ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം; മൂന്നര മാസത്തിനിടെ മരിച്ചത് 15 പേർ
text_fieldsപാലക്കാട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഈ വർഷം ഇതുവരെ മരിച്ചത് 15 പേർ. 83 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഏപ്രിൽ 12 വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കാണിത്.
ഈ മാസം 12 വരെ മാത്രം 11 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാൾ മരിക്കുകയും ചെയ്തു. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ യുവാവാണ് മരിച്ചത്. ഇദ്ദേഹത്തിന് നേരത്തെ ലിംഫോമ എന്ന തരം കാൻസർ ഉണ്ടായിരുന്നതിനാൽ തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലായിരുന്നു. രോഗബാധ എവിടെ നിന്നാണ് ഉണ്ടായതെന്ന് കണ്ടെത്തിയിട്ടില്ലെന്ന് പാലക്കാട് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. തിരുവനന്തപുരത്തുനിന്നാണ് ഇതിന്റെ ഫലം വരേണ്ടത്. ഏപ്രിൽ എട്ടിനാണ് യുവാവ് മരിച്ചത്.
രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 14കാരൻ ശനിയാഴ്ചയും മരിച്ചു. പാലക്കാട് കുഴൽമന്ദം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള 14കാരനെ തൃശൂരിലേക്ക് റഫർ ചെയ്തിരുന്നു. എന്നാൽ, പരിശോധനാ ഫലം ലഭിക്കാത്തതിനാൽ അമീബിക് മസ്തിഷ്ക ജ്വരം കാരണമാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല. അവധിക്കാലമായതിനാൽ കുട്ടികൾ കുളങ്ങൾ ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ കുളിക്കാനും കളിക്കാനുമുള്ള സാധ്യത കൂടുതലാണ്. അമീബിക് സാന്നിധ്യം ഉണ്ടെങ്കിൽ അവ വെള്ളത്തിലൂടെ കുട്ടികളുടെ ശരീരത്തിലേക്ക് പ്രവേശിക്കാനും സാധ്യതയുണ്ട്.
ഈ സാഹചര്യത്തിൽ കുട്ടികളെ കുളങ്ങളിലും മറ്റും വിടരുതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ നിർദേശിച്ചു. ആരോഗ്യ വകുപ്പിന്റെ കണക്കുപ്രകാരം 2025ൽ സംസ്ഥാനത്താകെ 201 പേർക്കാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചത്. ഇതിൽ 47 പേർ മരിച്ചു. ഇതിൽ ചെറിയ കുട്ടികൾ മുതൽ വയോധികർ വരെ ഉൾപ്പെടും. പല കേസുകളിലും ഇപ്പോഴും കൃത്യമായ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

