നാലുപേർക്ക് പുതുജീവനേകി ജീവിതത്തിൽനിന്ന് അമൽ യാത്രയായി
text_fieldsകൊച്ചി: പതിനേഴുകാരനായ തൃശൂർ സ്വദേശി അമൽ കൃഷ്ണ ജീവിതത്തിൽനിന്ന് യാത്രയായത് നാലുപേർക്ക് പുതുജീവനേകി. കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടർന്ന്, കരൾ, വൃക്ക, കണ്ണ് ദാനം ചെയ്തു. കരൾ കോലഞ്ചേരി സ്വദേശിയായ അറുപത്താറുകാരനിലും ഒരു വൃക്ക എറണാകുളം സ്വദേശിയായ അമ്പത്തഞ്ചുകാരിയിലുമാണ് മാറ്റിവെച്ചത്. മറ്റൊരു വൃക്ക കോട്ടയം ഗവ. മെഡിക്കൽ കോളജിലേക്കും നേത്രപടലം ഗിരിധർ ഐ ഹോസ്പിറ്റലിലേക്കും നൽകി.
നവംബർ 17ന് തലവേദനയെയും ഛർദിയെയും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച അമലിന് പിന്നീട് സ്ട്രോക് സംഭവിച്ച് ഗുരുതരാവസ്ഥയിൽ ആകുകയായിരുന്നു. തൃശൂർ വല്ലച്ചിറ സ്വദേശിയായ വിനോദിന്റെയും മിനിയുടെയും ഏകമകനാണ് അമൽ. ചേർപ്പ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയായിരുന്നു.
ആസ്റ്റർ മെഡ്സിറ്റി പീഡിയാട്രിക് ഐ.സി.യു കൺസൾട്ടന്റ് ഡോ. ആകാൻക്ഷ ജെയിൻ, പീഡിയാട്രിക് ന്യൂറോളജി വിഭാഗം സീനിയർ സ്പെഷലിസ്റ്റ് ഡോ. ഡേവിഡ്സൺ ദേവസ്യ എന്നിവർ മാതാപിതാക്കളും ബന്ധുക്കളുമായി സംസാരിച്ചപ്പോൾ അവയവങ്ങൾ ദാനം ചെയ്യാൻ തയാറാകുകയായിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം ശനിയാഴ്ച രാവിലെ മൃതദേഹം മാതാപിതാക്കൾക്ക് വിട്ടുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

