‘എല്ലാം ശുഭകരമായി അവസാനിച്ചു, ചെറിയ പോരായ്മകൾ കാലക്രമേണ മാറും’-ചെന്നിത്തലയെ സന്ദർശിച്ച് കെ. സുധാകരൻ
text_fieldsതിരുവനന്തപുരം: എല്ലാം ശുഭകരമായി അവസാനിച്ചെന്നും കോൺഗ്രസിനെപോലുള്ള പാർട്ടിക്കകത്ത് ഇത്രയും വലിയ പ്രശ്നങ്ങൾ മാന്യമായും സമാധാനപരമായും തീർത്തത് നല്ല സംഭവമാണെന്ന് കെ.സുധാകരൻ എം.പി. രമേശ് ചെന്നിത്തലയെ വീട്ടിൽ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെന്നിത്തലയുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കപ്പെട്ടു എന്നാണ് വിശ്വാസം. ചെറിയൊരു പോരായ്മ ഉണ്ടെന്നാണ് തോന്നുന്നത്. അത് കാലക്രമേണ മറികൊള്ളുമെന്നും സുധാകരൻ പറഞ്ഞു.
അതേസമയം, കെ. സുധാരനെ കാണുന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അദ്ദേഹവുമായുള്ള ഏത് ചർച്ചയും സംഭാഷണവും സംതൃപ്തി നൽകുന്നതാണ്. വർഷങ്ങളുടെ ബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്. കെ.പി.സി.സി പ്രസിഡന്റ് ആയി 10 വർഷം ഇരുന്നപ്പോൾ എന്നോടൊപ്പം ജനറൽ സെക്രട്ടറി ആയിരുന്നു. കെ.സുധാകരൻ കോൺഗ്രസിലെ കേരളത്തിലെ പാർട്ടി പ്രവർത്തകരുടെ വികാരമാണ്. എപ്പോഴും അത് പ്രവർത്തകർക്ക് ഒരു ആവേശമാണ്. തീർച്ചയായും സുധാകരൻ ഇവിടെ വന്നതിൽ വലിയ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
വി.ഡി. സതീശന്‍റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാറിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായേക്കുമെന്നാണ് സൂചന. രണ്ടാംദിനവും ചെന്നിത്തലയുടെ വീട്ടിലെത്തി സതീശൻ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് അദ്ദേഹം മന്ത്രിസഭയിൽ ചേരാൻ സമ്മതം അറിയിച്ചതെന്നാണ് വിവരം. സീനിയർ നേതാവ് എന്ന നിലയിൽ ചെന്നിത്തലയെ പൂർണമായി അവഗണിക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തൽ. ആഭ്യന്തര വകുപ്പ് ലഭിച്ചാൽ മാത്രമേ മന്ത്രിസഭയിൽ അംഗമാവുകയുള്ളൂ എന്നാണ് ചെന്നിത്തല നേരത്തെ അറിയിച്ചിരുന്നത്.
മുഖ്യമന്ത്രിപദം ലഭിക്കാത്തതിനെ തുടർന്ന് ചെന്നിത്തല പരിഭവം തുടരുന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തരം വിട്ടുകൊടുക്കാൻ സതീശൻ തയാറായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

