രാത്രി ചോദ്യപേപ്പർ മുറിക്ക് സമീപം എത്തിയ പ്രിൻസിപ്പലിന് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ സൂക്ഷിച്ച മുറിക്ക് സമീപം രാത്രിയിൽ സംശയാസ്പദ സാഹചര്യത്തിൽ കണ്ട് നാട്ടുകാർ തടഞ്ഞുവെച്ച പ്രിൻസിപ്പലിനെയും ഓഫിസ് അസിസ്റ്റന്‍റിനെയും പൊതുവിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം അമരവിള ലണ്ടൻ മിഷൻ സൊസൈറ്റി ഹയർസെക്കൻഡറി സ്കൂൾ(എൽ.എം.എസ് എച്ച്.എസ്.എസ്) പ്രിൻസിപ്പൽ റോയി ബി. ജോൺ, പേരിക്കോണം എൽ.എം.എസ് യു.പി.എസ് ഓഫിസ് അസിസ്റ്റന്‍റ് ലെറിൻ ഗിൽബർട്ട് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഹയർ സെക്കൻഡറി തിരുവനന്തപുരം മേഖല ഡെപ്യൂട്ടി ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ അഞ്ചിന് രാത്രി പത്തിന് ശേഷം സ്കൂളിലെ ചോദ്യപേപ്പർ സൂക്ഷിക്കുന്ന മുറിക്ക് സമീപം മറ്റ് രണ്ട് പേരോടൊപ്പം പ്രിൻസിപ്പലിനെ കണ്ടതായി പി.ടി.എ പ്രസിഡന്‍റ് റിപ്പോർട്ട് ചെയ്തിരുന്നു. പരീക്ഷ ചുമതലകളിൽനിന്ന് ഒഴിവായ ശേഷം പ്രിൻസിപ്പൽ പരീക്ഷയുടെ ഇൻവിജിലേറ്ററായി അരുമാളൂർ എൽ.എം.എസ് എൽ.പി സ്കൂളിലെ അധ്യാപകനെ നിയമവിരുദ്ധമായി നിയമിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പേരിക്കോണം സ്കൂളിലെ ഓഫിസ് അസിസ്റ്റന്‍റ് ലെറിൽ ഗിൽബർട്ട് ചോദ്യപേപ്പർ സൂക്ഷിച്ച അമരവിള സ്കൂളിൽ മാർച്ച് അഞ്ച് വരെ അനധികൃതമായി നൈറ്റ് വാച്ച്മാന്റെ ചുമതലയിൽ ജോലി ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.
ചോദ്യപേപ്പർ ചോർച്ച: മുൻ ജീവനക്കാരനെ സ്കൂളിലെത്തിച്ച് തെളിവെടുത്തു
മലപ്പുറം: എസ്.എസ്.എൽ.സി, പ്ലസ് വൺ അർധവാർഷിക പരീക്ഷ ചോദ്യപേപ്പറുകൾ ചോർത്തിയ കേസിൽ അറസ്റ്റിലായ മുൻ ജീവനക്കാരനെ മലപ്പുറത്തെ മഅദിന്‍ അൺ എയ്ഡഡ് സ്കൂളിലെത്തിച്ച് തെളിവെടുത്തു. രാമപുരം സ്വദേശി എലത്തോൽ അബ്ദുൽ നാസറിനെയാണ് ബുധനാഴ്ച രാവിലെ 11ഓടെ സ്കൂളിൽ തെളിവെടുപ്പിന് എത്തിച്ചത്.
