ഡൽഹി തെരഞ്ഞെടുപ്പ്; എല്ലാ കണ്ണുകളും മൂന്നിടത്തേക്ക്
text_fieldsഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുമായി നീങ്ങുന്ന ഉദ്യോഗസ്ഥർ
ന്യൂഡൽഹി: അത്യന്തം വാശിയേറിയ നിയമസഭ തെരഞ്ഞെടുപ്പിന് ഡൽഹി സാക്ഷ്യം വഹിക്കുമ്പോൾ എല്ലാ കണ്ണുകളും മൂന്ന് മണ്ഡലങ്ങളിലേക്കാണ്. ആം ആദ്മി പാർട്ടിയുടെ മൂന്ന് പ്രമുഖ നേതാക്കളായ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, മുഖ്യമന്ത്രി അതിഷി, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവർ മത്സരിക്കുന്ന മണ്ഡലങ്ങളാണിവ.
കൽകാജിയിൽ കൈയാങ്കളി
അരവിന്ദ് കെജ്രിവാളിന്റെ ന്യൂഡൽഹിപോലെ ആപിനെ തോൽപിക്കുകയെന്നത് ബി.ജെ.പി അഭിമാനപ്രശ്നമായെടുത്ത മണ്ഡലമാണ് കെജ്രിവാൾ ജയിലിൽ പോയ കാലം ഡൽഹി ഭരിക്കാൻ നിയുക്തയായ അതിഷി മത്സരിക്കുന്ന കൽകാജി. വി.വി.ഐ.പികൾ തിങ്ങിത്താമസിക്കുന്ന ന്യൂഡൽഹിയിൽനിന്ന് വ്യത്യസ്തമായി തെരഞ്ഞെടുപ്പ് പ്രചാരണം പൂർണമായും കൈയാങ്കളിയിലേക്കും കേസുകളിലേക്കും മാറിയ കാഴ്ചയാണിവിടെ. ഇരുവർക്കുമിടയിലുള്ള പോര് കടുപ്പമായതോടെ മഹിള കോൺഗ്രസ് അധ്യക്ഷ അൽകാ ലംബ മൂന്നാം സ്ഥാനത്തിലേക്ക് നീങ്ങുമെന്ന സ്ഥിതിയുമായി.
അതിഷി, രമേശ് ബിധുരി, അൽക ലംബ
ബി.ജെ.പിയോടും കമീഷനോടും പോരാടി ജയിച്ചുവേണം അതിഷിക്ക് കൽകാജി നിലനിർത്താൻ. ഡൽഹി മുഖ്യമന്ത്രി അതിഷിയെ തോൽപിക്കാൻ ഏതറ്റംവരെയും പോകാൻ ബി.ജെ.പി സ്ഥാനാർഥി രമേശ് ബിധുരി തീരുമാനിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ക്രമസമാധാന പ്രശ്നമായി മാറിയിരിക്കുകയാണ്.
ബി.ജെ.പിയും ഡൽഹി പൊലീസും ഗുണ്ടായിസം നടത്തുമ്പോൾ പരാതി നൽകുന്നവർക്കെതിരെ കേസെടുക്കുകയാണ് തെരഞ്ഞെടുപ്പ് കമീഷൻ ചെയ്യുന്നതെന്ന് അതിഷി കുറ്റപ്പെടുത്തി. പാർലമെന്റിലെ വിദ്വേഷ പ്രസംഗത്തിലൂടെ കുപ്രസിദ്ധനായ എതിർ സ്ഥാനാർഥി രമേശ് ബിധുരി ആപ് പ്രവർത്തകരുടെ ഗൃഹസമ്പർക്ക പരിപാടികളും കാമ്പയിനും തടയുന്നതാണ് ആവലാതിക്ക് കാരണം. എന്നാൽ, ആം ആദ്മി പ്രവർത്തകർ ഡൽഹി പൊലീസിനെ അടിച്ചുവെന്നാണ് കമീഷന്റെ ഭാഷ്യം.
