അസമിൽ ഓൾസെറ്റ്
text_fieldsഹിമന്ദ ബിശ്വ ശർമ, ഗൗരവ് ഗൊഗോയി
ഗുവാഹത്തി: കേരളത്തിലെപോലെ ഏപ്രിൽ ഒമ്പതിനാണ് അസമിലും തെരഞ്ഞെടുപ്പ്. കേരളത്തിലെ രാഷ്ട്രീയ ചരിത്രവുമായി അസമിന് സാമ്യങ്ങളേറെ. പത്തു വർഷമായി രണ്ട് സംസ്ഥാനത്തും കോൺഗ്രസ് പ്രതിപക്ഷത്താണ്. തുടർച്ചയായ 15 വർഷം തരുൺ ഗൊഗോയ് നയിച്ച കോൺഗ്രസ് സർക്കാറായിരുന്നു ഈ വടക്കു കിഴക്കൻ സംസ്ഥാനത്ത്. 2016ൽ നഷ്ടമായ ഭരണം തിരിച്ചു പിടിക്കാൻ തരുൺ ഗൊഗോയിയുടെ മകനും ലോക്സഭയിലെ പാർട്ടി ഉപനേതാവുമായ ഗൗരവ് ഗൊഗോയിയെയാണ് ഹൈക്കമാൻഡ് രംഗത്തിറക്കിയത്. ഒരു വർഷമായി സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗൗരവാണ്. കേരളത്തിൽ എം.പിമാർ മത്സരിക്കേണ്ടെന്ന് കർശന നിർദേശം നൽകിയ എ.ഐ.സി.സി ഗൗരവ് ഗൊഗോയിയെ മത്സരിപ്പിക്കുന്നുവെന്നതും കൗതുകം. കേരളത്തിൽ ഭരണത്തിലേറിയാൽ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നാണ് നേതാക്കൾ പറയുന്നത്. എന്നാൽ, അസമിൽ ഭരണം തിരിച്ചുപിടിക്കാൻ ഗൗരവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി നേരത്തേ പ്രഖ്യാപിച്ചു കഴിഞ്ഞു.
126 സീറ്റുകളിലേക്കാണ് തീപാറും പോരാട്ടം. അസം സോൻമിലിതോ മോർച്ച (എ.എസ്.എം) എന്ന സംയുക്ത സഖ്യത്തെയാണ് കോൺഗ്രസ് നയിക്കുന്നത്. പ്രാദേശികമായി സ്വാധീനമുള്ള ചെറുപാർട്ടികളാണ് സഖ്യകക്ഷികൾ. അഖിൽ ഗൊഗോയിയുടെ റെയ്ജോർ ദളും ലുറിൻജ്യോതി ഗൊഗോയിയുടെ അസം ജാതീയ പരിഷത്തുമാണ് കോൺഗ്രസിനൊപ്പം ഉള്ളത്. മൂന്ന് ഗൊഗോയിമാരും ഓളം തീർത്തതാണ് പ്രചാരണം നടത്തുന്നത്. സുഗന്ധദ്രവ്യ കച്ചവട പ്രമുഖനായ ബദ്റുദ്ദീൻ അജ്മലിന്റെ എ.ഐ.യു.ഡി.എഫ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് വരെ കോൺഗ്രസിനൊപ്പമായിരുന്നു. എന്നാൽ, അജ്മലിന്റെ പാർട്ടിയെ കൂടെ കൂട്ടിയാൽ ബി.ജെ.പിയിലേക്ക് ഭൂരിപക്ഷ വോട്ടുകൾ കേന്ദ്രീകരിക്കുന്നതാണ് അനുഭവം. അതോടെ ‘നൈസായി’ അജ്മലിന്റെ പാർട്ടിയെ കോൺഗ്രസ് ഒഴിവാക്കി. 30 ശതമാനത്തിലേറെ മുസ്ലിം വോട്ടുകൾ പാർട്ടിക്ക് തന്നെ കിട്ടുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
വർഗീയ പ്രചാരണങ്ങൾക്കാണ് ബി.ജെ.പി നേതൃത്വം നൽകുന്നതെന്ന ആക്ഷേപം ശക്തമാണ്. ബംഗാളി വേരുകളുള്ള മിയ മുസ്ലിംകൾക്കെതിരെ മുഖ്യമന്ത്രി ഹിമന്ദ ശർമയും ബി.ജെ.പിയും നിരന്തരം എതിർപ്പുയർത്തിയിരുന്നു. ധുബ്രി, ബാർപെട്ട, ഗോൾപര, മോറിഗാവ് തുടങ്ങിയ ജില്ലകളിൽ നിർണായക ശക്തിയായ മിയ മുസ്ലിംകൾ കോൺഗ്രസിനൊപ്പം നിൽക്കാനാണ് സാധ്യത.
