സൗജന്യയാത്ര പദ്ധതി: സ്വകാര്യ ബസുകൾക്ക് പ്രതിസന്ധി സൃഷ്ടിക്കും, സർക്കാർ സഹായമില്ലെങ്കിൽ 19ന് ശേഷം സമരത്തിലേക്ക് -ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ
text_fieldsതൃശൂർ: കെ.എസ്.ആർ.ടി.സി ബസുകളിൽ നടപ്പാക്കുന്ന സ്ത്രീകളുടെ സൗജന്യയാത്ര സ്വകാര്യ ബസുകൾക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ. സ്വകാര്യ ബസുകൾക്ക് സഹായകമായ പ്രഖ്യാപനം ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാർഥികളുടെ കൺസഷൻ വർധിപ്പിക്കണമെന്ന ആവശ്യം ഇനിയും പരിഗണിച്ചിട്ടില്ല. സർക്കാർ സഹായം ഉണ്ടായില്ലെങ്കിൽ 19ന് ശേഷം സമരത്തിലേക്ക് കടക്കുമെന്നും ടി. ഗോപിനാഥ് പറഞ്ഞു.
കെ.എസ്.ആർ.ടി.സി ബസുകളിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ തങ്ങളുടെ ആശങ്ക നേരത്തെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. യാത്രക്കാർ സ്വകാര്യ ബസുകളെ ഒഴിവാക്കി കെ.എസ്.ആർ.ടി.സി ബസുകളിൽ കയറിയാൽ സ്വകാര്യ ബസുകൾക്ക് നിലനിൽപ്പുണ്ടാവില്ല. 5000 കോടി രൂപ മുതൽമുടക്കുള്ള വ്യവസായമാണിത്. സ്വകാര്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ നയം എന്ന് പറയുന്നു. ബജറ്റിൽ സർക്കാർ സഹായമില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും ടി. ഗോപിനാഥ് വ്യക്തമാക്കി.
ജൂൺ 11 മുതലാണ് കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി നടപ്പാക്കുന്നത്. ഓർഡിനറി ബസുകളിലാണ് ആദ്യഘട്ടത്തിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര തീരുമാനിച്ചത്. സൗജന്യയാത്ര ലഭ്യമാകുന്ന ഓർഡിനറി ബസുകളിൽ പ്രിയദർശിനി സ്റ്റിക്കർ ഒട്ടിക്കാനും തീരുമാനമായി. പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ബസുകളുടെ ഡോറുകളിലാകും സ്റ്റിക്കർ പതിക്കുക. ഇതിലൂടെ സൗജന്യയാത്രയുള്ള ബസുകൾ ഏതൊക്കെയെന്ന് ജനങ്ങൾക്ക് അറിയാൻ സാധിക്കും. പദ്ധതിയുടെ ഉദ്ഘാടന ദിവസം മുഖ്യമന്ത്രി വി.ഡി. സതീശൻ ബസിൽ യാത്ര ചെയ്യും. തിങ്കളാഴ്ച സെക്രട്ടേറിയറ്റ് വരെയാണ് മുഖ്യമന്ത്രി യാത്ര ചെയ്യുക. കൂടെ വനിതാ മന്ത്രിമാരുമുണ്ടാകും.
അതേസമയം, പദ്ധതി നടപ്പാക്കുന്നതിലൂടെ ഒരു മാസം സർക്കാരിന് 70 കോടിയുടെ ബാധ്യതയുണ്ടാക്കുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സൗജന്യയാത്രയെ തുടർന്ന് 750-800 കോടിയോളം വരുമാനക്കുറവ് കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകും. ഈ തുക സർക്കാർ കെ.എസ്.ആർ.ടി.സിക്ക് നൽകും. 1500 കോടിയോളം നിലവിൽ കെ.എസ്.ആർ.ടി.സിക്ക് ശമ്പളവും പെൻഷനുമായി നൽകുന്നുണ്ട്. ഇതിനൊപ്പമായിരിക്കും ഈ തുക കൂടി നൽകുകയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