മാർച്ച് നാലിന് വൈകീട്ട് ക്രൈംബ്രാഞ്ചാണ് നാസറിനെ അറസ്റ്റ് ചെയ്തത്. ഇതോടെ മാനേജ്മെന്റ് ഇയാളെ പുറത്താക്കിയിരുന്നു. സ്‌കൂളിലെത്തിയ അർധ വാർഷിക പരീക്ഷ ചോദ്യപേപ്പറുകൾ എം.എസ് സൊല്യൂഷൻസിലെ അധ്യാപകനും കേസിലെ രണ്ടാം പ്രതിയുമായ മലപ്പുറം കോൽമണ്ണ തുമ്പത്ത് ടി. ഫഹദിന് അബ്ദുൽ നാസർ ചോർത്തിനൽകിയെന്നാണ് കണ്ടെത്തൽ.
ഫഹദ് നേരത്തേ മേൽമുറി സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്നു. അവിടെനിന്ന് രാജിവെച്ചാണ് എം.എസ് സൊല്യൂഷൻസിൽ അധ്യാപകനായത്. ഒരേ സ്കൂളിൽ ജോലി ചെയ്ത ബന്ധത്തിന്റെ അടിസ്ഥാനത്തിൽ നാസർ ചോദ്യപേപ്പറുകൾ ചോർത്തിനൽകിയെന്നാണ് കണ്ടെത്തൽ. പാക്കറ്റ് പൊട്ടിച്ച് ഫോട്ടോയെടുത്ത് വാട്‌സ്ആപ്പിൽ അയച്ചുകൊടുക്കുകയായിരുന്നു. തുടർന്ന് പാക്കറ്റ് ഒട്ടിച്ചുവെച്ചു. എം.എസ് സൊല്യൂഷൻസ് യൂട്യൂബ് ചാനൽ വഴി പത്താംക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറും പ്ലസ് വൺ കണക്കിന്റെ ചോദ്യപേപ്പറുമാണ് പുറത്തുവിട്ടത്.
ശുഹൈബിനെയും ഫഹദിനെയും ചോദ്യംചെയ്തു
കോഴിക്കോട്: സ്‌കൂൾ പരീക്ഷകളുടെ ചോദ്യപേപ്പർ ചോർത്തിയ കേസിൽ ഓൺലൈൻ ട്യൂഷൻ സ്ഥാപനമായ കൊടുവള്ളിയിലെ എം.എസ് സൊലൂഷൻസ് സി.ഇ.ഒ മുഹമ്മദ് ശുഹൈബിനെയും അധ്യാപകൻ മലപ്പുറം സ്വദേശി ടി. ഫഹദിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഇരുവരെയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്തത്.
ഫഹദ് വഴിയാണ് അർധവാർഷിക പരീക്ഷയുടെ ചോദ്യങ്ങൾ എം.എസ് സൊലൂഷൻസിന് ലഭിച്ചത്. ഇക്കാര്യം സ്ഥിരീകരിക്കാനാണ് രണ്ടുപേരെയും ഒരുമിച്ചിരുത്തി അന്വേഷണ സംഘം ചോദ്യംചെയ്തത്. കേസിൽ ജാമ്യത്തിലിറങ്ങിയ ഫഹദിനെ നോട്ടീസ് നൽകിയാണ് ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയത്. ചോദ്യം ചെയ്യൽ വ്യാഴാഴ്ചയും തുടരും.
വാട്‌സ്ആപ് വഴിയാണ് എം.എസ് സൊലൂഷൻസിലെ അധ്യാപകൻ ഫഹദിന് അയച്ചുകൊടുത്തതെന്ന് മഅദിന്‍ സ്കൂൾ പ്യൂൺ അബ്ദുൽ നാസർ വ്യക്തമാക്കിയിരുന്നു. പത്താംക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറും പ്ലസ് വൺ മാത് സ്, ഫിസിക്‌സ്, ബയോളജി, കെമിസ്ട്രി ചോദ്യപേപ്പറുകളുമാണ് അബ്ദുൽ നാസർ ഫഹദിന് അയച്ചുനൽകിയത്. എന്നാൽ, ഇംഗ്ലീഷ്, കണക്ക് ചോദ്യപേപ്പർ ചോർന്നത് വിവാദമായതോടെ മറ്റുള്ളവ പുറത്തുവന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.