അമീബിക് മസ്തിഷ്കജ്വരം; ഉറവിടം കണ്ടെത്താൻ പഠനം
text_fieldsതിരുവനന്തപുരം: തർക്കങ്ങൾ അവസാനിപ്പിച്ച് അമീബിക് മസ്തിഷ്കജ്വരത്തിന്റെ ഉറവിടം കണ്ടെത്താൻ ആരോഗ്യ വകുപ്പ് പഠനം നടത്തുന്നു. ഐ.സി.എം.ആർ ഉൾപ്പെടെ ഗവേഷണ സ്ഥാപനങ്ങളുമായി ചേർന്നാണ് പഠനം. ഇതിനുള്ള പ്രാഥമിക രൂപരേഖ തയാറായി. ആരോഗ്യ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡേക്കാണ് ഏകോപന ചുമതല.
ചെന്നൈ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി, ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ചണ്ഡിഗഢ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്, പുതുച്ചേരി എ.വി.എം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായി സഹകരിച്ച് പഠനങ്ങൾ നടത്താനാണ് ശ്രമം.
രോഗം വ്യാപിക്കുമ്പോഴും ഉറവിടം കണ്ടെത്തുന്നതിൽ ആരോഗ്യ വകുപ്പ് പരാജയപ്പെട്ടെന്ന് ആരോപണമുയർന്നിരുന്നു. ചില ഡോക്ടർമാരെ കേന്ദ്രീകരിച്ച് അവർ പറയുന്നത് മാത്രം വിശ്വസിച്ചാണ് അധികൃതർ മുന്നോട്ടുപോകുന്നതെന്ന് വിമർശനമുണ്ട്. അമീബ സാന്നിധ്യം സംശയിക്കുന്ന വെള്ളം കൾച്ചർ ചെയ്യുന്നതിൽ പോലും വീഴ്ചയുണ്ടെന്ന് മൈക്രോബയോളജിസ്റ്റുകൾ പറയുന്നു. ആദ്യഘട്ടത്തിലെ രോഗബാധക്ക് കാരണമായ അമീബയല്ല ഇപ്പോഴത്തേതിന് കാരണം. നെഗ്ലേരിയ ഫൗളേരി അമീബകളിൽനിന്നുണ്ടാകുന്ന പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസാണ് ആദ്യം കണ്ടിരുന്നത്. ഇപ്പോൾ ഗ്രാനുലോമാറ്റസ് അമീബിക് എൻസെഫലൈറ്റിസിന്റെ തുടക്കത്തിലുള്ള സബ് അക്യൂട്ട് മെനിഞ്ചോ എൻസെഫലൈറ്റിസാണ്. നേരത്തെ മലിനജലത്തിൽ മുങ്ങിക്കുളിക്കുമ്പോൾ നെഗ്ലേരിയ ഫൗളേരി അമീബ മൂക്കിലൂടെ തലച്ചോറിലെത്തിയാണ് രോഗം ബാധിച്ചിരുന്നത്. ഇപ്പോൾ തൊലിപ്പുറത്തെ മുറിവുകളിലൂടെ രക്തത്തിൽ കലർന്ന് തലച്ചോറിലെത്തുന്ന അകാന്തമീബ, ബാലമുത്തിയ തുടങ്ങിയ അമീബകളാണ് രോഗകാരി. കോളിഫോം ബാക്ടീരിയ കൂടുതലുള്ള വെള്ളത്തിൽ ഇത്തരം അമീബകളുടെ സാന്നിധ്യവും കൂടുതലാണെന്നും കൃത്യമായ ഓവുചാൽ സംവിധാനമില്ലാത്തതും സെപ്റ്റിക് ടാങ്കുകളിൽനിന്നുള്ള വെള്ളം കിണറുകളിൽ കലരാൻ ഇടയാകുന്നതും അപകടകരമാണെന്നും ഡോക്ടർമാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

