'വാർത്തകൾ അല്ലല്ലോ വസ്തുതകൾ, ഹൃദയ തുടിപ്പാണ് കെ.എസ്.യു'; അനുനയം വിജയിച്ചു, രാജി വെക്കില്ലെന്ന് അലോഷ്യസ് സേവ്യർ
text_fieldsഅലോഷ്യസ് സേവ്യർ
ഇടുക്കി: നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ചുള്ള രാജി നീക്കത്തിൽ നിന്ന് പിന്മാറി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ചുമതലയിൽ നിന്നും രാജി നൽകിയിട്ടില്ല എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് വഴി അറിയിച്ചു. കോൺഗ്രസിന്റെ സ്ഥാനാർഥിയായി അലോഷ്യസ് സേവ്യറെ ഇടുക്കി, പൂഞ്ഞാർ, പീരുമേട് എന്നിവിടങ്ങളിൽ പരിഗണിക്കുന്നുവെന്ന വിവരം പുറത്തുവന്നിരുന്നു. എന്നാൽ അവസാനം വന്ന പട്ടികയിലും അലോഷ്യസ് സേവ്യറിന്റെ പേര് ഉണ്ടായിരുന്നില്ല. ഈ അവസരത്തിലാണ് അലോഷ്യസ് രാജിയിലേക്ക് നീങ്ങുന്നു എന്ന വാർത്ത പുറത്തു വന്നത്.
അലോഷ്യസ് സേവ്യറിന്‍റെ കുറിപ്പ്
KSU സംസ്ഥാന പ്രസിഡന്റ് ചുമതലയിൽ നിന്നും രാജി നൽകിയിട്ടില്ല
കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് ആയനാൾ മുതൽ ഇന്നുവരെ, എനിക്കു വേണ്ടിയോ എന്റെ പേരിനു വേണ്ടിയോ ഒന്നും ചെയ്തിട്ടില....!
പ്രവർത്തനം ആകെയും സംഘടനക്ക് വേണ്ടിയായിരുന്നു...!
ഇടുക്കിയുടെ മലയോര മേഖലയിൽ നിന്നും വരുന്ന എന്നെ സംബന്ധിച്ചിടത്തോളം ഓരോ നിമിഷവും പോരാട്ടങ്ങളുടേത് ആയിരുന്നു...!
ഓരോ വാക്കിലും നോക്കിലും പ്രവർത്തിയിലും കെഎസ്‍യു വിന്റെ മുന്നേറ്റവും പാർട്ടി അധികാരത്തിൽ വരിക എന്നതും ആയിരുന്നു എന്റെ ജീവിതത്തിന്റെ ആഹാരം...!
എന്റെ സഹപ്രവർത്തകർ പോലീസിന്റ അക്രമം ഏറ്റുവാങ്ങുമ്പോഴും സിപിഎം ക്രിമിനലുകളാൽ വേട്ടയാടപെടുമ്പോഴും...!
സഹപ്രവർത്തകരുടെ വികാരം എന്റെ ഹൃദയ വികാരമായി കണ്ടാണ് ഞാൻ മുൻപോട്ട് പോയത്...!
വാർത്തകൾ ഇപ്പോളാണ് ശ്രദ്ധയിൽ പെട്ടത്, വാർത്തകൾ അല്ലല്ലോ വസ്തുതകൾ...!
എന്റെ ഹൃദയ തുടിപ്പാണ് കെഎസ്‍യു...!
എന്നിലെ ജീവ ശ്വാസമാണ് എന്റെ പാർട്ടി...!
പീരുമേട് സീറ്റിൽ അലോഷ്യസിനെ ആദ്യം പരിഗണിച്ചിരുന്നെങ്കിലും പ്രാദേശിക നേതൃത്വത്തിലെ എതിർപ്പിനെ തുടർന്ന് സീറ്റ് നിഷേധിക്കപ്പെട്ടു. പിന്നീടാണ് ഇടുക്കി സീറ്റിൽ പരിഗണിച്ചത്. മുതിർന്ന നേതാക്കൾക്ക് സീറ്റ് നൽകണമെന്ന ആവശ്യമുയർന്നതോടെ പൂഞ്ഞാർ സീറ്റിലേക്ക് മാറി. അവസാന ഘട്ടത്തിൽ മൂന്ന് മണ്ഡലങ്ങളിലും അലോഷ്യസിന് സീറ്റ് നിഷേധിക്കുകയായിരുന്നു.
ഒരു നേതാക്കളും തന്നെ സഹായിച്ചില്ലെന്നും തെരെഞ്ഞെടുപ്പിനായി താൻ കെ.എസ്.യു പ്രവർത്തകരോടൊപ്പം ഒരുങ്ങിയിരുന്നു. സീറ്റ് ലഭിക്കാത്തതിൽ അതൃപ്തനാണെന്നും അലോഷ്യസ് പറഞ്ഞിരുന്നു. സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.യു പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്ന തരത്തിലുള്ള തീരുമാനം എടുക്കുന്ന ആളല്ല അലോഷ്യസെന്നും രാജിയെ കുറിച്ച് ഔധ്യോഗികമായി നേതൃത്വത്തിന് വിവരം ലഭിച്ചിട്ടില്ലെന്നാണ് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

