ഇ.പി ജയരാജനെതിരായ ആരോപണം: യു.ഡി.എഫിൽ ആശയക്കുഴപ്പം
text_fieldsതിരുവനന്തപുരം: സി.പി.എമ്മിലെ ജയരാജപ്പോരിന് കാരണമായ റിസോർട്ട് അഴിമതിയിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് സംസ്ഥാന കോൺഗ്രസിലും യു.ഡി.എഫിലും ആശയക്കുഴപ്പം. കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്രഏജൻസി അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ആവശ്യപ്പെട്ടപ്പോൾ ഇ.ഡി അന്വേഷണമെന്ന ആവശ്യം പ്രതിപക്ഷനേതാവ് വി.ഡി സതീശൻ തള്ളി. ഇ.ഡി അന്വേഷണം കേന്ദ്രമന്ത്രി വി. മുരളീധരൻ ആവശ്യപ്പെടുന്നത് കുഴൽപ്പണം-സ്വർണക്കടത്ത് കേസുകളിലേതുപോലെ സി.പി.എമ്മുമായി സന്ധി ചെയ്യാനാണെന്നാണ് അദ്ദേഹത്തിന്റെ വാദം. നിഷ്പക്ഷ അന്വേഷണത്തിന് കേന്ദ്രഏജൻസികളോട് ആവശ്യപ്പെടാൻ മുഖ്യമന്ത്രി തയാറാകണമെന്നാണ് യു.ഡി.എഫ് കൺവീനർ എം.എം. ഹസന്‍ ആവശ്യപ്പെട്ടത്.
സ്വതന്ത്ര ഏജൻസിയുടെ അന്വേഷണമാണ് രമേശ് ചെന്നിത്തലക്ക് വേണ്ടത്. ജുഡീഷ്യൽ അന്വേഷണമാകട്ടെയെന്ന് കെ. മുരളീധരനും. സി.പി.എമ്മിലെ തർക്കം അവരുടെ ആഭ്യന്തരകാര്യമെന്ന് പറഞ്ഞ് വിഷയത്തെ ലഘൂകരിക്കാനാണ് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി തുടക്കത്തിൽ തയാറായത്. ഇതിനോട് വിയോജിച്ച് കെ.പി.എ. മജീദും കെ.എം. ഷാജിയും ഉൾപ്പെടെ ലീഗിലെ മറ്റു നേതാക്കൾ നിലപാട് കടുപ്പിച്ചതിനു പിന്നാലെ കുഞ്ഞാലിക്കുട്ടിക്ക് ആദ്യനിലപാട് തിരുത്തേണ്ടി വന്നു. റിസോർട്ട് അഴിമതി വിഷയത്തിൽ പ്രതികരിക്കുന്നതിൽ വീഴ്ചവന്നുവെന്ന വികാരവും കോൺഗ്രസിലും യു.ഡി.എഫിലും ശക്തമാണ്.
അതേസമയം, കേന്ദ്ര ഏജൻസികളെ മോദിസർക്കാർ രാഷ്ട്രീയമായി ദുരുപയോഗിക്കുന്നെന്ന ആരോപണം കോൺഗ്രസ് ദേശീയതലത്തിൽ ഉന്നയിക്കുമ്പോൾ ഇവിടെ കേന്ദ്ര ഏജൻസികളെ സ്വാഗതം ചെയ്യുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകാമെന്ന ആശങ്കയാണ് പ്രതിപക്ഷനേതാവിന്റെ നിലപാടിന് പിന്നിലുള്ളത്.
ഇ.പി. ജയരാജനെതിരായ പരാതി 2019ല്‍ ലഭിച്ചിട്ടും മുഖ്യമന്ത്രി ഒളിപ്പിച്ചതെന്തിനെന്ന ചോദ്യവും അദ്ദേഹം ഉയർത്തുന്നു. ലീഗ് നേതാവ് കെ.എം. ഷാജിയുടെ വീട് അളക്കാന്‍ മൂന്നുതവണ പോയ വിജിലന്‍സ്, റിസോര്‍ട്ടിന്റെ മറവില്‍ നടന്ന കള്ളപ്പണം വെളുപ്പിക്കലും അനധികൃത സ്വത്ത് സമ്പാദനവും അറിയാതെ പോയത് എന്തുകൊണ്ടാണെന്ന് ചോദിച്ച് മുഖ്യമന്ത്രിയെ ചോദ്യമുനമ്പിൽ നിർത്തുകയാണ് സതീശൻ.
ഏത് അന്വേഷണം ആവശ്യപ്പെടണമെന്നതിൽ ഈ മാസം 30ന് ചേരുന്ന യു.ഡി.എഫ് യോഗം തീരുമാനമെടുക്കും. എന്നാൽ, സി.പി.എമ്മിലെ പോര് സർക്കാറിനെയും ഭരണമുന്നണിയെയും പ്രതിരോധത്തിലാക്കാമായിരുന്നിട്ടും അതു ഫലപ്രദമായി ഉപയോഗിക്കാതെ ആശയക്കുഴപ്പവും പ്രതികരണത്തിൽ കാലതാമസവും വരുത്തിയെന്ന പരാതി അണികൾക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

