ആംബുലൻസ് നിരക്ക് ഏകീകരിക്കാൻ നടപടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ആംബുലൻസ്നിരക്ക് ഏകീകരിക്കുന്നതിനായി മോട്ടോർവാഹനവകുപ്പ് നടപടി തുടങ്ങി. പലയിടങ്ങളിലും മാനദണ്ഡങ്ങൾ പാലിക്കാതെ കൂടിയ നിരക്ക് വാങ്ങുന്നുവെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് നീക്കം.
നിരക്ക് നിശ്ചയിക്കലിന് മുന്നോടിയായി സംസ്ഥാനവ്യാപകമായി സർവേ നടത്തി. മരണം, അപകടം തുടങ്ങിയ അത്യാഹിതസാഹചര്യങ്ങളിലാണ് ആംബുലൻസുകളെ ആശ്രയിക്കുന്നതെന്നതിനാൽ ആരും വിലപേശലിനോ തർക്കത്തിനോ മുതിരാറില്ല. ഇൗ അനുകൂലസാഹചര്യം മുതലാക്കിയാണ് പലരും അമിതഫീസ് വാങ്ങുന്നത്. ആംബുലൻസുകളുടെ നിരക്ക്ഏകീകരണം സംബന്ധിച്ച് സംസ്ഥാന ഫെയർ റിവിഷൻ കമ്മിറ്റിയുടെയും നിർദേശമുണ്ട്. ആംബുലന്‍സുകളുടെ വാടക നിശ്ചയിക്കുന്നത് മുതല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നിടത്ത് വരെ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തമാണ്.
സംസ്ഥാനത്തെ മുഴുവൻ ആംബുലൻസുകളുടെയും വിവരങ്ങൾ ശേഖരിച്ച് സൗകര്യങ്ങളുടെയും നൽകുന്ന സേവനത്തിെൻറയും അടിസ്ഥാനത്തിൽ വിവിധ ക്ലാസുകളായി തിരിച്ചാണ് നിരക്ക് നിർണയിക്കുക. റീജനൽ ട്രാൻസ്പോർട്ട്-സബ് റീജനൽ ട്രാൻസ്പോർട് ഓഫിസുകൾക്കായിരുന്നു സർവേയുടെ മേൽനോട്ടം.
വാഹനത്തിെൻറ ഉടമസ്ഥത, ഏതെല്ലാം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു, ഓട്ടം കിട്ടുന്ന വിധം, ചാർജ് നിശ്ചയിക്കുന്നവിധം, പ്രതിദിനം ലഭിക്കുന്ന സർവിസുകളുടെ എണ്ണവും കലക്ഷനും, പ്രതിമാസം ആംബുലൻസിൽനിന്നുള്ള വരുമാനം, ആംബുലൻസിലുള്ള സൗകര്യങ്ങൾ, നൽകുന്ന സേവനങ്ങൾ തുടങ്ങിയവയാണ് സർവേയിൽ ആരാഞ്ഞിരുന്നത്. നിലവിൽ കിലോമീറ്ററിന് കൂടിയ തുക ഇൗടാക്കുന്നതിനുപുറമെ വെയിറ്റിങ് ചാർജ്, മറ്റ് ചെലവ്, മടക്കയാത്ര എന്നിവയുടെയെല്ലാം പേരിൽ തുക വാങ്ങുന്നുണ്ടെന്നാണ് പരാതി.
സർക്കാർ നിരക്കനുസരിച്ച് സർവിസ് നടത്താൻ തയാറുള്ള ആംബുലൻസുകൾ മാത്രം സർക്കാർ ആശുപത്രികൾക്ക് സമീപം നിർത്തിയിട്ടാൽ മതിയെന്ന നിർദേശവും പരിഗണനയിലാണ്. ആംബുലൻസുകളുടെ പ്രവര്‍ത്തനം ഏകോപിക്കൽ ലക്ഷ്യമിട്ട് മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസിെൻറ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന 2016ൽ സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മുഴുവന്‍ ആംബുലന്സുകെളയും ഒറ്റ ഫോണ്‍ നമ്പറില്‍ കോര്‍ത്തിണക്കൽ, ബേസിക് ലൈഫ് സപ്പോര്‍ട്ടിങ് സംവിധാനങ്ങള്‍ സജ്ജമാക്കൽ തുടങ്ങി നിരവധി ശാസ്ത്രീയമായ നിര്‍ദേശങ്ങളടങ്ങിയ റിപ്പോർട്ട് സർക്കാർ ഇനിയും പരിഗണിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
