അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം മൂന്നേകാൽ കോടി രൂപ ‘ഒതുക്കി’
text_fieldsതൃശൂർ: കേരള കാർഷിക സർവകലാശാലയുടെ വയനാട് അമ്പലവയലിലെ പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ മൂന്നേകാൽ കോടിയുടെ സാമ്പത്തിക തിരിമറി. വൈസ് ചാൻസലറുടെ നിർദേശപ്രകാരം സർവകലാശാല ധനകാര്യ വിഭാഗം നടത്തിയ പരിശോധനയിൽ 3,27,93,775 രൂപ അടച്ചിട്ടില്ലെന്ന് കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ട് അഞ്ചിനകം വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രം മേധാവിക്ക് കംട്രോളർ കത്തയച്ചു.
ഏപ്രിൽ 17 മുതൽ 21 വരെയാണ് ധനകാര്യ വിഭാഗം പരിശോധന നടത്തിയത്. അന്വേഷണം നടത്താൻ മാർച്ച് 28നാണ് സർവകലാശാല ഉത്തരവിട്ടത്. 2011-‘12 മുതൽ 2017-’18 വരെ വർഷങ്ങളിൽ കംട്രോളറുടെ അക്കൗണ്ടിൽ തുക അടക്കുന്നതിൽ ഗവേഷണകേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രൻ വീഴ്ച വരുത്തിയിട്ടുണ്ട്. സർവകലാശാലയുടെ സാമ്പത്തിക കാര്യങ്ങൾ നോക്കുന്നത് കംട്രോളറാണ്. 2011 മുതൽ ഓരോ വർഷവും തിരിച്ചടക്കാനുള്ള തുക പട്ടികതിരിച്ച് കാണിച്ചാണ് വിശദീകരണം തേടിയത്. ഫണ്ട് തിരിച്ചടക്കാത്തത് കേന്ദ്രം മേധാവിയുടെ വീഴ്ചയാണെന്നും സർവകലാശാല ചട്ടത്തിന് വിരുദ്ധമാണെന്നും കത്തിൽ പറയുന്നു.
അമ്പലവയൽ കേന്ദ്രത്തിലെ ഫണ്ട് തിരിമറി അന്വേഷിക്കണമെന്ന് മുൻ വൈസ് ചാൻസലർ ഡോ. പി. രാജേന്ദ്രെൻറ കാലത്ത് കെ.എ.യു എംപ്ലോയീസ് അസോ. ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് അസോ. സമ്മേളനം പ്രമേയം പാസാക്കുകയും ചെയ്തു. എന്നാൽ, വൈസ് ചാൻസലർ പരാതി പൂഴ്ത്തി. പുതിയ വി.സി ഡോ. ആർ. ചന്ദ്രബാബു ചുമതലയേറ്റശേഷം ജനറൽ കൗൺസിൽ യോഗത്തിൽ അസോ. ഇക്കാര്യം വീണ്ടും ഉന്നയിച്ചതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
അതേസമയം, അമ്പലവയൽ കേന്ദ്രത്തിൽ ചെടി വിൽപനയിൽ വൻ ക്രമക്കേട് നടക്കുന്നതായി ആരോപണമുണ്ട്. പുറത്തുനിന്ന് മൂന്നര രൂപക്ക് വാങ്ങിയ ഗ്ലാഡിയോലസ് കൃഷിവകുപ്പ് നിർദേശിച്ച കർഷകർക്ക് 10 രൂപക്ക് വിറ്റുവെന്നാണ് ആരോപണം. ഇവ സ്വന്തം ഗവേഷണ കേന്ദ്രത്തിൽ ഉൽപാദിപ്പിച്ചതാണെന്ന് അവകാശപ്പെട്ടാണ് വൻതോതിൽ വിൽപന നടത്തിയതെന്നും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
