തെളിവെടുപ്പിനിടെ അഖിലിന് നേരെ കല്ലേറും അസഭ്യവർഷവും
text_fieldsവെള്ളറട (തിരുവനന്തപുരം): രാഖി വധക്കേസിൽ മുഖ്യപ്രതി അഖിലിനെ അമ്പൂരിയിലെത്തിച്ച് തെളിവെടുത്തു. തിങ്കളാഴ്ച ഉ ച്ചയോടെ രാഖിയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്തെത്തിച്ചായിരുന്നു തെളിവെടുപ്പ്. എന്നാൽ, സ്ത്രീകളടക്കമുള്ള നാട ്ടുകാരുടെ ശക്തമായ പ്രതിഷേധത്തെതുടർന്ന് നടപടികൾ പാതിവഴിയിൽ ഉപേക്ഷിച്ച് പൊലീസിന് മടങ്ങേണ്ടിവന്നു. തെളിവെടുപ ്പിനിടെ അഖിലിനെ നാട്ടുകാരിൽ ചിലർ കല്ലെറിഞ്ഞത് സംഘർഷത്തിനിടയാക്കി. ഇതോടെ ഇവരെ പിന്തിരിപ്പിക്കാൻ പൊലീസിന് ല ാത്തിവീശേണ്ടിവന്നു.
രാഖിയെ കാറിൽ കയറ്റിയ നെയ്യാറ്റിൻകരയിൽനിന്നാണ് തിങ്കളാഴ്ച രാവിലെ തെളിവെടുപ്പ് നടപടികൾ തുടങ്ങിയത്. തുടർന്ന് ഉച്ചക്ക് 12ഓടെ ഇയാളെ തട്ടാൻമുക്കിലെ വീട്ടിലെത്തിച്ചു. അഖിലിനെ കൊണ്ടുവരുന്നതറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേരാണ് വീടിന് സമീപം കാത്തുനിന്നത്. അഖിലുമായി പൊലീസ് വാഹനം എത്തിയതോടെ രോഷാകുലരായ ജനക്കൂട്ടം പൊലീസിനുനേരെ തിരിഞ്ഞു. രാഖിമോളുടെ കൊലപാതകത്തിൽ അഖിലിെൻറ മാതാപിതാക്കൾക്ക് പങ്കുണ്ടെന്നും അവരെക്കൂടി അറസ്റ്റ് ചെയ്തശേഷം മതി തെളിവെടുപ്പെന്നും ആക്രോശിച്ചാണ് ജനക്കൂട്ടം നെയ്യാറ്റിൻകര ഡിവൈ.എസ്.പിയെയും സംഘത്തെയും തടഞ്ഞത്.
കുറ്റം ചെയ്തവർ ആരും രക്ഷപ്പെടില്ലെന്നും ഇപ്പോൾ തെളിവെടുപ്പിന് സഹകരിക്കണമെന്നും ഡിവൈ.എസ്.പി അനിൽകുമാർ പറഞ്ഞെങ്കിലും പിന്തിരിയാൻ നാട്ടുകാർ തയാറായില്ല. തുടർന്ന്, വെള്ളറട സി.ഐ ബിനു, പൂവാര്‍ സി.ഐ രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ വൻ സുരക്ഷ തീർത്താണ് അഖിലിനെ വീട്ടിലേക്ക് കയറ്റിയത്. ആദ്യം രാഖിയുടെ മൃതദേഹം മറവുചെയ്ത കുഴിയുടെ മുന്നിലായിരുന്നു തെളിവെടുപ്പ്. കൃത്യം പൊലീസിനോട് വിശദീകരിക്കുമ്പോഴും കൂക്കിവിളിയും അസഭ്യവർഷവുമായി നാട്ടുകാരിൽ ചിലരും പൊലീസിെൻറ പിന്നാലെ കൂടി. പിന്നീട് കൃത്യം നടത്തിയതിനുശേഷം പ്രതികൾ ദേഹശുദ്ധി വരുത്തിയ പൈപ്പിൻ ചുവട്ടിലെത്തി. ഇവിടെനിന്ന് തിരികെ വീട്ടിലേക്ക് കയറുന്നതിനിടയിലാണ് നാട്ടുകാരുടെ ഭാഗത്തുനിന്ന് കല്ലേറുണ്ടായത്. ഇതോടെ പൊലീസ് ലാത്തിവീശി ഇവരെ വിരട്ടിയോടിക്കുകയായിരുന്നു.
തെളിവെടുപ്പ് തടസ്സപ്പെടുത്തരുതെന്ന് അഭ്യർഥിച്ചിട്ടും പലപ്പോഴും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിന് കഴിഞ്ഞില്ല. സംഭവം നടക്കുമ്പോൾ അഖിലിെൻറ പിതാവ് മണിയനടക്കമുള്ളവർ വീട്ടിനുള്ളിലുണ്ടായിരുന്നു. പ്രതിഷേധം ഭയന്ന് ഇവർ പുറത്തിറങ്ങിയില്ല. രാഖിയുടെ കഴുത്തിൽ മുറുക്കിയ കയര്‍ എടുത്തുനൽകാമെന്ന് പറഞ്ഞ അഖിലിെൻറ കൈവിലങ്ങുകൾ പൊലീസ് അഴിച്ചുമാറ്റിയെങ്കിലും പ്രതിഷേധം കനത്തതോടെ തൊണ്ടിമുതൽ എടുക്കാനാകാതെ മടങ്ങുകയായിരുന്നു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അഖിലിനെയും സഹോദരൻ രാഹുലിനെയും കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വിട്ടുകിട്ടുന്നതിനായി പൊലീസ് ചൊവ്വാഴ്ച നെയ്യാറ്റിൻകര കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
