‘എ​​​െൻറ ഭർത്താവിനെയും മകനെയും അവർ കൊന്നു. എനിക്ക്​ ഒരു കപ്പ്​ വെള്ളം തരാൻ പോലും ആരുമില്ല’’ -അമിത്​ ഷാക്ക്​ മുന്നിൽ നാരായണി വിതുമ്പി. അമിത്​ ഷായും ഭാര്യയും നാരായണിയെ ഷാളണിയിച്ചു. ഉച്ചക്ക്​ 2.25ഒാടെ എത്തിയ അമിത്​ ഷാ 15 മിനിറ്റോളം അവിടെ ചെലവഴിച്ചശേഷമാണ്​ മടങ്ങിയത്​. സി.പി.എം ശക്​തികേന്ദ്രമായ പിണറായി അമിത്​ ഷായുടെ സന്ദർശനത്തി​​​െൻറ ഭാഗമായി പൊലീസ്​ വലയത്തിലായിരുന്നു. 2002ലാണ്​ ഉത്തമൻ കൊല്ലപ്പെട്ടത്​. 2016 ഒക്​ടോബർ 12ന്​ രമിത്തും​ കൊലക്കത്തിക്ക്​ ഇരയായി.

കഴിഞ്ഞ വർഷം കുമ്മനം രാജശേഖരൻ നയിച്ച കേരളരക്ഷാ യാത്രയുടെ ഭാഗമായി അമിത്​ ഷാ പിണറായിയിൽ എത്തുമെന്ന്​ പ്രഖ്യാപിച്ചിരുന്നു. മകനെതിരെ ഉയർന്ന സാമ്പത്തിക ആരോപണവുമായി ബന്ധപ്പെട്ട്​ അമിത്​ ഷാ കണ്ണൂർ സന്ദർശനം വെട്ടിച്ചുരുക്കി മടങ്ങിയതിനാൽ അതു നടന്നില്ല. അതേത്തുടർന്ന്​ ബി.ജെ.പിക്കുണ്ടായ ക്ഷീണം തീർക്കുകയെന്ന ലക്ഷ്യത്തോടെയാണ്​ ​ സംസ്​ഥാന നേതൃത്വത്തി​​​െൻറ പ്രത്യേക താൽപര്യപ്രകാരം അമിത്​ ഷാ പിണറായിയിൽ എത്തിയത്​.

അജണ്ട വെളിപ്പെടുത്തി, വികാരം കത്തിച്ച്​ അമിത്​ ഷാ

കണ്ണൂർ: കേരളത്തിൽ ബി.ജെ.പി എന്താണ്​ ഉദ്ദേശിക്കുന്നതെന്ന്​ വ്യക്തതയോടെ പ്രഖ്യാപിക്കുന്നതാണ്​ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷായുടെ കണ്ണൂർ പ്രസംഗം. ‘സ്വാമിയേ, അയ്യപ്പാ’ വിളി​ക​ളോടെ അത്യന്തം വികാരപരമായി തുടങ്ങിയ പ്രസംഗത്തി​​​െൻറ ആദ്യവസാനം കേരളത്തിൽ ബി.ജെ.പി ശബരിമല വിഷയത്തിൽ ഇനിയും പലചുവടുകൾ മുന്നോട്ടുപോകുമെന്ന്​ പ്രഖ്യാപിക്കുന്നതായിരുന്നു. വിശ്വാസികളുടെ വികാരത്തെ അടിസ്ഥാനമാക്കിയുള്ള പ്ര​​ക്ഷോഭവും സർക്കാറിനെതിരായ രാഷ്​ട്രീയനീക്കവും ഒരേസമയം മുന്നോട്ടു​കൊണ്ടുപോകുമെന്ന സൂചനയാണ്​ അമിത്​ ഷാ നൽകിയത്​.

അമിത്​ ഷായുടെ സന്ദർശനത്തോടനുബന്ധിച്ച്​ തലേന്ന്​ കണ്ണൂരിൽ ഒത്തുകൂടിയ ബി.ജെ.പി കോർ കമ്മിറ്റി ശബരിമല വിഷയം ഉന്നയിച്ച്​ കാസർകോട്ടുനിന്ന്​ പമ്പയിലേക്ക്​ രഥയാത്ര നടത്തുന്നതുൾപ്പെടെയുള്ള സമരപരിപാടികൾ ആസൂത്രണം ചെയ്​തിട്ടുണ്ട്​. പഞ്ചായത്തുതലം മുതലുള്ള മറ്റ്​ പ്രചാരണപരിപാടികളും നടത്തും. മട്ടന്നൂരിൽ വിമാനമിറങ്ങി കണ്ണൂരിലേക്കുള്ള യാത്രാമധ്യേ ഇൗ വിവരം അമിത്​ ഷാക്ക്​ സംസ്ഥാനനേതൃത്വം കൈമാറി. അയ്യപ്പഭക്തരുടെ വികാരത്തെ പരമാവധി ഉപയോഗിച്ചുള്ള ​പ്രക്ഷോഭപരിപാടികളാണ്​ ബി.ജെ.പി ആസൂത്രണം ചെയ്​തിട്ടുള്ളത്​.

