ഉമ്മൻചാണ്ടിക്കാലത്തേക്ക് തിരിച്ചുപോക്കോ? കോൺഗ്രസിലെ ഗ്രൂപ്പ്തർക്കത്തിൽ ചെന്നിത്തലയെ ചോദ്യംചെയ്ത് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ
text_fieldsരാജ്മോഹൻ ഉണ്ണിത്താൻ, രമേശ് ചെന്നിത്തല, അമൽ ഉണ്ണിത്താൻ
കൊച്ചി: കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് പിന്നാലെ മകൻ അമൽ ഉണ്ണിത്താനും നേതാക്കൾക്കും പാർട്ടിക്കുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്.
കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് ഭരണമാണോ, അതോ മുഖ്യമന്ത്രിക്കസേരക്കു വേണ്ടിയുള്ള മ്യൂസിക്കല്‍ ചെയര്‍ മത്സരമാണോ എന്നായിരുന്നു അമലിന്റെ ചോദ്യം. എല്ലാ പണിയും ഒപ്പിച്ചുവെച്ചിട്ട്, ഒന്നുമറിയാത്ത ഭാവത്തില്‍ അരങ്ങിലെ കളി കണ്ടിരിക്കുകയാണോ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെന്നും അദ്ദേഹം ചോദിച്ചു.
‘വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിക്കാലത്തെ രാഷ്ട്രീയ തിരക്കഥ ആവര്‍ത്തിക്കാനാണോ ശ്രമം. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി, ജനവികാരത്തിന്റെ പേരില്‍ മുഖ്യമന്ത്രിക്കസേര സ്വന്തമാക്കാനുള്ള നീക്കമാണോ നടക്കുന്നത്. ഈ സംശയങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമായ മറുപടി നല്‍കണം’ -അമൽ ആവശ്യപ്പെട്ടു.
ജനങ്ങള്‍ വോട്ട് ചെയ്തത് അഞ്ചുവര്‍ഷം ഭരിക്കാനാണ്. അഞ്ചുവര്‍ഷം മുഴുവന്‍ മുഖ്യമന്ത്രി ആരാകണമെന്ന് ചര്‍ച്ച ചെയ്യാനല്ല. പിണറായി വിജയന്റെ പത്തുവര്‍ഷത്തെ ഭരണകാലത്ത് സി.പി.എം പുലര്‍ത്തിയ സംഘടനാപരമായ അച്ചടക്കത്തെ താന്‍ ബഹുമാനിക്കുന്നു.
മുസ്‌ലിം ലീഗിന്റെ സംഘടനാപരമായ കെട്ടുറപ്പിനെയും അഭിനന്ദിക്കുന്നു. രാഷ്ട്രീയമായി വിയോജിപ്പുകള്‍ ഉണ്ടാകാം. എന്നാല്‍, ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് അവരില്‍നിന്നും പലതും പഠിക്കാനുണ്ടെന്നും അമല്‍ ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി.
നേതാക്കളുടെ അധികാരത്തര്‍ക്കങ്ങള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ ചാനല്‍ ചര്‍ച്ചകളിലും സമൂഹമാധ്യമങ്ങളിലും രാവും പകലും പോരാട്ടം നടത്തുകയാണ് പ്രവര്‍ത്തകര്‍. കസേര നേതാക്കള്‍ക്ക്, തമ്മിലടി പ്രവര്‍ത്തകര്‍ക്ക്, എന്തൊരു മനോഹരമായ തൊഴില്‍വിഭജനം എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശങ്ങളിലും അമല്‍ ഉണ്ണിത്താന്‍ വിശദീകരണം നല്‍കി. അദ്ദേഹം അഭിപ്രായം പറഞ്ഞാല്‍ ഉടനെ ചിലരുടെ വക ബിജെപി സര്‍ട്ടിഫിക്കറ്റ് നല്‍കും. കോണ്‍ഗ്രസില്‍ അഭിപ്രായസ്വാതന്ത്ര്യത്തിനും ഇപ്പോള്‍ ഗ്രൂപ്പ് നേതാക്കളുടെ എൻ.ഒ.സി വേണമെന്നുണ്ടോ എന്നും അമൽ ചോദിച്ചു.
രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസ്താവനകളെ രാഷ്ട്രീയമായി നേരിടൂ. അഭിപ്രായം ഇഷ്ടപ്പെട്ടില്ലെങ്കില്‍ ബി.ജെ.പി മുദ്ര, ചോദ്യം ചോദിച്ചാല്‍ പാര്‍ട്ടിവിരുദ്ധന്‍, വിമര്‍ശിച്ചാല്‍ അച്ചടക്കലംഘനം, ഇതാണോ കോണ്‍ഗ്രസിലെ ആഭ്യന്തര ജനാധിപത്യം.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കാണിക്കുന്നതിനേക്കാള്‍ ആവേശം അധികാരക്കസേരയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ കാണിക്കുന്നത് എന്തുകൊണ്ടാണ്. മുഖ്യമന്ത്രിക്കസേര ഒന്നേയുള്ളൂ.
എന്നാല്‍ കേരളത്തില്‍ പരിഹരിക്കപ്പെടേണ്ട ജനകീയ പ്രശ്‌നങ്ങള്‍ ആയിരക്കണക്കിനുണ്ട്. ജനങ്ങള്‍ക്ക് വേണ്ടി അധികാരം ഉപയോഗിക്കാനാണോ നിങ്ങള്‍ രാഷ്ട്രീയത്തില്‍ വന്നത്, അതോ അധികാരത്തിനുവേണ്ടി ജനങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ഉപയോഗിക്കാനാണോ എന്നും കോണ്‍ഗ്രസ് രാഷ്ട്രീയ നേതൃത്വത്തോട് അമല്‍ ചോദ്യം ഉന്നയിച്ചു.

