Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡെങ്കിപ്പനിക്കെതിരെ...

ഡെങ്കിപ്പനിക്കെതിരെ ഏഴു ജില്ലകളിൽ പ്രത്യേക ജാഗ്രത

text_fields
bookmark_border
ഡെങ്കിപ്പനിക്കെതിരെ ഏഴു ജില്ലകളിൽ പ്രത്യേക ജാഗ്രത
cancel

തിരുവനന്തപുരം: ഡെങ്കിപ്പനിക്കെതിരെ ഏഴു ജില്ലകളിൽ പ്രത്യേക ജാഗ്രത നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണ ജോർജ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ഡെങ്കിപ്പനി കേസുകൾ കൂടിനിൽക്കുന്ന ജില്ലകൾക്കാണ് ജാഗ്രത നിർദേശം.

മറ്റു ജില്ലകളും ജാഗ്രത പുലർത്തണം. എല്ലാ ജില്ലയിലും കൊതുക് നശീകരണ പ്രവർത്തനങ്ങളും ഉറവിട നശീകരണ പ്രവർത്തനങ്ങളും നടത്തണം. തുടർച്ചയായ മഴ കാരണം പല ജില്ലകളിലും ഡെങ്കിപ്പനി വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും അവബോധ പ്രവർത്തനങ്ങളും കൂടുതൽ ശക്തമാക്കാനും മന്ത്രി നിർദേശം നൽകി.

സ്ഥിതി വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ഓരോ ജില്ലയും ആക്​ഷൻ പ്ലാനനുസരിച്ച് പ്രവർത്തിക്കാൻ യോഗം നിർദേശിച്ചു. സംസ്ഥാനതലത്തിൽ ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കാനും തീരുമാനമായി.

നീണ്ടുനിൽക്കുന്ന പനി ശ്രദ്ധിക്കണം. പനി ബാധിച്ച് സങ്കീർണമാകുമ്പോഴാണ് പലരും ആശുപത്രിയിലെത്തുന്നത്. ഇത് രോഗം ഗുരുതരമാക്കും. പനി ബാധിച്ചാൽ മറ്റ് പകർച്ചപ്പനികളല്ലെന്ന് ഉറപ്പുവരുത്തണം. കൊതുവിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം.

വീടിന്റെ അകത്തോ പുറത്തോ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടിനകത്തെ ചെടികൾ വെക്കുന്ന ട്രേയിൽ വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുണ്ട്. അതിനാൽ ചെടിച്ചട്ടികളുടെയും ഫ്രിഡ്ജിലെയും ട്രേയിലെ വെള്ളം ആഴ്ചതോറും മാറ്റണം.

അടഞ്ഞുകിടക്കുന്ന വീടുകൾ, സ്ഥാപനങ്ങൾ, ഉപയോഗശൂന്യമായ ടയറുകൾ, ബ്ലോക്കായ ഓടകൾ, വീടിനകത്തെ ചെടികൾ, വെള്ളത്തിന്റെ ടാങ്കുകൾ, ഹാർഡ്​വെയർ കടകളിലെയും അടഞ്ഞുകിടക്കുന്ന വീടുകളിലെയും ക്ലോസറ്റുകൾ, പഴയ വാഹനങ്ങൾ എന്നിവയും ശ്രദ്ധിക്കണം. ഫോഗിങ്​ ശാസ്ത്രീയമാക്കണം.

പ്രത്യേക സ്‌ക്വാഡ് രൂപവത്​കരിച്ച് പ്രവർത്തനങ്ങൾ നടത്തണം. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ പ്രത്യേകം ശ്രദ്ധിക്കാനും നിർദേശിച്ചു.

Show Full Article
TAGS:dengue fever dengue fever alert 
News Summary - Alert In 7 Districts As Dengue Cases Spike
Next Story