അംബേദ്കർ സ്റ്റേഡിയത്തിലെ കൊലപാതകം: പ്രതിയിലേക്ക് എത്തിയത് പഴുതടച്ച അന്വേഷണത്തിലൂടെ
text_fieldsകൊച്ചി: എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിനുള്ളിൽ യുവാവ് കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതി പിടിയിലായത് പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിലൂടെ. രാത്രി ഈ ഭാഗത്ത് തമ്പടിക്കുന്ന ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ള ആളുകളെ ചുറ്റിപ്പറ്റിയായിരുന്നു ആദ്യ അന്വേഷണം. പിന്നീട് സ്റ്റേഡിയത്തിന് ചുറ്റുമുള്ള കാമറകളുടെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ആ ഭാഗത്തു സഞ്ചരിച്ച വാഹനങ്ങളും പരിശോധിച്ചു. നൂറിലധികം വാഹനങ്ങളുടെയും ആളുകളുടെയും വിവരങ്ങളാണ് ഇതിനായി ശേഖരിച്ചത്.
അവസാനം ലഭിച്ച ഒരു വിഡിയോയിൽനിന്നാണ് സംശയകരമായ ദൃശ്യം ലഭിച്ചത്. ഇതുസംബന്ധിച്ച അന്വേഷണത്തിലാണ് തൃശൂരിലുള്ള പ്രതിയുടെ വീട് കണ്ടെത്തിയത്. ഇതിനിടെ പ്രതി ഫോൺ ഓഫാക്കി മുങ്ങിയിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ഫോൺ വിവരങ്ങൾ ശേഖരിച്ചു. പ്രതി കർണാടകയിലേക്ക് കടന്നതായി വ്യക്തമാവുകയും ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇയാൾ ചിക്കമംഗ്ലൂരിൽ തോട്ടത്തിൽ ജോലി നോക്കുന്നതായി അറിഞ്ഞു.
1000 ഏക്കറുള്ള തോട്ടത്തിൽനിന്ന് ഇയാളെ പിടിക്കുക ദുഷ്കരമാണെന്ന് വ്യക്തമായതോടെ കൂടെയുള്ള ആളിന്റെ ഫോൺ നമ്പർ കണ്ടെത്തി. അയാളുടെ സുഹൃത്ത് വഴി പ്രതിയെ ബന്ധപ്പെട്ടു. ലോറി ഡ്രൈവറായി ജോലിയുണ്ടെന്നും 1500 രൂപ പ്രതിദിനം ലഭിക്കുമെന്നും അറിയിച്ച് തന്ത്രപൂർവം വലയിലാക്കുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.
എറണാകുളം സിറ്റി പൊലീസ് കമീഷണർ സേതുരാമൻ, ഡെപ്യൂട്ടി പൊലീസ് കമീഷണർ എസ്. ശശിധരൻ എന്നിവരുടെ നിർദേശപ്രകാരം എറണാകുളം സെൻട്രൽ കമീഷണർ ജയകുമാർ, സെൻട്രൽ സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. വിജയശങ്കർ എന്നിവരുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ജോസി, പ്രദീപ്, മണി, അനിൽകുമാർ, ഇ.എം. ഷാജി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടി.കെ. അനീഷ്, ഉണ്ണികൃഷ്ണൻ, അജിലേഷ്, വിനീത്, ഇഗ്നേഷ്യസ്, വിനോദ്, ദിലീപ്, മനോജ് സിവിൽ പൊലീസ് ഓഫിസർമാരായ ഉണ്ണികൃഷ്ണൻ, ഷിഹാബ്, സനീപ് എന്നിവർ അടങ്ങുന്നതായിരുന്നു പ്രത്യേക അന്വേഷണസംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

