സംസ്ഥാന ഫലമായി പ്രഖ്യാപിച്ചെങ്കിലും ചക്ക സംസ്കരണത്തിന് നടപടിയില്ല
text_fieldsകേളകം: ചക്ക കേരളത്തിന്റെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചെങ്കിലും സംസ്കരണത്തിനും വിപണനത്തിനും സംഭരണത്തിനും നടപടിയായില്ല. ഇതുമൂലം ഏറെ വിപണി സാധ്യതയുള്ള ചക്ക വേണ്ടവിധം ഉപയോഗിക്കാതെ നശിക്കുകയാണ്. ചക്കയില്‍നിന്ന് നൂതനമായി വികസിപ്പിച്ചെടുത്ത നിരവധി മൂല്യവര്‍ധിത ഉൽപന്നങ്ങളുടെ ശ്രേണിയുണ്ട്. ചക്ക ഹലുവ, ചക്ക ചമ്മന്തിപ്പൊടി, ചക്ക അച്ചപ്പം, ചക്ക പപ്പടം, ചക്ക കൊണ്ടാട്ടം, ചക്കമടല് അച്ചാര്‍, സ്ക്വാഷ് തുടങ്ങിയവയെല്ലാം വിപണിയിലുണ്ട്.
ജാക്ക് ഫ്രൂട്ട് കുക്കീസ്, മധുരിക്കുന്ന ചക്കപ്പഴം സ്നാക്ക്, സ്പൈസി ജാക്ക് ഫ്രൂട്ട് സ്നാക്ക്, ജാക്ക് ഫ്രൂട്ട് ഫ്ലേവേഡ് സോയാമീറ്റ്, ചക്ക അച്ചാര്‍, പാക്കറ്റിലാക്കിയ ഗ്രീന്‍ ഫ്രൂട്ട് ചക്കക്കറി എന്നിവ മുന്തിയ നിലവാരത്തില്‍ പാക്കറ്റുകളിലാക്കിയാണ് ശ്രീലങ്കയിൽ ചക്ക ഉൽപന്നങ്ങളെ വിപണനം ചെയ്യുന്നത്. സംസ്ഥാനത്ത് ചെറുകിട സംരംഭകര്‍ക്ക് കരുത്തേകാന്‍ സാങ്കേതികവിദ്യയും ധനസഹായവും വിപണന സൗകര്യങ്ങളും ഒരുക്കാനായിരുന്നു തീരുമാനമെങ്കിലും പദ്ധതി ചുവപ്പുനാടയിലാണ്. ചക്കയില്‍നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ വിപണന സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാല്‍ കോടികളുടെ വരുമാനമുണ്ടാക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടൽ. കോടിക്കണക്കിന് ചക്ക ഇവിടെ പ്രതിവര്‍ഷം ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. പൂർണമായും ആരോഗ്യദായകമായ ജൈവ ഉൽപന്നം എന്നനിലയില്‍ ചക്കക്ക് വരും കാലത്ത് വലിയ സാധ്യതകളുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.