പയ്യന്നൂരിൽ തെരഞ്ഞെടുപ്പിന് പിന്നാലെ സംഘർഷാവസ്ഥ; വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരുടെ വീടുകൾക്കും സ്വത്തുക്കൾക്കും നേരെ ആക്രമണ പരമ്പര
text_fieldsപയ്യന്നൂർ : പയ്യന്നൂരിൽ തെരഞ്ഞെടുപ്പിന് പിന്നാലെ തുടരുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ പയ്യന്നൂർ താലൂക്ക് ഓഫീസിൽ സർവകക്ഷി യോഗം ചേർന്നു. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണൻ, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി. സത്യപാലൻ എന്നിവർക്കു പുറമെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. പ്രദേശത്തെ അശാന്തിക്ക് അറുതി വരുത്താനും രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ധാരണയുണ്ടാക്കാനുമാണ് ഭരണകൂടത്തിന്റെ നീക്കം.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരുടെ വീടുകൾക്കും സ്വത്തുവകകൾക്കും നേരെ വ്യാപകമായ ആക്രമണങ്ങളാണ് പയ്യന്നൂരിലുണ്ടായത്. സിപിഎം മുൻ ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ടി. പുരുഷോത്തമന്റെ വീടിന്റെ ജനൽ ചില്ലകൾ തകർക്കുകയും മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിക്കുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി പേരൂരിൽ കുഞ്ഞികൃഷ്ണന്റെ അനുയായി എം.കെ. നാരായണന്റെ കാർ കത്തിക്കാൻ ശ്രമം നടക്കുകയും കുഞ്ഞികൃഷ്ണന്റെ കൃഷിസ്ഥലത്തെ മഴമറകളും മതിൽക്കെട്ടും തകർക്കപ്പെടുകയും ചെയ്തു. ഇത്തരം അനിഷ്ടകരമായ സംഭവങ്ങൾ പയ്യന്നൂരിലെ സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
നിലവിലെ സംഘർഷാവസ്ഥ പരിഗണിച്ച് സി.പി.എം, കോൺഗ്രസ്, ബി.ജെ.പി, മുസ്‌ലിം ലീഗ് തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും യോഗത്തിൽ സന്നിഹിതരാണ്. സമാധാന പ്രക്രിയയിൽ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പൂർണ പിന്തുണ തേടുകയാണ് എ.ഡി.എം. അക്രമങ്ങൾ തുടരാൻ അനുവദിക്കില്ലെന്നും സമാധാനപരമായ അന്തരീക്ഷം ഉറപ്പുവരുത്താൻ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

