അമീബിക് മസ്തിഷ്കജ്വരം; രോഗവ്യാപനത്തിൽ ആശങ്ക, ഉറവിടം അജ്ഞാതം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം പടരുമ്പോഴും ഉറവിടം ഇപ്പോഴും അജ്ഞാതം. തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്ത രണ്ട് കേസുകളിൽ നടത്തിയ സാമ്പിൾ പരിശോധനയിൽ ജലഅതോറിറ്റിയുടെ വെള്ളം ശേഖരിച്ച ടാങ്കിൽ രോഗത്തിന് കാരണമാകുന്ന അമീബയെ കണ്ടെത്തി. എന്നാൽ, രോഗം ബാധിച്ചവരിൽനിന്ന് ശേഖരിച്ച സമ്പിൾ പരിശോധനയിൽ കണ്ടെത്തിയത് രോഗത്തിന് കാരണമാകുന്ന മറ്റൊരിനം അമീബയെയാണ്. ഇതാണ് ആരോഗ്യവകുപ്പിനെ കുഴക്കുന്നത്.
സംസ്ഥാനത്ത് ഒന്നര മാസത്തിനിടെ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് 15 മരണം റിപ്പോർട്ട് ചെയ്തു. കൊല്ലം സ്വദേശിയാണ് തിങ്കളാഴ്ച മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം കൊല്ലം സ്വദേശിയായ 48 കാരിയും മരിച്ചു. 12 ദിവസത്തിനിടെ നാലുപേരാണ് മരിച്ചത്. 12പേർ ചികിത്സയിലുണ്ട്. ഈ വർഷം ഒക്ടോബർ 12 വരെ 24 പേർ മരിച്ചെന്നാണ് കണക്ക്. തിങ്കളാഴ്ച രണ്ട് കുട്ടികൾക്കുകൂടി രോഗം സ്ഥിരീകരിച്ചു.
പാലക്കാട് കൊടുമ്പ് പഞ്ചായത്തില് 62കാരന് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചു. തൃശൂർ മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനായി പ്രദേശത്തെ അഞ്ച് ജലസ്രോതസുകളിലെ സാമ്പിൾ പരിശോധനക്ക് അയച്ചു.
തലച്ചോറിനെ ബാധിക്കുന്ന അപൂർവവും ഗുരുതരവുമായ രോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം. ജലത്തിൽ കാണപ്പെടുന്ന നെഗ്ലേറിയ ഫൗളേറി എന്ന അമീബയാണ് രോഗത്തിന് പ്രധാന കാരണം. മലിനമായ കുളങ്ങളിലോ, പുഴകളിലോ, കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളിക്കുമ്പോൾ അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കും. ഇത് പിന്നീട് തലച്ചോറിലെത്തി അണുബാധയുണ്ടാക്കുന്നെന്നാണ് കണ്ടെത്തൽ. 97 ശതമാനത്തിലധികമാണ് മരണനിരക്ക്. രോഗം മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

