പി.എസ്.സി പരീക്ഷയില്‍ ഗുരുതര ക്രമക്കേട് നടന്നതായി ആരോപണം; അനധികൃതമായി സിലബസ് മാറ്റി, ഉത്തര സൂചികയിലും അസ്വാഭാവികത
text_fieldsതിരുവനന്തപുരം: പി.എസ്.സി പരീക്ഷയില്‍ ഗുരുതര ക്രമക്കേട് നടന്നതായി ഉദ്യോഗാർഥികളുടെ ആരോപണം. ജൂൺ 18ന് കഴിഞ്ഞ ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് റിസര്‍ച്ച് ഓഫീസര്‍ പരീക്ഷയിലാണ് ക്രമക്കേട് നടന്നെന്ന ആരോപണം ഉയരുന്നത്. അനധികൃതമായി സിലബസ് മാറ്റിയെന്നും ഇക്കാര്യം അറിയിച്ചില്ലെന്നും ഉദ്യോഗാർഥികള്‍ പറയുന്നു.
പി.എസ്.സി നടത്തുന്ന പരീക്ഷകൾക്ക് വ്യക്തമായ സിലബസ് നൽകാറുണ്ട്. എന്നാൽ പരീക്ഷയുടെ രണ്ടു മാസം മുന്‍പാണ് അതുവരെ ഉണ്ടായിരുന്ന സിലബസ് മാറ്റിയത്. അറിയിപ്പില്ലാതെ അനധികൃതമായാണ് സിലബസ് മാറ്റിയതെന്ന് പരാതിയില്‍ പറയുന്നുണ്ട്. പരീക്ഷാ ദിവസമാണ് ഉദ്യോഗാർഥികള്‍ സിലബസ് മാറിയ വിവരം അറിഞ്ഞത്.
വര്‍ഷങ്ങളായി ഈ തസ്തികയിലേക്കുള്ള പരീഷ സിലബസില്‍ പ്രധാനമായും ഉൾപ്പെടുന്നത് എക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ജനറല്‍നോളജ് എന്നീ വിഷയങ്ങളാണ്. എന്നാല്‍ ഇത്തവണ അറിയിപ്പില്ലാതെ പരീക്ഷക്ക് തൊട്ട് മുമ്പ് ജനറല്‍നോളജ് ഒഴിവാക്കി കൊമേഴ്‌സ് ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ ഈ തസ്തികക്ക് എന്തിനാണ് കൊമേഴ്‌സ് ഉള്‍പ്പെടുത്തിയതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ചോദിക്കുന്നു.
മാസങ്ങളും വർഷങ്ങളും എടുത്ത് പി.എസ്.സി പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികൾ നിരവധിയാണ്. എന്നാൽ പരീക്ഷക്ക് തൊട്ടുമുമ്പുള്ള സിലബസ് മാറ്റം തീർത്തും അനീതിയാണെന്ന് ഇവർ ചൂണ്ടികാട്ടുന്നു. ഉത്തര സൂചികയിലും ഉദ്യോഗാര്‍ത്ഥികള്‍ അസ്വാഭാവികത ചൂണ്ടിക്കാണിക്കുന്നുണ്ട്. 100 ചോദ്യങ്ങളില്‍ 54 ചോദ്യത്തിന്റെ ഉത്തരങ്ങളും ബി ഓപ്ഷനാണ് എന്നതാണ് അസ്വാഭാവികത. ചിലരെ സഹായിക്കാനായി നടത്തിയ ക്രമക്കേടാണിതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു. പരീക്ഷ റദ്ദാക്കണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. മുഖ്യമന്ത്രിക്കും പി.എസ്.സി ചെയര്‍മാനും ഉദ്യോഗാര്‍ത്ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

