ആലുവ: കോവിഡ് ഭീതിയിൽനിന്ന് നഗരം പതിയെ തിരികെനടക്കുന്നു. പലരും രോഗമുക്തി നേടി. നഗരം കേന്ദ്രീകരിച്ച് കൂടുതൽ പേർക്ക് രോഗം റിേപ്പാർട്ട് ചെയ്യപ്പെടുന്നുമില്ല.
മാർക്കറ്റാണ് മേഖലയിലെ പ്രധാന രോഗവ്യാപന കേന്ദ്രമായത്. എന്നാൽ, ഇവിടെനിന്ന് നഗരവാസികൾക്ക് അധികം രോഗമുണ്ടായില്ലെന്നാണ് കരുതുന്നത്. നഗരസഭ ശുചീകരണ തൊഴിലാളികളാണ് മാർക്കറ്റിൽനിന്ന് രോഗം ബാധിച്ച നഗരവാസികളിൽ മിക്കവരും. ഇത്തരത്തിൽ 13 പോസിറ്റിവ് കേസുണ്ടായ മുനിസിപ്പൽ ക്വാർട്ടേഴ്സിൽ 10പേരും രോഗമുക്തരായി തിരിച്ചെത്തി. 59 പേരെ ടെസ്റ്റ് ചെയ്തതിൽ 13 കേസായിരുന്നു പോസിറ്റിവ്. ഇതുതന്നെ വലിയ ആശ്വാസമായിരുന്നു.
മൂന്നാഴ്ചയായി നഗരവും മാർക്കറ്റും അടച്ചിട്ടിരിക്കുകയാണ്. ലോക്ഡൗൺ, കർഫ്യു നിയന്ത്രണങ്ങൾക്കൊപ്പം രോഗവ്യാപന ഭീതിയുമുള്ളതിനാൽ ജനം പുറത്തിറങ്ങാറില്ല. ഇതും രോഗവ്യാപനം കുറക്കുന്നതിന് സഹായകമായിട്ടുണ്ട്. മേഖലയിലെ ആദ്യരോഗികളെ കണ്ടെത്തിയ സ്വകാര്യ ആശുപത്രികളിലെ പ്രമുഖ ഡോക്ടർമാർ ക്വാറൻറീനുശേഷം ജോലിയിൽ പ്രവേശിച്ചു. എന്നാൽ, ഭീതിപ്പെടുത്തുന്ന വാർത്തകൾ വരുന്നതിെൻറ അടിസ്ഥാനത്തിൽ ചില ആശുപത്രികളിൽ മറ്റ് രോഗങ്ങൾക്കുപോലും ചികിത്സിക്കാൻ തയാറാകാത്തതായി ആക്ഷേപമുണ്ട്. മൂന്നാഴ്ചയോളമായി അടച്ചിട്ടിരിക്കുന്നതിനാൽ വാണിജ്യമേഖല തകർന്ന അവസ്ഥയിലാണ്. സമ്പൂർണ ലോക്ഡൗൺ നൽകിയ നഷ്ടങ്ങൾക്ക് ശേഷം തിരികെനടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി നഗരത്തിൽ രോഗികളെ കണ്ടെത്തിയതും വീണ്ടും അടച്ചുപൂട്ടിയതും. രോഗികളുടെ എണ്ണം കുറഞ്ഞതിനാൽ നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കുമെന്നാണ് പ്രതീക്ഷ.
ആലുവ ലാര്‍ജ് ക്ലസ്റ്ററില്‍
കൂടുതൽ രോഗികൾ ചൂർണിക്കരയിൽ
ആലുവ: ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളിൽ ആലുവ ലാര്‍ജ് ക്ലസ്റ്ററില്‍ കൂടുതൽ രോഗികൾ ചൂർണിക്കരയിൽ. 30 കോവിഡ് കേസുകളാണ് ക്ലസ്റ്ററിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 12 എണ്ണം ചൂർണിക്കരയിലാണ്. ആറുപേര്‍ സ്ത്രീകളും ആറുപേര്‍ പുരുഷന്മാരുമാണ്. കോവിഡ് സ്ഥിരീകരിച്ചവരില്‍ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ചൂര്‍ണിക്കര സ്വദേശിനിയുമുണ്ട്.
കീഴ്മാട് പഞ്ചായത്തില്‍ എട്ടുപേര്‍ കോവിഡ് പോസിറ്റിവായി. ഒരുവയസ്സുള്ള കുഞ്ഞുൾപ്പെടെ മൂന്നുപേര്‍ സ്ത്രീകളാണ്. കടുങ്ങല്ലൂരില്‍ അഞ്ചുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ ആറുവയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേര്‍ പുരുഷന്മാരാണ്. ആലങ്ങാട് മൂന്ന് സ്ത്രീകള്‍ക്കും രണ്ട്് പുരുഷന്മാര്ക്കും കോവിഡ് സ്ഥിരീകരിച്ചു. ആലുവ നഗരസഭ, എടത്തല, ചെങ്ങമനാട്, കരുമാല്ലൂര്‍ മേഖലകളില്‍നിന്ന് ശനിയാഴ്ച പുതിയ രോഗികളില്ല.