ജീവിത ദുരിതത്തിലും കലയെ കൈവിടാത്ത അമീൻ
text_fieldsഅമീൻ താജുദ്ദീൻ മാപ്പിളപ്പാട്ട് പരിശീലകൻ മുഹമ്മദ് റാഫിക്കൊപ്പം
തൃശ്ശൂർ: സാമ്പത്തിക പ്രതിസന്ധിയിൽ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കാത്തപ്പോഴും കലയെ കൈവിടാത്ത വിദ്യാർഥിയാണ് കൊല്ലം നിലമേൽ സ്വദേശിയായ അമീൻ താജുദ്ദീൻ. സംസ്ഥാന തലത്തിൽ മാപ്പിളപ്പാട്ടിലാണ് കടയ്ക്കൽ ജി.വി.എച്ച്.എസ്.എസിൽ പത്താം ക്ലാസിൽ പഠിക്കുന്ന അമീൻ ജേതാവായത്.
അമീൻ കുട്ടിയായിരുന്നപ്പോഴാണ് പിതാവ് താജുദ്ദീന്‍റെ അകാലത്തിലെ വിയോഗം. തുടർന്ന് മാതാവിനും രണ്ട് സഹോദരിമാർക്കും ഒപ്പമാണ് അമീന്‍റെ ജീവിതം മുന്നോട്ടുനീങ്ങിയത്. നാലര വയസ് മുതൽ വിദ്യാർഥി സംഗീതം അഭ്യസിക്കുന്നുണ്ട്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിലെ മത്സരങ്ങളിൽ ജഡ്ജ് ആയി എത്തിയ മാപ്പിളപ്പാട്ട് പരിശീലകനായ മുഹമ്മദ് റാഫിയാണ് അമീന്‍റെ കലാജീവിതത്തിൽ വഴിത്തിരിവായത്.
മലയാളം പദ്യം ചൊല്ലൽ, ശാസ്ത്രീയ സംഗീതം, ലളിതഗാനം, കഥകളി സംഗീതം എന്നിവയിലെ അമീന്‍റെ മികച്ച പ്രകടനമാണ് റാഫി മാഷ് ശ്രദ്ധിക്കാൻ ഇടയാക്കിയത്. തുടർന്ന് റാഫി മാഷ് പ്രതിഫലം വാങ്ങാതെ മലപ്പുറത്ത് നിന്ന് കൊല്ലത്തെത്തി അമീനെ മാപ്പിളപ്പാട്ട് പരിശീലിപ്പിച്ചു. തുടർന്ന് ഉപജില്ല, ജില്ല തലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് അമീൻ സംസ്ഥാന സ്കൂൾ കലോത്സവത്തിന് എത്തിയത്.
പ്രശസ്ത മാപ്പിള കവി ബദറുദ്ദീൻ പാറന്നൂരിന്‍റെ 'സീറത്തുന്നബവിയ്യ' എന്ന കൃതിയിലെ പ്രവാചകൻ മുഹമ്മദ് നബിയുടെ ഹിജ്റ ചരിത്രത്തിൽ നിന്നും സാദിക് പന്തല്ലൂർ ഈണം നൽകിയ ഗാനമാണ് സംസ്ഥാന കലോത്സവത്തിനായി മുഹമ്മദ് റാഫി പരിശീലിപ്പിച്ചത്.
സംസ്ഥാന തലത്തിൽ മാപ്പിളപ്പാട്ട് കൂടാതെ, കഥകളി സംഗീതത്തിലും അമീൻ മത്സരിക്കുന്നുണ്ട്. കഥകളി സംഗീത മത്സരം 17ന് നടക്കും. കഥകളി സംഗീതത്തിൽ കലാഭാരതി ബിജു നാരായണനും ശാസ്ത്രീയ സംഗീതത്തിൽ ബാബു നരേന്ദ്രനുമാണ് പരിശീലകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

