തിരുവനന്തപുരം: കേരള വനിത കമീഷൻ ആക്റ്റ് ഭേദഗതി സംബന്ധിച്ച നിർദേശങ്ങൾ കാലതാമസം കൂടാതെ സർക്കാരിന് സമർപ്പിക്കുമെന്ന് അധ്യക്ഷ അഡ്വ. പി. സതീദേവി. കരട് നിർദേശങ്ങൾ തയാറാക്കുന്നതിനുള്ള രണ്ടാംഘട്ട ചർച്ചക്കു ശേഷമാണ് ഇക്കാര്യം അധ്യക്ഷ അറിയിച്ചത്. പരാതിയിൻമേൽ കമീഷൻ എടുക്കുന്ന തീരുമാനങ്ങൾ ഫലപ്രദമായി എക്സിക്യൂട്ട് ചെയ്യാൻ കഴിയും വിധം ആക്റ്റിലെ വിവിധ സെക്ഷനുകൾ ഭേദഗതി ചെയ്ത് ശിക്ഷാധികാരങ്ങൾ, അധികാര പരിധികൾ, പരിഗണിക്കേണ്ട പരാതികളുടെ സ്വഭാവം തുടങ്ങിയ വിവിധ നിർദേശങ്ങളാണ് പരിഗണനയിലുള്ളതെന്നും പി. സതീദേവി വാർത്താകുറിപ്പിലൂടെ അറിയിച്ചു.
ഭേദഗതി ബില്ലിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങളെ സംബന്ധിച്ച് കേരള വനിത കമീഷൻ എറണാകുളം ഗവൺമെന്‍റ് ഗസ്റ്റ് ഹൗസ് ലൈബ്രറി ഹാളിലും ഗൂഗിൾ മീറ്റിലുമായി ഒരേ സമയം സംഘടിപ്പിച്ച വിദഗ്ധ സമിതി ചർച്ചയിൽ അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, ഡയറക്ടർ ജനറൽ ഓഫ് േപ്രാസിക്യൂഷൻ റ്റി.എ. ഷാജി, മുൻ നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, സുപ്രിംകോടതി അഭിഭാഷകൻ പി.വി. ദിനേഷ്, മുൻ ജയിൽ ഡി.ജി.പിയും വനിത കമീഷന്‍റെ പ്രഥമ ഡയറക്ടറുമായ ഡോ. അലക്സാണ്ടർ ജേക്കബ്, കമീഷൻ അംഗങ്ങളായ അഡ്വ. എം.എസ്. താര, ഇ.എം. രാധ, അഡ്വ. ഷിജി ശിവജി, ഷാഹിദ കമാൽ, മെമ്പർ സെക്രട്ടറി പി. ഉഷാറാണി, ഡയറക്ടർ ഷാജി സുഗുണൻ, ലോ ഓഫീസർ പി. ഗിരിജ എന്നിവർ പങ്കെടുത്തു. കേരള വനിതാ കമീഷന്‍റെ ഹൈകോടതിയിലെ സ്റ്റാൻഡിങ് കോൺസൽ എ. പാർവതി മേനോൻ കരട് നിർദേശങ്ങൾ അവതരിപ്പിച്ചു. ഈ വർഷം ജനുവരിയിലാണ് ആദ്യഘട്ട ചർച്ച നടന്നത്.