കോവിഡ് ബാധിതയെ സമയത്ത് ആശുപത്രിയിൽ എത്തിച്ചില്ലെന്ന് ആക്ഷേപം
text_fieldsതൊടുപുഴ: അവശനിലയിലായ കോവിഡ് ബാധിതയായ യുവതിയെ ആരോഗ്യവകുപ്പ് ആശുപത്രിയിൽ എത്തിച്ചില്ലെന്ന് ആക്ഷേപം. മുതലക്കോടത്തിനു സമീപം മാവിൻചുവട്- ഉണ്ടപ്ലാവ് റോഡിൽ വാടകക്ക് താമസിക്കുന്ന 22കാരിക്ക് കടുത്ത പനിയും ഛർദിയും ഉണ്ടായതിനെ തുടർന്നാണ് പരിശോധന നടത്തിയത്.
19ന് വൈകീട്ട് മൂന്നിന് രോഗം സ്ഥിരീകരിച്ചു. എന്നാൽ, രാത്രി വൈകിയും ആരോഗ്യവകുപ്പ് അധികൃതർ യുവതിയെ ആശുപത്രിയിലേക്ക് നീക്കിയില്ലെന്നാണ് ആരോപണം. രണ്ട് വയസ്സുള്ള കുട്ടിയും ഭർത്താവും യുവതിക്കൊപ്പം ചെറിയ വീട്ടിലാണ് കഴിഞ്ഞത്. തുടർന്ന് വാർഡ് കൗൺസിലർ വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചു.
പിറ്റേന്ന് രാവിലെ രോഗം ഭേദമായ ആളെ ആശുപത്രിയിൽനിന്ന് വീട്ടിൽ കൊണ്ടുവിട്ടശേഷം ആംബുലൻസ് വിടാമെന്നായിരുന്നു മറുപടി ലഭിച്ചത്.
എന്നാൽ, രാവിലെയായിട്ടും ആംബുലൻസ് എത്താതെ വന്നതോടെ കൗൺസിലർ ഹെൽത്ത് ഇൻസ്പെക്ടറെ ബന്ധപ്പെട്ടു. ഉച്ചയോടെ യുവതി അവശയായി. തുടർന്ന് ഡെപ്യൂട്ടി ഡി.എം.ഒയെ ബന്ധപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ വൈകീട്ട് മൂന്നോടെയാണ് യുവതിയുടെ വീടിനടുത്ത് ആരോഗ്യപ്രവർത്തർ ഇല്ലാതെ ആംബുലൻസ് എത്തിയത്. ഇവരിപ്പോൾ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.