തൃശൂരില്‍ യുവതിയെ തീവെച്ച് കൊന്ന ഭർത്താവ് പിടിയിൽ
text_fieldsആമ്പല്ലൂര്‍: നാട്ടുകാർ നോക്കി നിൽക്കെ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിൽ. കുണ്ടുകടവ് പയ്യപ്പിള്ളി ബിരാജുവാണ് മുബൈയിലെ ബന്ധുവീട്ടിൽ നിന്ന് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചക്കാണ് ഭാര്യ ജീതു(29)വിനെ ബിരാജു തീകൊളുത്തിയത്. ദേഹമാസകലം പൊള്ളലേറ്റ നിലയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ജീതു മരിച്ചത്.
കൃത്യം നടത്തിയ ശേഷം മറ്റൊരാളുടെ ബൈക്കില്‍ പാലക്കാെട്ടത്തിയ ഇയാള്‍ ട്രെയിനിൽ കയറി മുംബൈയിലേക്ക് കടക്കുകയായിരുന്നു. ഇയാള്‍ എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് വീട്ടില്‍നിന്ന് കണ്ടെത്തിയിരുന്നു. പുതുക്കാട് എസ്.ഐ ആർ. സുജിത്ത്കുമാറിെൻറ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. വ്യാഴാഴ്ച മുംബൈയിലെ കോടതിയിൽ ഹാജരാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് അന്വേഷണ ചുമതലയുള്ള പുതുക്കാട് സി.ഐ എസ്.പി. സുധീരന് അറിയിച്ചു.
കുടുംബ വഴക്കിനെ തുടർന്ന് ഒരു മാസത്തിലേറെയായി വെള്ളിക്കുളങ്ങര മോനൊടിയിലെ സ്വന്തം വീട്ടിലാണ് ജീതു കഴിഞ്ഞിരുന്നത്. കുടുംബശ്രീയില്‍നിന്ന് എടുത്ത വായ്പ തിരിച്ചടക്കാൻ വേണ്ടിയാണ് ഞായറാഴ്ച പിതാവ് കണ്ണോളി ജനാര്ദനനുമൊത്ത് കുണ്ടുകടവിലെത്തിയത്. കുടുംബശ്രീ യോഗം നടന്ന വീട്ടില്‍ പണം അടച്ച് തിരിച്ചിറങ്ങിയ ജീതുവിെൻറ ദേഹത്തേക്ക് ബിരാജു പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീ ആളിപ്പടര്‍ന്ന് റോഡില്‍ വീണ ജീതുവിനെ പിതാവും ഒട്ടോ ഡ്രൈവറും ചേര്‍ന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 85 ശതമാനം പൊള്ളലേറ്റതിനാൽ പിന്നീട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മജിസ്ട്രേറ്റ് എത്തി ജീതുവിെൻറ മരണമൊഴി രേഖപ്പെടുത്തിയിരുന്നു. പൊള്ളലേറ്റ ജീതുവിനെ രക്ഷിക്കാനോ ആശുപത്രിയിലെത്തിക്കാനോ നാട്ടുകാര്‍ ശ്രമിച്ചില്ലെന്ന് പിതാവ് ജനാര്ദനന് ആരോപിച്ചു.
വർക്ക്ഷോപ്പ് ജീവനക്കാരനായ ബിരാജുവും ജീതുവും ആറുവര്‍ഷം മുമ്പാണ് വിവാഹിതരായത്. കുടുംബവഴക്കിനെത്തുടര്‍ന്ന് കഴിഞ്ഞ 26ന് പുതുക്കാട് െപാലീസ് സ്റ്റേഷനില്‍വെച്ച് ഇരുവരും വേര്‍പിരിയാന്‍ ധാരണയായിരുന്നു.
അതേസമയം, യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയപ്പോൾ ആരും തടഞ്ഞില്ലെന്നും എല്ലാവരും നോക്കിനിന്നെന്നും ആരോപണമുയർന്ന സാഹചര്യത്തിൽ പഞ്ചായത്ത് അംഗം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. നാട്ടുകാർ കാഴ്ചക്കാരായി നിന്നുവെന്നും പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചില്ലെന്നും ആരോപിക്കുന്നതിൽ കഴമ്പില്ലെന്ന് റൂറൽ എസ്.പി യതീഷ് ചന്ദ്രയും പ്രതികരിച്ചു. ജീതുവിെൻറ മാതാവ്: തങ്കമണി. സഹോദരി: ഗീതു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
