വിധിപറയാൻ ബാക്കിവെച്ച ഫയലുകൾ ഉൾപ്പെടെ കൂട്ടത്തോടെ നശിപ്പിച്ച് വിവരാവകാശ കമീഷൻ ഓഫിസ്; നിയമനടപടിക്കൊരുങ്ങി അപേക്ഷകൻ
text_fieldsപാലക്കാട്: വിധിപറയാൻ ബാക്കിവെച്ച ഫയലുകൾ ഉൾപ്പെടെ വിവരാവകാശ കമീഷൻ ഓഫിസ് കൂട്ടത്തോടെ നശിപ്പിച്ചു. 2014 ജൂൺ നാലിലെ കമീഷന്റെ ഫയലുകളിലെ നടപടിക്രമം അടിസ്ഥാനമാക്കിയാണ് നശിപ്പിച്ചതെന്നായിരുന്നു ഫയൽ തുടർനടപടി ചോദിച്ച അപേക്ഷകനോട് വിവരാവകാശ കമീഷൻ ഓഫിസ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറിൽ (എസ്.പി.ഐ.ഒ) നിന്നുള്ള വിശദീകരണം. ഇത് സംബന്ധിച്ച് നിയമനടപടിക്കൊരുങ്ങുകയാണ് നശിപ്പിക്കപ്പെട്ട ഫയലിലെ അപേക്ഷകനായ ദേശീയ വിവരവകാശ കൂട്ടായ്മ കോ ഓർഡിനേറ്റർ ടി.പി. മുജീബ് റഹ്മാൻ പത്തിരിയാൽ.
തർക്കത്തിലുള്ളതോ, തീർപ്പാകാൻ ബാക്കിയുള്ളതോ, അപേക്ഷകളുടെ അടിസ്ഥാന രേഖകളോ നശിപ്പിക്കാൻ പാടില്ലെന്ന് 2014 ജൂൺ നാലിലെ ഉത്തരവിൽ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. ഇത് പാലിക്കാതെയാണ് കൂട്ട നശിപ്പിക്കൽ നടത്തിയതെന്ന് വ്യക്തമാക്കുന്നതാണ് മറുപടിയെന്ന് മുജീബ് റഹ്മാൻ പത്തിരിയാൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
2014,2020,2013 വർഷങ്ങളിൽ അപ്പീലിൽ തീർപ്പ് കാത്തിരിക്കുന്ന തന്റെ ഫയലിലെ അന്തിമ നടപടി ചോദിച്ച് 2023 ഡിസംബർ നാലിനാണ് വിവരാവകാശ കമീഷൻ ഓഫിസിൽ അപേക്ഷ നൽകിയത്. 2014 ൽ വിവരാവകാശ കമീഷണറായ സോമനാഥൻ പിള്ളയിൽ നിന്ന് ഉത്തരവ് ലഭിച്ച് എസ്.പി.ഐ.ഒയോട് സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെട്ടിരുന്നു.
സത്യവാങ്മൂലത്തിന്റെ പകർപ്പ് ലഭ്യമാക്കുന്നത് ഉൾപ്പെടെയായിരുന്നു ഒരു ചോദ്യം. 2020 ഒക്ടോബർ 20ന് ഇതേ വിവരാവകാശ കമീഷണറുടെ ഉത്തരവിൽ ഒന്നാംഅപ്പീൽ അധികാരിയോട് റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിരുന്നു. 2013 ജൂൺ 25 വിവരാവകാശ കമീഷണറായ ശശികുമാർ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ കുറ്റക്കാരനെന്ന് കണ്ട് നോട്ടീസ് അയക്കാനും ഉത്തരവിട്ടിരുന്നു. ഇവയുടെ പകർപ്പും മറുപടിയും ഉൾപ്പെടെ അറിയിക്കാനായിരുന്നു ചോദ്യം. എന്നാൽ ഈ മൂന്ന് വിവരാവകാശ അപേക്ഷകളിലെ തുടർനടപടികൾ പരാതിക്കാരന് ലഭ്യമായില്ല.
11 വർഷമായി തീർപ്പ് കൽപ്പിക്കാത്തതടക്കമുള്ള അപേക്ഷകളുടെ നടപടി ചോദിച്ചപ്പോഴാണ് വിവരം വ്യക്തമായി തരാത്തതിനെത്തുടർന്ന് കമീഷന് അപ്പീൽ അപേക്ഷ നൽകിയത്. പരാതി കേട്ട വിവരാവകാശ കമീഷൻ ഇതേ കമീഷൻ ഓഫിസിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറോട് വിവരം ആവശ്യപ്പെട്ടപ്പോഴാണ് ‘ഫയൽ നശിപ്പിച്ചതായ മറുപടി’ അപേക്ഷകന് ലഭിച്ചത്. . അന്തിമ തീർപ്പ് നടപടികളെ സംബന്ധിച്ച് അറിയിക്കാതെ വിവരാവകാശ കമീഷൻ ഫയൽ ബോധപൂർവം നശിപ്പിച്ചെന്നാരോപിച്ച് നിയമനടപടിക്കൊരുങ്ങുകയാണ് മുജീബ്റഹ്മാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

