വിവാഹമോചനക്കേസിൽ ഭാര്യക്ക് ജീവനാംശം നൽകണോ? കേസ് സുപ്രീംകോടതിയിൽ, ജുഡീഷ്യറിക്കെതിരേ അധിക്ഷേപ പരാമർശം, ഭർത്താവിനെതിരെ കോടതിയലക്ഷ്യ നടപടി
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: വിവാഹമോചനക്കേസിൽ ഭാര്യയ്ക്ക് ജീവനാംശം നൽകണമോയെന്ന തർക്കം സുപ്രീംകോടതിയിൽ എത്തിയപ്പോൾ ജുഡീഷ്യറിക്കെതിരേയും ജഡ്ജിമാർക്കെതിരേയും നടത്തിയ അധിക്ഷേപ പരാമർശങ്ങളിൽ കോടതി നിയമനടപടിക്ക് ഒരുങ്ങുന്നു. മലപ്പുറം സ്വദേശി ഇ.പി. ജയപ്രകാശിനെതിരെയാണ് കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയത്. നവംബറിൽ നേരിട്ട് ഹാജരാകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജുഡീഷ്യറിക്കെതിരേയും ജഡ്ജിമാർക്കെതിരേയും ഇയാൾ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങളിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
മലപ്പുറം സ്വദേശിയായ ജയപ്രകാശും പത്തനംതിട്ട സ്വദേശിനിയും തമ്മിലുള്ള വിവാഹമോചനക്കേസിലെ നടപടിയാണ് സുപ്രീംകോടതിയിൽ എത്തിയത്. ഭാര്യയ്ക്ക് ജോലി ഉണ്ടായിട്ടും ഭർത്താവിൽനിന്ന് ജീവനാംശം ആവശ്യപ്പെടാനാകുമോ എന്നതായിരുന്നു സുപ്രീംകോടതിയിലെ ഹരജിയിലെ ചോദ്യം. കേസ് നടക്കുന്ന തിരുവല്ലയിലെ കുടുംബക്കോടതി ഇതിന് കഴിയില്ലെന്ന് വ്യക്തമാക്കി. എന്നാൽ, ഹൈകോടതി ജയപ്രകാശിന്റെ ഭാര്യയ്ക്ക് താൽകാലിക ജോലിയാണെന്ന് വ്യക്തമാക്കി ജീവനാംശത്തിന് അർഹതയുണ്ടെന്ന് ഉത്തരവിടുകയായിരുന്നു. തുക തീരുമാനിക്കാൻ കുടുംബക്കോടതിക്ക് നിർദേശവും നൽകി. ഇതിനെതിരെയുള്ള ഹരജിയാണ് സുപ്രീംകോടതിയിൽ എത്തിയത്.
എന്നാൽ, കേസുമായി ബന്ധപ്പെട്ട നടപടികൾക്കിടെ ഹരജിക്കാരനായ ജയപ്രകാശ് നിരന്തരം ഫേസ്ബുക്കിലൂടെ ജഡ്ജിമാർക്കും ജൂഡീഷ്യറിക്കെതിരെയും അപവാദ പ്രചാരണങ്ങൾ നടത്തുകയാണെന്ന് ഭാര്യ കോടതിയിൽ നൽകിയ മറുപടിയിൽ അറിയിച്ചു. ഒപ്പം 2023ൽ വിധി പറയാൻ വൈകിയെന്ന് കാട്ടി തിരുവല്ല കുടുംബ കോടതി ജഡ്ജിയുടെ വാഹനം തല്ലിതകർത്ത കേസിൽ പ്രതിയാണെന്നും കോടതിയെ അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റുകൾ പരിശോധിച്ച ജഡ്ജിമാരായ എ. അമാനുള്ള, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് പരിധിവിട്ടുള്ള പ്രതികരണമാണ് ഹരജിക്കാരൻ നടത്തുന്നതെന്ന് നീരീക്ഷിച്ചു. ഹൈകോടതി ജഡ്ജിക്കെതിരെയടക്കം മോശമായ പ്രയോഗം നടത്തിയതിനെയും കടുത്തഭാഷയിൽ വിമർശിച്ചു. തുടർന്നാണ് ഈ പോസ്റ്റുകളുടെ അടിസ്ഥാനത്തിൽ ജയപ്രകാശിനെതിരെ കോടതിയലക്ഷ്യ നടപടികൾ തുടങ്ങുകയാണെന്ന് കോടതി വ്യക്തമാക്കിയത്. നവംബറിൽ നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചു. ഒപ്പം ഒരു ലക്ഷം രൂപ പിഴ ഈടാക്കുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