പ്രചാരണത്തിലിളകി ജംഗ്പുര
ഡൽഹിയിലെ വിദ്യാഭ്യാസ വിപ്ലവത്തിന്റെ മുഖമായി ആം ആദ്മി പാർട്ടി ഉയർത്തിക്കാട്ടുന്ന മനീഷ് സിസോദിയയെ തോൽപിക്കുന്നത് കെജ്രിവാളിനെ തോൽപിക്കുന്നതിന് തുല്യമാണ് ബി.ജെ.പിക്ക്. തന്റെ ഇളയ സഹോദരൻ എന്നാണ് സിസോദിയയെ എപ്പോഴും കെജ്രിവാൾ വിശേഷിപ്പിക്കാറുള്ളത്. ദേശീയ നേതാക്കളെ ക്യാമ്പ് ചെയ്യിപ്പിച്ചാണ് സിസോദിയക്കെതിരെ ബി.ജെ.പി പ്രചാരണം.
പട്പർഗഞ്ചിൽനിന്ന് മൂന്നുതവണ വിജയിച്ച സിസോദിയ ഡൽഹി മദ്യനയക്കേസിൽ 21 മാസം ജയിലിൽ കഴിയേണ്ടിവന്നതോടെ മണ്ഡലത്തിൽ നിർജീവമായിരുന്നു. ഇത് ബി.ജെ.പി മുതലെടുക്കുമെന്ന് കണ്ടാണ് ജയസാധ്യതയുള്ള ജംഗ്പുര മണ്ഡലത്തിലേക്ക് വന്നത്. എന്നാൽ, ഈ പ്രചാരണമാണ് ആപ് കോട്ടയെന്ന് കരുതിയ ജംഗ്പുരയിലെ ആശങ്കയും. സിസോദിയ വിജയിച്ചാൽ വീണ്ടും ഉപമുഖ്യമന്ത്രിയാകുമെന്ന് കെജ്രിവാളിന് നിരന്തരം ഓർമിപ്പിക്കേണ്ടിവരുന്നതും അതുകൊണ്ടാണ്. കഴിഞ്ഞതവണ ജംഗ്പുരയിൽ 50.88 ശതമാനം വോട്ട് നേടി ആം ആദ്മിയുടെ പ്രവീണകുമാറാണ് വിജയിച്ചത്. ബി.ജെപിക്ക് ലഭിച്ചത് 32.77 ശതമാനം വോട്ടുകൾ. കോൺഗ്രസിന് 15.29 ശതമാനവും.
മനീഷ് സിസോദിയ, തർവിന്ദർ സിങ് മർവ, ഫർഹദ് സുരി
1998 മുതൽ 2013 വരെ കോൺഗ്രസ് ജംഗ്പുര എം.എൽ.എ ആയിരുന്നു തർവിന്ദർ സിങ് മർവയെയാണ് സിസോദിയയെ നേരിടാൻ ബി.ജെ.പി ഇറക്കിയത്. 2022ലാണ് മർവ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയത്. മുൻ ഡൽഹി മേയർ ഫർഹദ് സൂരിയേയാണ് കോൺഗ്രസ് മത്സരിപ്പിക്കുന്നത്. മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന നിസാമുദ്ദീൻ, സിഖുകാർ തിങ്ങിപ്പാർക്കുന്ന ഭോഗൽ അടക്കം ഉൾപ്പെടുന്നതാണ് മണ്ഡലം.
