ശിവരാത്രിക്കൊരുങ്ങി ആലുവനഗരവും മണപ്പുറവും
text_fieldsആലുവ മണപ്പുറത്ത് ഒരുങ്ങുന്ന അമ്യൂസ്മെൻറ് പാർക്ക്
ആലുവ: ടൗണിലും മണപ്പുറത്തും ശിവരാത്രിയെ വരവേൽക്കാൻ ഒരുക്കം ആരംഭിച്ചു. കോവിഡ് നിയന്ത്രണ ശേഷം നടക്കുന്നതിനാൽ ഇക്കുറി വിപുലമാണ് തയാറെടുപ്പ്. രണ്ടുവർഷത്തെ ഇടവേളക്ക് ശേഷമാണ് പൂർണ തോതിലുള്ള ആഘോഷങ്ങൾ നടക്കാൻ പോകുന്നത്.
ആലുവ നഗരസഭയുടെ മേൽനോട്ടത്തിൽ ഒരു മാസം നീളുന്ന വ്യാപാരമേളയും ഇക്കുറിയുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ബലിതർപ്പണത്തിന് നേതൃത്വം നൽകുന്നത്. 116 ബലിത്തറകളാണ് മണപ്പുറത്ത് ഒരുക്കുന്നത്. ഇതില്‍ ഭൂരിഭാഗത്തിന്റെയും ലേലം കഴിഞ്ഞു.
പകൽസമയത്തും സജീവമാകും
മുൻവർഷങ്ങളിൽ വൈകുന്നേരമാണ് വ്യാപാരമേള ഉണർന്നിരുന്നത്. എന്നാൽ, ഇക്കുറി പകല്‍ സമയങ്ങളിലും പരമാവധി ആളുകളെ മണപ്പുറത്ത് എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
ഇതിന്റെ ഭാഗമായി മണപ്പുറം പരമാവധി ഉപയോഗപ്പെടുത്തി കൂടുതല്‍ സ്റ്റാളുകളാണ് നിര്‍മിക്കുന്നത്. മണപ്പുറത്തെ പൊടിശല്യം ഒഴിവാക്കാന്‍ ചുവപ്പ് പരവതാനി വിരിക്കും. ഇതോടൊപ്പം അമ്യൂസ്മെൻറ് പാര്‍ക്കും മണപ്പുറത്ത് സജ്ജമാക്കുന്നുണ്ട്.
സ്വീകരിക്കാൻ വലിയ പ്രവേശന കവാടങ്ങൾ
മുൻ വർഷങ്ങളിൽ നഗരസഭ നേരിട്ടാണ് വ്യാപാരമേള നടത്തിയിരുന്നത്. അതിനാൽ മണപ്പുറത്ത് വ്യാപാര സ്റ്റാളുകൾ ഒരുക്കിയിരുന്നതും ലേലം ചെയ്ത് നൽകിയിരുന്നതും നഗരസഭ തന്നെയായിരുന്നു. എന്നാൽ, ഇത്തവണ സ്വകാര്യ കരാറുകാർക്കാണ് നടത്തിപ്പ് ചുമതല.
ബംഗളൂരു ആസ്ഥാനമായ ഫണ്‍ വേള്‍ഡ് ആൻഡ് റിസോര്‍ട്ട് ഇന്ത്യക്കാണ് കരാര്‍. മണപ്പുറത്തെ ദേവസ്വം ബോർഡ് സ്ഥലത്തെ വ്യാപാര സ്റ്റാളുകളും ഇതേ കമ്പനി തന്നെയാണ് ലേലം ചെയ്തെടുത്തിരിക്കുന്നത്. സ്റ്റാളുകൾക്ക് പുറമെ വ്യാപാരമേള നടക്കുന്ന പ്രദേശത്തേക്ക് വലിയ കവാടങ്ങളും നിർമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