താഴ്വരയിലും അപ്പർ അസമിലുമെല്ലാം തെരഞ്ഞെടുപ്പ് വിഷയങ്ങൾക്ക് പഞ്ഞമില്ല. ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ നിയമ ഭേദഗതിയുമടക്കമുള്ളവയാണ് കത്തുന്ന വിഷയം. അസമിന്റെ അഭിമാനമായിരുന്ന ഗായകൻ സുബീൻ ഗാർഗിന്റെ മരണം വൈകാരിക വിഷയമായി പ്രചാരണത്തിലുണ്ട്. മരണത്തിൽ സർക്കാറിലെ പ്രധാന ഉദ്യോഗസ്ഥർ പ്രതിയായതിനാൽ കോൺഗ്രസ് സുബീന് നീതി വേണമെന്ന ആവശ്യം ശക്തമാക്കുകയാണ്. ജെൻ സികളെയും യുവാക്കളെയും ആകർഷിക്കാൻ സുബീൻ ഗാർഗിന്റെ മരണം ലൈവായി നിർത്താൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. ക്ഷേമപദ്ധതികളിലൂടെ പണം കൈമാറിയതാണ് മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയുടെ നേതൃത്വത്തിൽ എൻ.ഡി.എ ഉയർത്തികാട്ടുന്നത്. വീണ്ടും ജയിച്ചാൽ രണ്ട് എൽ.പി.ജി സിലിണ്ടർ സൗജന്യമായി നൽകുമെന്ന് ഹിമന്ദ പറയുന്നു. ബോഡോലാൻഡ് അടക്കമുള്ള വിഷയങ്ങളും ചർച്ചയാണ്. നിരവധി കോൺഗ്രസ് നേതാക്കൾ അടുത്തിടെ ബി.ജെ.പിയിലെത്തി. അവർക്ക് സീറ്റും കിട്ടി. ബി.ജെ.പി മന്ത്രി കോൺഗ്രസിലേക്കും ചാടിയിരുന്നു.
കോൺഗ്രസ് പ്രചാരണം നയിക്കുന്ന ഗൗരവ് ഗൊഗോയി ഇതാദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. മികച്ച പാർലമെന്റേറിയനായി ലോക്സഭയിൽ തിളങ്ങിയ ഗെഗോയി ജോർഹട്ടിലാണ് മാറ്റുരക്കുന്നത്. എതിരാളി മുൻ അസം ഗണപരിഷത്ത് നേതാവായ ബി.ജെ.പി എം.എൽ.എ ഹിതേന്ദ്രനാഥ് ഗോസ്വാമിയാണ്. സംസ്ഥാനത്തുടനീളം ഗൊഗോയി പ്രചാരണത്തിലാണ്. വൻ ജനക്കൂട്ടമാണ് എല്ലായിടത്തും. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കാണ് അസമിന്റെ ചുമതല. പ്രിയങ്കയും രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായുമടക്കമുള്ള പ്രമുഖർ അസമിൽ പ്രചാരണത്തിനെത്തി. 25 വർഷത്തിന് ഇതാദ്യമായി ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

