'ഇത് ചരിത്രത്തിൽ ആദ്യം, ഇപ്പോൾ ആഘോഷിച്ചില്ലെങ്കിൽ പിന്നെയെപ്പോൾ..?'; വരുമാനത്തിൽ പുതിയ റെക്കോഡ് നേടി കെ.എസ്.ആർ.ടി.സി, സന്തോഷം പങ്കുവെച്ച് മന്ത്രി
text_fieldsഫയൽ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റ് വരുമാനത്തിൽ പുതിയ റെക്കോഡ് സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. ചരിത്രത്തിൽ ആദ്യമായി ഒരു ദിവസത്തെ വരുമാനം 13.01 കോടി രൂപയിലെത്തിയെന്ന് മന്ത്രി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
ജനുവരി അഞ്ച് (തിങ്കളാഴ്ച) മാത്രം ടിക്കറ്റ് വരുമാനം 12.18 കോടി രൂപയും ടിക്കറ്റ് ഇതര വരുമാനം 0.83 കോടി രൂപയും ഉൾപ്പെടെയാണ് 13.01 കോടിലെത്തിയത്.
മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
"ഇപ്പോൾ നമ്മൾ ആഘോഷിച്ചില്ലെങ്കിൽ പിന്നെ ഇപ്പോഴാ? ചരിത്രത്തിൽ ഇത് ആദ്യമാണ്. ഈ നേട്ടത്തിൽ നമ്മൾക്ക് അഭിമാനിക്കാം..നമ്മൾക്ക് അസാധ്യമായി ഒന്നുമില്ലെന്ന് ഒരിക്കൽകൂടി കെ.എസ്.ആർ.ടി.സിയുടെ ജീവനക്കാർ തെളിയിച്ചു. പ്രിയപ്പെട്ട എന്റെ കെ.എസ്.ആർ.ടി.സിജീവനക്കാരേ, നിങ്ങളെയോർത്ത് ഞാൻ അഭിമാനം കൊള്ളുന്നു..നമ്മൾ നേടുന്ന ഓരോ നേട്ടങ്ങളും നമ്മുടെ കൂട്ടായ പ്രവർത്തനംകൊണ്ടാണ്..ഇനിയും ഏറെ ദൂരം നമ്മൾക്ക് സഞ്ചരിക്കേണ്ടതുണ്ട്..നമ്മൾക്ക് കഴിയും, നിങ്ങൾ കൂടെ നിന്നാൽ മതി.. ടിക്കറ്റ് വരുമാനം 12.18 കോടി രൂപയും ടിക്കറ്റ് ഇതര വരുമാനം 0.83 കോടി രൂപയും ഉൾപ്പെടെ 13.01 കോടി.
കെ.എസ്.ആർ.ടി.സി സി.എം.ഡി ഡോ.പ്രമോജ് ശങ്കറിന്റെയും മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും, സൂപ്പർവൈസർമാരുടെയും, ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് തുടർച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് കെ.എസ്.ആർ.ടി.സിക്ക് സഹായകരമാകുന്നത്. കഴിഞ്ഞവർഷം നിലനിന്നിരുന്ന സമാന സാഹചര്യത്തിലും ടിക്കറ്റ് നിരക്കിൽ വർധനവില്ലാതെയും പ്രവർത്തനം മെച്ചപ്പെടുത്തിയാണ് ഈ വലിയ ലക്ഷ്യം കെ.എസ്.ആർ.ടി.സി കൈവരിച്ചത്.
ഞാൻ മന്ത്രിയായി സ്ഥാനമേറ്റടുത്തതിന് ശേഷം നടത്തിയ കാലോചിതമായ പരിഷ്ക്കരണ നടപടികളും, കെ.എസ്.ആർ.ടി.സി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ തുടർ പ്രവർത്തനങ്ങളും "സ്വയംപര്യാപ്ത കെ.എസ്.ആർ.ടി.സി" എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ മുന്നേറ്റത്തിന് നിർണായകമായി. പുതിയ ബസുകളുടെ വരവും, സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരിൽ വൻ സ്വീകാര്യത നേടിയിട്ടുണ്ട്.
ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കെ.എസ്.ആർ.ടി.സിയുടെ എല്ലാ ഡിപ്പോകളും നിലവിൽ പ്രവർത്തന ലാഭത്തിലാണ്. മികച്ച ടിക്കറ്റ് വരുമാനം നേടുന്നതിനായി കെ.എസ്.ആർ.ടി.സി നിശ്ചയിച്ചു നൽകിയിരുന്ന ടാർജറ്റ് നേടുന്നതിനായി ഡിപ്പോകളിൽ നടന്ന മത്സരബുദ്ധിയോടെയുള്ള പ്രവർത്തനങ്ങളും ഓഫ് റോഡ് കുറച്ച് പരമാവധി ബസുകൾ നിരത്തിലിക്കാനായതും സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും വരുമാനം വർധിക്കുന്നതിന് കാരണമായിട്ടുണ്ട്.
കെ.എസ്.ആർ.ടി.സിയുടെ തുടർച്ചയായ, ഈ നേട്ടങ്ങൾ കൈവരിക്കുന്നതിൽ അക്ഷീണം പ്രയത്നിക്കുന്ന കെ.എസ്.ആർ.ടി.സി സി.എം.ഡി ഡോ.പ്രമോജ് ശങ്കറിനും മാനേജ്മെന്റിനും കെ.എസ്.ആർ.ടി.സി യുടെ എല്ലാ വിഭാഗം ജീവനക്കാർക്കും എന്റെ അഭിനന്ദനം അറിയിക്കുന്നു.... വിശ്വാസ്യത പുലർത്തി കെഎസ്ആർടിസിയോടോപ്പം നിൽക്കുന്ന എല്ലാ യാത്രക്കാർക്കും എന്റെ നന്ദി അറിയിക്കുന്നു..."
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

