ആലുവ – മൂന്നാർ റോഡ്: നവീകരണത്തിനായി 102.12 ഏക്കർ ഏറ്റെടുക്കാൻ ഉത്തരവ്
text_fieldsതിരുവനന്തപുരം: എറണാകുളം ജില്ലയിൽ ആലുവ – മൂന്നാർ റോഡ് നവീകരണത്തിനായി 102.12 ഏക്കർ ഏറ്റെടുക്കാൻ റവന്യൂ വകുപ്പിന്റെ ഉത്തരവ്. ആലുവ, കുന്നത്തുനാട്, കോതമംഗലം താലൂക്കുകളിലാണ് ഭൂമി ഏറ്റെടുക്കുന്നത്.
ആലുവ താലൂക്കിലെ ആലുവ വെസ്റ്റ്, ചൂർണിക്കര, കീഴ്മാട്, ആലുവ ഈസ്റ്റ് എന്നീ വില്ലേജുകളിലെ ഭൂമി ഏറ്റെടുക്കും. കുന്നത്തുനാട് താലൂക്കിലെ വാഴക്കുളം, അറക്കപ്പടി, വെങ്ങോല, മാറമ്പിള്ളി, പെരുമ്പാവൂർ, രായമംഗലം, അശമാനൂർ വില്ലേജുകളിലും ഭൂമി ഏറ്റെടുക്കും. കോതമംഗലം താലൂക്കിൽ എരമാലൂർ, തൃക്കരിയൂർ, കോതമംഗലം എന്നീ വില്ലേജുകളിലെ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
ആലുവ – മൂന്നാർ റോഡ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നാലുവരി പാതയാക്കുന്നതിനുള്ള പദ്ധതി വിഭാവനം ചെയ്തതായി മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ അറിയിച്ചിരുന്നു. സ്റ്റേറ്റ് ഹൈവേ ആയിട്ടുള്ള ആലുവ – മൂന്നാർ റോഡ് ആലുവ നിയോജക മണ്ഡലത്തിൽ നിന്നും ആരംഭിച്ച് കുന്നത്തുനാട്,പെരുമ്പാവൂർ മണ്ഡലങ്ങളിലൂടെ കോതമംഗലം നിയോജക മണ്ഡലത്തിൽ അവസാനിക്കുന്നതാണ്. നൂറ് കണക്കിന് വാഹനങ്ങൾ ദിവസവും സഞ്ചരിക്കുന്നതും മൂന്നാർ,തേക്കടി അടക്കമുള്ള ഇടുക്കി ജില്ലയിലെ വിവിധ വിനോദ സഞ്ചാര മേഖലകളിലേക്കായി ആയിരക്കണക്കിന് ടൂറിസ്റ്റുകൾ യാത്ര ചെയ്യുന്നതുമായ റോഡിന്റെ വികസന പ്രവർത്തനങ്ങൾക്ക് മുന്നോടിയായി നിലവിലെ രണ്ടുവരി പാത ബി.എം.ബി.സി നിലവാരത്തിൽ അടിയന്തിരമായി സഞ്ചാരയോഗ്യമാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കും.
ആലുവ മുതൽ കോതമംഗലം വരെ 35.26 കിമി ദൂരത്തിൽ 12 മീറ്റർ റോയിലുള്ള റോഡിന്റെ നിർമാണത്തിനായി ഇൻവെസ്റ്റിഗേഷൻ നടത്തി 135 കോടി രൂപയുടെ ഡി.പി.ആർ കിഫ്ബിയിൽ സമർപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