എൻ.എസ്​.എസ്​, ബി.ഡി.ജെ.എസ്​ തുടങ്ങിയ കക്ഷികളുമായി ചർച്ച ചെയ്​ത്​ അടുത്തദിവസംതന്നെ സമരം പ്രഖ്യാപിക്കാനുമാണ്​ തീരുമാനം. എൻ.ഡി.എയിൽ കേരളത്തിലുണ്ടായ ഉൾപ്പിരിവ്​ മറന്ന്​ എൻ.എസ്​.എസ്​, ബി.ഡി.ജെ.എസ്​ ശക്തികളെ ഒരുമിപ്പിച്ചുനിർത്തുന്നതി​​​െൻറ പ്രഖ്യാപനങ്ങൾ അമിത്​ ഷായുടെ പ്രസംഗത്തിൽ ഇടംപിടിച്ചത്​ അതി​​​െൻറ സൂചനയാണ്​.

അമിത്​ഷായുടെ പ്രസ്​താവന ഫെഡറൽ തത്വത്തിന്​ നിരക്കാത്തത്​ -സി.പി.എം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനെ താഴെയിറക്കുമെന്ന അമിത്‌ഷായുടെ പ്രസ്‌താവന ഫെഡറല്‍ തത്വത്തിന്‌ നിരക്കാത്തതാണെന്ന്‌ സി.പി.എം സംസ്ഥാന സെക്ര​േട്ടറിയറ്റ്‌. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ സംബന്ധിച്ചും ഭരണഘടനയെ സംബന്ധിച്ചും സംഘ്​പരിവാര്‍ പുലര്‍ത്തുന്ന തെറ്റായ കാഴ്‌ചപ്പാടാണ്‌ ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്‌. തങ്ങളുടെ ഇംഗിതങ്ങള്‍ക്കെതിരായി നില്‍ക്കുന്ന സര്‍ക്കാറുകളെ പിരിച്ചുവിടുമെന്ന പ്രഖ്യാപനം അവര്‍ മുന്നോട്ടുവെക്കുന്ന ഫാഷിസ്​റ്റ്​ പ്രവണതയുടെ ദൃഷ്‌ടാന്തമാണ്‌. ശബരിമലയിലെ സ്‌ത്രീപ്രവേശനം പോ​െല വിധികള്‍ സുപ്രീംകോടതി പുറപ്പെടുവിക്കരു​െതന്നാണ്‌ അമിത്‌ഷാ പറഞ്ഞിരിക്കുന്നത്‌.

ഇത്‌ കോടതിയെയും ഭരണഘടനയെയും നിയമവ്യവസ്ഥയെയും വെല്ലുവിളിക്കുന്നതാണ്‌. സുപ്രീംകോടതിയുടെ ഭരണഘടന ​െബഞ്ചി​​​െൻറ വിധി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ പിരിച്ചുവിടുമെന്ന ഭീഷണി സുപ്രീംകോടതിയേക്കാള്‍ മുകളിലാണ്‌ തങ്ങളുടെ സ്ഥാനമെന്ന പ്രഖ്യാപനത്തി​​​െൻറ ഭാഗവുമാണെന്നും പ്രസ്​താവനയിൽ പറയുന്നു. എതിര്‍ശബ്‌ദങ്ങളെ ഇല്ലാതാക്കുക എന്ന അജണ്ട കേരളത്തിലും നടപ്പാക്കാനുള്ള സംഘ്​പരിവാര്‍ ശ്രമത്തി​​െൻറ അവസാനത്തെ ഉദാഹരണങ്ങളിലൊന്നാണ്‌ സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനുനേരെ നടന്ന ആക്രമണവും തീവെപ്പുമെന്നും പ്രസ്‌താവനയിൽ പറഞ്ഞു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amith shakerala newssabarimala women entrymalayalam news
News Summary - Amith sha on sabarimala women entry-Kerala news
Next Story