മായമില്ല മന്ത്രമില്ല വെറും തട്ടിപ്പ് മാത്രം; ചുരണ്ടിയാൽ കൈയിൽ അലുമിനിയം കോട്ടിങ്, വ്യാജ പാത്രങ്ങളുമായി ഉത്തരേന്ത്യൻ സംഘം പിടിയിൽ
text_fieldsമുട്ടിൽ: മുട്ടിൽ പഞ്ചായത്തിലെ വാര്യാട് പ്രദേശത്ത് വ്യാജ അലുമിനിയം പാത്രം വിൽപനക്കെത്തിച്ച് ഉത്തരേന്ത്യൻ സംഘം ആരോഗ്യ വകുപ്പും പൊലീസും ചേർന്ന് പിടികൂടി. ഉത്തർപ്രദേശ് സ്വദേശികളാണ് വ്യാജ പാത്രങ്ങളുമായി വയനാട്ടിൽ വിൽപനക്കെത്തിയത്. 100 രൂപയ്ക്കാണ് പാത്രങ്ങൾ വിറ്റിരുന്നത്. ഗുണമേന്മയുള്ള അലുമിനിയം പാത്രങ്ങൾക്ക് 400 മുതൽ 500 രൂപ വരെയാണ് വില വരുക. കൈ കൊണ്ട് ചുരണ്ടി നോക്കിയാൽ കൈയിൽ അലുമിനിയം കോട്ടിങ് പുരളുന്ന രീതിയിലാണ് പാത്രങ്ങൾ കണ്ടെടുത്തതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
ഈ പാത്രങ്ങളിൽ വെള്ളം ചൂടാക്കുന്നത് അപകടമാണ്. ആ വെള്ളം കുടിച്ചാൽ അലുമിനിയം കോട്ടിങ് ശരീരത്തിന്റെ അകത്തു പോകുമെന്നും കാൻസർ അടക്കമുള്ള രോഗങ്ങൾക്ക് ഇതു കാരണമാകാമെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. പൊലീസും ആരോഗ്യ വകുപ്പും ചേർന്ന് ഉത്തർപ്രദേശ് സ്വദേശികളുടെ വാടക ഗോഡൗൺ പൂട്ടിച്ചു. ഉത്തർപ്രദേശിൽ നിന്നുള്ള 10 മുതൽ 20 പേർ അടങ്ങുന്ന സംഘമാണ് വാര്യാട് ഗോഡൗൺ വാടകയ്ക്ക് എടുത്ത് വ്യാജ അലുമിനിയം പാത്രം വിറ്റിരുന്നത്.
ഗോഡൗണിൽ നിന്ന് അലുമിനിയം കോട്ടിങ് പൂശിയ ഇരുമ്പ് പാത്രങ്ങൾ ഹരിയാന രജിസ്ട്രേഷനുള്ള ബൈക്കുകളിലാണ് വീടുകളിലേക്കു കൊണ്ടുവന്ന് വിൽക്കുന്നത്. സാധാരണക്കാരെയും ഇടത്തരക്കാരെയും ലക്ഷ്യമിട്ട് വില കുറച്ചാണ് ഇവർ വിൽപന നടത്തിയിരുന്നത്. പാത്രങ്ങൾ ആർക്കെങ്കിലും ഇവർ വിറ്റിട്ടുണ്ടോ എന്നു പരിശോധിച്ചു വരുകയാണെന്നു പഞ്ചായത്ത് അധികൃതർ പറഞ്ഞു.
സംഭവത്തിൽ ഇതുവരെ ആരും പരാതി നൽകിയിട്ടില്ലെന്നും പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്നും മീനങ്ങാടി പൊലീസ് പറഞ്ഞു. നിലവിൽ പ്രദേശത്ത് പാത്രങ്ങളുടെ വിൽപന നിരോധിച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ സംഘത്തെ ഇന്നലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. പരാതിയില്ലാത്തതിനാൽ ഇവരെ വിട്ടയച്ചുവെന്നും മീനങ്ങാടി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

