ഖേദം പ്രകടിപ്പിച്ച് പത്രക്കുറിപ്പ്; ഐക്യത്തിന് വേണ്ടി എന്ത് വിട്ടുവീഴ്ചക്കും തയാറെന്ന് ലീഗ് വിരുദ്ധ സമസ്ത നേതാക്കൾ
text_fieldsമലപ്പുറം: മുസ് ലിംലീഗുമായുള്ള തർക്കത്തിൽ അനുനയത്തിന് തയാറായി സമസ്തയിലെ ഇരുവിഭാഗവും. നേതാക്കളുടെ തീരുമാനം അംഗീകരിക്കാനും ഐക്യശ്രമങ്ങൾക്ക് സഹകരിക്കാനും തയാറാണെന്ന് ഇരുവിഭാഗവും വാർത്താകുറിപ്പിൽ പറഞ്ഞു.
വിഭാഗീയത അവസാനിപ്പിക്കാൻ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിർദേശ പ്രകാരം ലീഗ് വിരുദ്ധ നേതാക്കൾ തിങ്കളാഴ്ച പാണക്കാട്ടെത്തി ചർച്ച നടത്തിയിരുന്നു. തുടർന്ന് സാദിഖലി തങ്ങളുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചതായി ഉമർ ഫൈസി മുക്കവും അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവുമുൾപ്പടെയുള്ളവർ വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ, ഇവർ ചർച്ചയിലെ ധാരണ ലംഘിച്ചതായി സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ചൊവ്വാഴ്ച തുറന്നടിച്ചു. ഖേദം പ്രകടിപ്പിച്ചപ്പോൾ അത് പൊതുസമൂഹത്തോട് തുറന്നുപറയാനായിരുന്നു നിർദേശിച്ചതെന്നും അത് പാലിച്ചില്ലെന്നുമാണ് സാദിഖലി തങ്ങൾ പറഞ്ഞത്.
തുടർന്നാണ് ഐക്യത്തിനും യോജിച്ച പോക്കിനും വിട്ടുവീഴ്ചക്ക് തയാറാണെന്നറിയിച്ച് ലീഗ് വിരുദ്ധ നേതാക്കൾ ബുധനാഴ്ച വാർത്തകുറിപ്പിറക്കിയത്. സംഘടനക്കകത്തും സമുദായത്തിനകത്തും രജ്ഞിപ്പും ഒരുമയും അനിവാര്യമാണെന്നതിനാൽ സംഘടനാപരമായ ഏത് വിട്ടുവീഴ്ചക്കും ഖേദപ്രകടനത്തിനും ഇനിയും തയാറാണെന്നും നേതാക്കൾ പറഞ്ഞു. സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം, മുശാവറ അംഗം വാക്കോട് മൊയ്തീൻകുട്ടി മുസ്ലിയാർ, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിമാരായ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ , എസ്.കെ.എസ്.എസ്.എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ എന്നിവർ ചേർന്നാണ് പത്രക്കുറിപ്പിറക്കിയത്.
പ്രാസ്ഥാനികരംഗത്തെ വിഭാഗീയ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ഐക്യത്തോടെ പോകാൻ എല്ലാ ശ്രമങ്ങളിലും ഇനിയും സഹകരിക്കുമെന്ന് ലീഗ് അനുകൂല നേതാക്കളും പറഞ്ഞു. സമ്പൂർണ രജ്ഞിപ്പിലെത്തുന്നത് വരെ എല്ലാ പ്രതികരണങ്ങൾക്കും നേതാക്കൾ കടിഞ്ഞാണിടണമെന്നും അവർ ആവശ്യപ്പെട്ടു. സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി കൂരിയാട്, എസ്.കെ.എം.എം സംസ്ഥാന ജനറൽ സെക്രട്ടറി പുത്തനഴി മൊയ്തീൻ ഫൈസി, എസ്.എം.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സെക്രട്ടറി യു. ശാഫി ഹാജി, വർക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, വൈസ് പ്രസിഡന്റ് എം.സി. മായിൻ ഹാജി തുടങ്ങിയവരാണ് പ്രസ്താവന ഇറക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.