പ്രവചനാതീതമായി ന്യൂഡൽഹി
അടിമുടി വീറും വാശിയുമേറിയ പ്രചാരണം സമാപിച്ചപ്പോൾ ഏവരും ഉറ്റുനോക്കുന്ന മണ്ഡലമായി മുൻ മുഖ്യമന്ത്രിയും രണ്ട് മുൻ മുഖ്യമന്ത്രിമാരുടെ മക്കളും മത്സരിക്കുന്ന ന്യൂഡൽഹി. ഡൽഹിയുടെ രാഷ്ട്രീയ ചരിത്രത്തിൽ പ്രമുഖരുടെ ഉയർച്ചകൾക്കും വീഴ്ചകൾക്കും ഒരുപോലെ സാക്ഷിയായ മണ്ഡലം ഇക്കുറിയും പ്രമുഖരുടെ പോരിൽ പ്രവചനാതീതമായ മത്സരത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. അമ്മ ഷീലാ ദീക്ഷിതിനെ തോൽപിച്ച കെജ്രിവാളിന്റെ തോൽവിക്ക് കാരണക്കാരനായി പ്രതികാരം ചെയ്യാൻ മുൻ എം.പി കൂടിയായ സന്ദീപ് ദീക്ഷിത് കോൺഗ്രസ് സ്ഥാനാർഥിയായി വന്നതോടെയാണ് മത്സരം പ്രവചനാതീതമായത്. നാലാം വിജയത്തിന് കോപ്പുകൂട്ടി കളത്തിലിറങ്ങുന്ന മുൻമുഖ്യമന്ത്രിയും ആം ആദ്മി കൺവീനറുമായ കെജ്രിവാളിനെതിരെ ഡൽഹി കലാപവേളയിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന ആക്ഷേപത്തിനിരയായ പർവേഷ് വർമയാണ് ബി.ജെ.പിയുടെ സ്ഥാനാർഥി.
2 ജി, കൽക്കരി, കോമൺവെൽത്ത് ഗെയിംസ് അഴിമതി ആരോപണങ്ങളുയർത്തി 2013ലെ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 53.46 ശതമാനം വോട്ടുനേടിയാണ് മുൻമുഖ്യമന്ത്രി ഷീല ദീക്ഷിതിനെ കെജ്രിവാൾ അധികാരത്തിൽനിന്നിറക്കിയത്. 2015ൽ ബി.ജെ.പിയുടെ പ്രമുഖ നേതാവായ നൂപുർ ശർമയെ തോൽപിച്ച് കെജ്രിവാൾ രണ്ടാംതവണയും മണ്ഡലം നിലനിർത്തിയപ്പോൾ ആം ആദ്മി പാർട്ടിയുടെ വോട്ടുവിഹിതം 64.34 ശതമാനമായി. കോൺഗ്രസ് സ്ഥാനാർഥി കിരൺ വാലിയക്ക് 5.37 ശതമാനം വോട്ടുമാത്രമാണ് നേടാനായത്. 2020ൽ മൂന്നാമതും നിയമസഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽനിന്ന് മത്സരിച്ച കെജ്രിവാളിന്റെ വോട്ടുവിഹിതം 61.10 ശതമാനമായിരുന്നു.
അരവിന്ദ് കെജ്രിവാൾ, പർവേഷ് ശർമ, സന്ദീപ് ദീക്ഷിത്
എന്നാൽ, ഇത്തവണ കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കും അത്ര എളുപ്പമല്ല മത്സരം. ഇത്തവണ ലോക്സഭയിലേക്ക് സീറ്റ് നിഷേധിച്ച ബി.ജെ.പി സ്ഥാനാർഥി പർവേഷ് വർമ മുൻ ഡൽഹി മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ സാഹിബ് സിങ് വർമയുടെ മകനാണ്. മഹാരാഷ്ട്ര മാതൃകയിൽ ബി.ജെ.പി എം.പിമാരുടെ ഔദ്യോഗിക വസതികളിലടക്കം ബി.ജെ.പി വോട്ടുചേർത്തതിന്റെ കണക്ക് കെജ്രിവാൾ കമീഷന് സമർപ്പിച്ചെങ്കിലും അതൊന്നും വെട്ടിമാറ്റിയിട്ടില്ല. 10 വർഷത്തോളം കിഴക്കൻ ഡൽഹിയെ പാർലമെന്റിൽ പ്രതിനിധീകരിച്ച പരിചയസമ്പത്തിനൊപ്പം ഡൽഹിക്ക് സുപരിചിതനെന്ന നേട്ടം കൂടി ചേർത്തുവെച്ചാണ് കോൺഗ്രസിന്റെ സന്ദീപ് ദീക്ഷിത് മണ്ഡലത്തിൽ ജനവിധി തേടുന്നത്.
