അമലിന്റെ ഹൃദയം മിടിച്ചുതുടങ്ങി; അജ്മലിന് പുതുജീവൻ
text_fieldsകൊച്ചി: മസ്തിഷ്കമരണം സംഭവിച്ച അമൽ ബാബുവിന്റെ ഹൃദയമിടിപ്പിൽ അജ്മലിന് പുതുജീവൻ. എറണാകുളം ലിസി ആശുപത്രിയിൽ വ്യാഴാഴ്ച നടന്ന ശസ്ത്രക്രിയയിലൂടെയാണ് ഹൃദയം തുന്നിച്ചേർത്തത്. മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി അമല്‍ ബാബുവിന്റെ (25) ബന്ധുക്കള്‍ അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു.
ഈ മാസം 12നാണ് വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ അമൽ ബാബുവിന് മസ്തിഷ്കമരണം സംഭവിച്ചത്. ഈ വര്‍ഷം ജനുവരിയിലാണ് പ്രവാസ ജീവിതത്തിനിടയില്‍ മലപ്പുറം സ്വദേശി അജ്മലിന് (33) ഗുരുതര ഹൃദയാഘാതം ഉണ്ടായത്.
ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അജ്മല്‍ ലിസി ആശുപത്രിയിലെത്തി ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു കടവിലില്‍ എന്നിവരെ കണ്ടു. ബുധനാഴ്ച രാത്രിയോടെ കെസോട്ടോയില്നിന്ന് അവയവദാനത്തിന്റെ സന്ദേശം ആശുപത്രിയില്‍ എത്തി. തുടര്‍ന്ന്, ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന് മന്ത്രി പി. രാജീവ് മുഖേന മുഖ്യമന്ത്രിയുമായി ബന്ധപ്പെടുകയും ഉടൻ ഹെലികോപ്ടര്‍ സേവനം ലഭ്യമാവുകയും ചെയ്തു.
വ്യാഴാഴ്ച പുലർച്ച രണ്ടോടെ ലിസി ആശുപത്രിയില്‍നിന്ന് ഡോ. ജേക്കബ് എബ്രഹാം, ഡോ. ജീവേഷ് തോമസ്, ഡോ. ജോ ജോസഫ്, ഡോ. അരുണ്‍ ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം കിംസ് ആശുപത്രിയിലേക്ക് തിരിച്ചു. ഉച്ചക്ക് 1.30ന് ഹൃദയം വഹിച്ചുകൊണ്ടുള്ള ഹെലികോപ്ടര്‍ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 2.10ന് ഗ്രാന്‍ഡ് ഹയാത്തില്‍ എത്തി. പൊലീസ് സേനയുടെ സഹായത്തോടെ ഗ്രീന്‍ കോറിഡോര്‍ സൃഷ്ടിച്ച് കേവലം നാലുമിനിറ്റ് കൊണ്ട് ലിസി ആശുപത്രിയില്‍ എത്തുകയും ഉടന്‍ ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു.
അമല്‍ ബാബുവില്‍നിന്ന് എടുത്ത ഹൃദയം മൂന്നുമണിക്കൂറിനുള്ളില്‍ അജ്മലില്‍ സ്പന്ദിച്ചുതുടങ്ങി. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അജ്മലിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഡോ. ഭാസ്കര്‍ രംഗനാഥന്, ഡോ. പി. മുരുകന്, ഡോ. ജോബ് വില്‍സണ്‍, ഡോ. ഗ്രേസ് മരിയ, ഡോ. ആന്റണി ജോര്‍ജ്, ഡോ. ആയിഷ നാസര്‍, രാജി രമേഷ്, സൗമ്യ സുനീഷ് എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

