‘കേരളത്തിൽ മതതീവ്രവാദത്തിന് തടയിട്ടത് മോദി സർക്കാർ, ബി.ജെ.പി ഇല്ലാതെ വികസനം സാധ്യമല്ല’; 2026ൽ അധികാരത്തിലെത്തുമെന്നും അമിത് ഷാ
text_fieldsബി.ജെ.പി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച വാർഡ് തല സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പാർട്ടി പ്രവർത്തകർ സ്വീകരിക്കുന്നു (ഫോട്ടോ: അരവിന്ദ് ലെനിൻ)
തിരുവനന്തപുരം: കേരളത്തിൽ മതതീവ്രവാദ രാഷ്ട്രീയത്തിന് തടയിട്ടത് കേന്ദ്രം ഭരിക്കുന്ന മോദി സർക്കാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച നടപടി ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷായുടെ പ്രസംഗം. പുത്തരിക്കണ്ടം മൈതാനിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“അഴിമതിയുടെ കാര്യത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ ഭായ് ഭായ് ബന്ധമാണ്. കഴിഞ്ഞ 11 വർഷമായി മോദി സർക്കാറിനെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളൊന്നും തെളിയിക്കാനായിട്ടില്ല. സി.പി.എം അണികളുടെയും ബി.ജെ.പി നാടിന്‍റെ വികസനവും ലക്ഷ്യമിടുന്നു. വികസിത കേരളത്തിനായി ബി.ജെ.പിയെ ജയിപ്പിക്കേണ്ട സമയമായി. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേരളത്തിൽ അധികാരത്തിലെത്തും.
കേരളത്തിൽ ബി.ജെ.പിയുടെ ഭാവി ശോഭനമാണ്. സർക്കാറുണ്ടാക്കാനാണ് 2026ൽ ബി.ജെ.പി മത്സരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ 25 ശതമാനത്തിന് മുകളിൽ വോട്ട് സംസ്ഥാനത്ത് ബി.ജെ.പി നേടും. ബി.ജെ.പി ഇല്ലാതെ വികസിത കേരളം ഉണ്ടാകില്ല” -അമിത് ഷാ പറഞ്ഞു. സ്വർണക്കടത്ത് ആരോപണം ആവർത്തിച്ച അമിത് ഷാ, പിണറായി വിജയൻ സ്റ്റേറ്റ് സ്പോൺസേർഡ് അഴിമതി നടത്തിയെന്നും ആരോപിച്ചു.
ബി.ജെ.പി ഇല്ലാതെ വികസിത കേരളം സാധ്യമാകില്ല. വിഴിഞ്ഞം പദ്ധതി ഉദാഹരണമാണ്. വന്ദേ ഭാരത് ട്രെയിനുകൾ വന്നതും കേന്ദ്രസർക്കാരിന്റെ ഇടപെടൽ കൊണ്ടാണ്. മോദി വികസിത കേരളം സാക്ഷാത്കരിക്കും. ഇന്ത്യയെ സുരക്ഷിത രാജ്യമാക്കി നരേന്ദ്ര മോദി മാറ്റി. അടുത്ത വർഷത്തോടെ രാജ്യം മാവോയിസ്റ്റ് മുക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാറിന്‍റെ വിവിധ പദ്ധതികൾ ഉയർത്തിക്കാട്ടി വികസനത്തെ കുറിച്ച് സംസാരിച്ച അമിത് ഷാ, 3700 കോടിയുടെ റെയിൽ വികസനം കേരളത്തിൽ നടക്കുന്നുവെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