ആപ് -കമീഷൻ പോര് രൂക്ഷം
ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കാനിരിക്കെ, ബി.ജെ.പിക്കെതിരായ പ്രചാരണത്തിനിടെ തെരഞ്ഞെടുപ്പ് കമീഷനെയും നേരിട്ട് ആം ആദ്മി പാർട്ടി (ആപ്). ദിവസങ്ങളായി തുടരുന്ന ആപ് - കമീഷൻ പോര് നിശ്ശബ്ദ തെരഞ്ഞെടുപ്പ് പ്രചാരണ ദിവസമായ ചൊവ്വാഴ്ച കൂടുതൽ കനത്തു. മുഖ്യമന്ത്രി അതിഷി സമൂഹ മാധ്യമങ്ങളിൽ കമീഷനെതിരെ ആരോപണം കടുപ്പിച്ചതോടെ മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറും രംഗത്തുവന്നു.
ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തങ്ങളെ നിരന്തരം അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നും കമീഷന് ആരോപിച്ചു. തങ്ങൾ മൂന്നംഗ സമിതിയാണെന്നും കൂട്ടുത്തരവാദിത്തത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. കമീഷനെ താറടിക്കാനാണ് ആപ് ശ്രമം. ഏകാംഗ കമീഷനാണെങ്കില്‍ പോലും തങ്ങള്‍ക്ക് ഭരണഘടനാപരമായി മാത്രമേ പ്രവര്‍ത്തിക്കാനാകൂവെന്നും രാജീവ് കുമാർ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ദിവസം കുംഭമേളയിൽ മോദിയുടെ സ്നാനം
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശിൽ മഹാകുംഭമേളയിലെത്തി ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്യും. രാവിലെ പത്തോടെ പ്രയാഗ്രാജ് വിമാനത്താവളത്തിലെത്തുന്ന മോദി 11നും 11.30നും ഇടയിലാണ് സ്നാനം നിര്‍വഹിക്കുക. 12.30ഓടെ ഡല്‍ഹിക്ക് മടങ്ങും.
പെരുമാറ്റച്ചട്ടലംഘനം: അതിഷിക്കെതിരെ കേസ്
ന്യൂഡൽഹി: മാതൃകാപെരുമാറ്റച്ചട്ടം ലംഘിച്ച് ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് കൽക്കാജിയിലെ എ.എ.പി സ്ഥാനാർഥിയും ഡൽഹി മുഖ്യമന്ത്രിയുമായ അതിഷിക്കെതിരെ കേസെടുത്തു. ഗോവിന്ദ്പുരി പൊലീസാണ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തത്.
പരസ്യപ്രചാരണം അവസാനിച്ച ചൊവ്വാഴ്ച പുലർച്ച ഒന്നോടെ 50ൽ ഏറെ അനുയായികൾക്കൊപ്പം 10 വാഹനങ്ങളിലായി അവർ ഫത്തേസിങ് മാർഗിലെത്തിയിരുന്നു. പിരിഞ്ഞുപോകാൻ നിർദേശിച്ച് അക്കാര്യം വിഡിയോയിൽ പകർത്തിയ പൊലീസുകാരനെ സംഘത്തിലുണ്ടായിരുന്ന രണ്ട് ആം ആദ്മി പ്രവർത്തകർ മർദിച്ചതായി എഫ്.ഐ.ആറിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.