ഉത്തരകർണാടക ജില്ലകളെ ഉൾപ്പെടുത്തി പ്രത്യേക സംസ്ഥാനം രുപീകരിക്കണമെന്ന് കോൺഗ്രസ് എം.എൽ.എ
text_fieldsബംഗളൂരു: ഉത്തരകർണാടക ജില്ലകളെ ഉൾപ്പെടുത്തി പ്രത്യേക സംസ്ഥാനം രുപീകരിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് എം.എൽ.എ. ഉത്തരകന്നഡയിൽ വികസനമെത്തുന്നില്ലെന്ന് ആരോപിച്ചാണ് അദ്ദേഹത്തിന്റെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഷ്ട്രപതി ദ്രൗപതി മുർമ്മുവിനും കോൺഗ്രസ് നേതാവ് ഭാരംഗൗഡ കാജെ കത്തയക്കുകയും ചെയ്തിട്ടുണ്ട്.
വർഷങ്ങൾക്ക് മുമ്പുള്ള ആവശ്യമാണ് കാജെ വീണ്ടും പൊടിത്തട്ടിയെടുത്തിരിക്കുന്നത്. പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ച് നടത്തുന്ന ഒപ്പുശേഖരണത്തെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരകർണാടകയിലെ ബിദർ, കൽബുർഗി, വിജയപുര, യാദ്ഗിർ, ബാഗാൽകോട്ട്, ബെൽഗാവി, ധാർവാഡ്, ഗാഡ്ഗ്, കൊപ്പൽ, റായ്ച്ചൂർ, ഉത്തരകന്നഡ, ഹവേരി, വിജയനഗര, ബല്ലാരി, ദേവനഗര തുടങ്ങിയ ജില്ലകൾ ചേർത്ത് പ്രത്യേക സംസ്ഥാനം രുപീകരിക്കണമെന്നാണ് ആവശ്യം. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും പുറമേ ഗവർണർ താരാചന്ദ് ഗെഹ്ലോട്ടിനും അദ്ദേഹം കത്തയച്ചിട്ടുണ്ട്.
വടക്ക്-പടിഞ്ഞാറൻ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ചെയർമാനായ കാജെ നേരത്തെയും പ്രത്യേക സംസ്ഥാനത്തിനായി വാദിച്ചിട്ടുണ്ട്. ഉത്തരകർണാടകയിൽ വികസനമെത്തുന്നില്ലെന്നും ഇനിയും ഈ രീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ എം.എൽ.എ സ്ഥാനം രാജിവെക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കിയിരുന്നു.
ഉത്തരകർണാടക പ്രത്യേക സംസ്ഥാനമായി മാറ്റണമെന്ന ആവശ്യമ അംഗീകരിച്ചാൽ കന്നഡ സംസാരിക്കുന്ന എല്ലാവർക്കും അഭിമാനമുണ്ടാക്കുന്ന മറ്റൊരു സംസ്ഥാനം കൂടി രുപീകരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വിഭവങ്ങളുടെ കാര്യത്തിൽ ഉത്തരകർണാടക ബഹുദൂരം മുന്നിലാണെന്നും എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

