ക്ഷേത്രോത്സവ പരിപാടിക്കിടെ വീണ്ടും വിപ്ലവഗാനം പാടി അലോഷി; പരാതി നൽകി കോൺഗ്രസ്
text_fieldsതിരുവനന്തപുരം: ക്ഷേത്രോത്സവത്തിലെ ഗസൽ പരിപാടിക്കിടെ വീണ്ടും വിപ്ലവഗാനം പാടി ഗായകൻ അലോഷി ആദം. ആറ്റിങ്ങല്‍ അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് വിപ്ലവഗാനം ആലപിച്ചത്. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആറ്റിങ്ങല്‍ പൊലീസിലും റൂറല്‍ എസ്പിക്കും പരാതി നല്‍കി.
കൊല്ലം കടയ്ക്കൽ ദേവീക്ഷേത്രത്തിൽ കഴിഞ്ഞ മാർച്ച് 10ന് തിരുവാതിര ഉത്സവത്തിന്‍റെ ഭാഗമായി നടത്തിയ ഗാനമേളയും വിവാദമായിരുന്നു. അലോഷി പുഷ്പനെ അറിയാമോ, ലാൽസലാം തുടങ്ങിയ വിപ്ലവ ഗാനങ്ങൾ ആലപിക്കുകയും വേദിയിലെ എൽ. ഇ.ഡി സ്ക്രീനിൽ സി.പി.എം, ഡി.വൈ.എഫ്.ഐ കൊടികളുടെ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് അനിൽ ആരാമം കടയ്ക്കൽ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് ഗായകൻ അലോഷിയെ ഒന്നാം പ്രതിയായും ക്ഷേത്ര ഉപദേശക സമിതിയിലെ രണ്ടു പേരെ പ്രതികളാക്കിയും കടയ്ക്കൽ പൊലീസ് കേസെടുത്തു.
അതേസമയം, ആസ്വാദകരുടെ ആവശ്യപ്രകാരമാണ് പാടിയത് എന്നായിരുന്നു അലോഷിയുടെ മറുപടി. അവിടെ നിരവധി പാട്ടുകൾ പാടിയിട്ടുണ്ട്. എഫ്.ഐ.ആർ ഇട്ടതായി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. പാട്ട് പാടിയ സമയത്ത് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പരിപാടിയിൽ വന്നിട്ടുണ്ടോ എന്ന് പോലും അറിയാത്തവർ പരാതി ഉന്നയിക്കുകയായിരുന്നു എന്ന് അലോഷി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

