Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമ്പായത്തോട് ഫ്രഷ്...

അമ്പായത്തോട് ഫ്രഷ് കട്ട് സംഘർഷം; ഡി.വൈ.എഫ്.ഐ നേതാവ് ഒന്നാം പ്രതി

text_fields
bookmark_border
അമ്പായത്തോട് ഫ്രഷ് കട്ട് സംഘർഷം; ഡി.വൈ.എഫ്.ഐ നേതാവ് ഒന്നാം പ്രതി
cancel

താമരശ്ശേരി: അമ്പായതോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന കോഴിഅറവ് മാലിന്യ സംസ്കരണ കേന്ദ്രമായ ഫ്രഷ് കട്ട് പ്ലാൻറിനെതിരായ ജനകീയസമരത്തെ തുടർന്നുണ്ടായ സംഘർഷത്തില്‍ ഡി.വൈ.എഫ്‌.ഐ നേതാവ് ഉള്‍പ്പെടെ 320 ഓളം പേർക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു. ബ്ലോക്ക് പഞ്ചായത്തംഗവും ഡി.വൈ.എഫ്‌.ഐ കൊടുവള്ളി ബ്ലോക്ക് സെക്രട്ടറിയുമായ ടി. മെഹറൂഫാണ് ഒന്നാം പ്രതി.

വധശ്രമം, കലാപം അഴിച്ചുവിടൽ, വഴിതടയല്‍, അന്യായമായി സംഘം ചേരല്‍, സ്വത്ത് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും താമരശ്ശേരി ഡിവൈ.എസ്.പി ചന്ദ്രമോഹൻ പറഞ്ഞു.

അതിനിടെ, സംഘർഷത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു. കൂടത്തായി, അമ്പലമുക്ക്, ചുടലമുക്ക്, കരിമ്പാലകുന്ന് എന്നിവിടങ്ങളിലെ നിരവധി വീടുകളിൽ പൊലീസ് പ്രതികളെ തേടിയെത്തിയതായി സമരസമിതി ഭാരവാഹികൾ പറഞ്ഞു. എന്നാൽ, പൊലീസ് സംശയിക്കുന്ന മിക്ക വീടുകളിലും സ്ത്രീകളും കുട്ടികളും മാത്രമാണുള്ളത്. സമരത്തിൽ പങ്കെടുത്തവർ അറസ്റ്റ് ഭയന്ന് ബന്ധുവീടുകളിലേക്കും മറ്റും മാറിയതായാണ് പൊലീസ് സംശയിക്കുന്നത്.


ഫ്രഷ് കട്ട് വിരുദ്ധ സമരക്കാരെ പൊലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താലിനെ തുടർന്ന് കൂടത്തായി ടൗണിൽ കടകൾ അടഞ്ഞുകിടക്കുന്നു

താമരശ്ശേരി പൊലീസ് ഇതുവരെ 12 എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തതായുംഅടുത്ത ദിവസങ്ങളിൽ അറസ്റ്റുണ്ടാകുമെന്നും ഡിവൈ.എസ്.പി പറഞ്ഞു. കണ്ണൂർ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര, അഡീഷനൽ എസ്.പി. ചന്ദ്രൻ എന്നിവർ താമരശ്ശേരിയിൽ ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്.

ഫ്രഷ് കട്ട് മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ ഒരു വിഭാഗം സമരക്കാരുടെ നേതൃത്വത്തില്‍ ആസൂത്രിത ആക്രമണമാണ് ചൊവ്വാഴ്ച നടന്നതെന്നാണ് പൊലീസ് പറയുന്നത്. ഫ്രഷ് കട്ട് പ്ലാന്റിനു സമീപത്തെ സ്ഥിരം സമരപരിപാടികൾ നടത്തുന്ന സ്ഥലത്ത് സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുമ്പോഴാണ് മറ്റൊരു സംഘം മാലിന്യ സംസ്കരണ കേന്ദ്രത്തിന്‍റെ അകത്ത് കയറി വാഹനങ്ങള്‍ക്കും ഫാക്ടറിക്കും തീയിട്ടതെന്നും വലിയ ആസൂത്രണം സംഘർഷത്തിന് പിന്നിലുണ്ടെന്നുമാണ് പൊലീസിന്റെ വാദം.

സി.സി ടി.വി കാമറകള്‍ നശിപ്പിച്ച സംഘം കൈയിൽ കരുതിയ പെട്രോൾ ഉപയോഗിച്ചാണ് വാഹനങ്ങളുടെ ഇന്ധന ടാങ്കുകളിലേക്ക് തീ എറിഞ്ഞതെന്നും അണക്കാൻ പുറപ്പെട്ട അഗ്നിരക്ഷാ സേനയെ പ്രതിഷേധക്കാർ വഴിയില്‍ തടഞ്ഞതുമെല്ലാം തികഞ്ഞ ആസൂത്രണം നടന്നതിന് തെളിവാണെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. പ്ലാൻറിനു തീ പിടിക്കുമ്പോൾ 15 ഓളം തൊഴിലാളികള്‍ ഫാക്ടറിക്കകത്ത് ഉണ്ടായിരുന്നു. പിന്നീട് പൊലീസും അഗ്നിരക്ഷാ സേനയും എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. തീയിട്ട ഫ്രഷ് കട്ട് പ്ലാൻറും പരിസരവും അഡീഷനൽ എസ്.പി ചന്ദ്രൻ, തലശ്ശേരി എ.സി.പി കിരൺ, താമരശ്ശേരി ഡിവൈ.എസ്.പി ചന്ദ്രമോഹൻ എന്നിവർ പരിശോധിച്ചു.

ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ നടന്ന ആക്രമണത്തില്‍ ഏഴ് കണ്ടെയ്നർ ലോറികളടക്കം 11 വാഹനങ്ങൾ കത്തി നശിച്ചതായും ഫാക്ടറികളിലെ യന്ത്രസംവിധാനങ്ങൾ അടക്കം കത്തിനശിച്ചതിനാൽ കോടികളുടെ നാശനഷ്ടങ്ങളുണ്ടായതായും ഫ്രഷ് കട്ട് എം.ഡി. പൊലീസിൽ മൊഴി നൽകി.

അതേസമയം, സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹർത്താല്‍ കൂടത്തായി, മൈക്കാവ്, കുടുക്കിലുമ്മാരം, കരിമ്പാലകുന്ന് പ്രദേശങ്ങളിൽ പൂർണമായിരുന്നു. അക്രമ സംഭവങ്ങളിൽ പൊലീസാണ് ഒന്നാം പ്രതിയെന്നാണ് പ്രദേശവാസികളുടെ വാദം. പ്രകോപനമൊന്നുമില്ലാതെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. സമാധാനപരമായി നടക്കുന്ന സമരത്തിനിടയിൽ പൊലീസ് സൂപ്രണ്ട് അടക്കമുള്ളവർ എത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും അവർ കുറ്റപ്പെടുത്തി.

കോഴി മാലിന്യ സംസ്കരണ കേന്ദ്രത്തിൽനിന്നുള്ള അസഹനീയമായ ദുർഗന്ധത്തിനും പുഴയും ജലാശയങ്ങളും മലിനമാക്കുന്നതിനുമെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന സമരമാണ് ചൊവ്വാഴ്ച സംഘർഷത്തിലും പൊലീസുകാർക്കടക്കം നിരവധി പേർക്ക് പരിക്കേൽക്കുന്നതിലും കലാശിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police arrestThamarasseryDYFI leaderfresh cut protest
News Summary - Ambayathodu Fresh Cut clash; DYFI leader is the prime accuse
Next Story