പുരുഷന്മാർക്ക് സൗജന്യ യാത്ര നൽകിയ സ്വകാര്യ ബസിന് പിഴ; ഉച്ചസമയത്ത് സർവീസ് നടത്താതെ പെർമിറ്റ് ലംഘിച്ചു -എം.വി.ഡി
text_fieldsപിഴ ലഭിച്ച സ്വകാര്യ ബസ്
ആലുവ: കനത്ത വരുമാന നഷ്ടത്തെ തുടർന്ന് ഉച്ചസമയത്തെ സർവീസ് നടത്താതെയിരുന്ന സ്വകാര്യ ബസിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. എറണാകുളം-മാഞ്ഞാലി-ആലുവ റൂട്ടിലോടുന്ന ലിറ്റിൽ ഫ്ലവർ എന്ന സ്വകാര്യ ബസിനാണ് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയത്. സർവീസ് നടത്താതെ പെർമിറ്റ് ലംഘിച്ചെന്ന് ആരോപിച്ച് 7,500 രൂപയാണ് എം.വി.ഡി പിഴ ചുമത്തിയത്.
സംസ്ഥാന സർക്കാർ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനുമായി കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര പദ്ധതി ആരംഭിച്ചപ്പോൾ പ്രതിഷേധ സൂചകമായി പുരുഷന്മാർക്ക് സൗജന്യ യാത്ര അനുവദിച്ച ബസാണ് ലിറ്റിൽ ഫ്ലവർ. അന്ന് മുതൽ ഇന്ന് വരെ പുരുഷന്മാർക്ക് സൗജന്യ യാത്ര നൽകിയ ബസ് കടുത്ത നഷ്ടത്തെ തുടർന്ന് ഉച്ചക്ക് 2.30നുള്ള സർവീസ് നിർത്തിവെച്ചതിൽ ലഭിച്ച പരാതിയിലാണ് മോട്ടോർ വാഹന വകുപ്പാണ് ബസിന് പിഴയിട്ടത്. സാമ്പത്തിക പ്രതിസന്ധി കൊണ്ടാണ് സർവീസ് താത്കാലികമായി നിർത്തിവെച്ചതെന്ന് അറിയിച്ചിട്ടും പിഴയിൽ മാറ്റം വരുത്താൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്ന് ബസ് ഉടമ പറഞ്ഞു.
ഓൺലൈൻ വഴി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തി പിഴ ചുമത്തിയതെന്നാണ് എം.വി.ഡി ഉദ്യോഗസ്ഥർ ബസ് ഉടമക്ക് മറുപടി നൽകിയത്. എന്നാൽ, പിഴയിട്ട പണം അടക്കാൻ രണ്ടാഴ്ച സർവീസ് നടത്തിയാലും പണം ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ബസ് ഉടമ വ്യക്തമാക്കി.
വരുമാനത്തിൽ വലിയ ഇടിവുണ്ടായതോടെ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. സർവീസുകൾ ലാഭകരമല്ലാത്ത സാഹചര്യത്തിൽ ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കാൻ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ആഹ്വാനം ചെയ്തിരുന്നു. അതേസമയം, സ്വകാര്യ ബസ് ഉടമകളുടെ ആശങ്ക സർക്കാർ ഗൗരവമായി കാണുന്നുണ്ടെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ നിയമസഭയിൽ പറഞ്ഞു. ബസുടമകൾക്ക് ആശ്വാസമായി ഇതിനോടകം നികുതിയിൽ 59 ശതമാനം കുറവ് വരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

