സോളാർ കമീഷൻ റിപ്പോർട്ടിലെ എല്ലാ പരാമർശങ്ങളും അംഗീകരിക്കാനാവില്ല -കാനം രാജേന്ദ്രൻ
text_fieldsതിരുവനന്തപുരം: സോളാർ കമീഷൻ റിപ്പോർട്ടിലെ എല്ലാ പരാമർശങ്ങളും അംഗീകരിക്കാൻ സാധിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കമീഷന്‍റെ റിപ്പോർട്ട് പൂർണമായി വായിച്ചെന്നും തള്ളി കളയേണ്ട പലതുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമുള്ളതും ഇല്ലാത്തതും റിപ്പോർട്ടിൽ എഴുതിയിട്ടുണ്ടെന്നും കാനം ചൂണ്ടിക്കാട്ടി.
സോളാർ സമരം ഒത്തുതീർപ്പാക്കാൻ ധാരണ ഉണ്ടാക്കിയിട്ടില്ല. എന്നാൽ, സി. ദിവാകരന്‍റെ പുസ്തകത്തിൽ സോളാർ സമരം ഒത്തുതീർപ്പാക്കിയെന്ന പരാമർശം വസ്തുതാവിരുദ്ധമാണ്. അത്തരം പരാമർശങ്ങൾ വിപണന തന്ത്രം മാത്രമാണെന്നും കാനം പറഞ്ഞു.
സർവകലാശാലകളിൽ അട്ടിമറികൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ടെന്ന് കാനം വ്യക്തമാക്കി. 1970-80കളിൽ സജീവമായി ചർച്ച ചെയ്ത വിഷയമാണിത്. പ്രമുഖനായ ഒരു നേതാവ് വർഷങ്ങൾക്ക് മുമ്പും സർവകലാശാലയിൽ കയറാൻ പരീക്ഷ എഴുതിയ വാർത്ത പുറത്തുവന്നിട്ടുണ്ട്.
സർവകലാശാല ഒരു സ്വതന്ത്ര സംവിധാനമാണ്. സർവകലാശാലയിൽ കാണിക്കുന്ന എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം സർക്കാറിന് ഏറ്റെടുക്കാൻ സാധിക്കില്ല. പണ്ട് കെ.എസ്.യു നേതാക്കളായിരുന്നുവെന്നും ഇപ്പോൾ അത് എസ്.എഫ്.ഐ എന്നേയുള്ളുവെന്നും കാനം കൂട്ടിച്ചേർത്തു.