Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിനോദയാത്രയിലെ മദ്യപാനം; ഇറങ്ങാതെ വിവാദക്കെട്ട്, കുടിച്ചത് മരുന്നെന്ന് പി.ടി.എ പ്രസിഡന്റ്, സ്ഥലം മാറ്റത്തിനെതിരെ കുട്ടികളുടെ പ്രതിഷേധം

text_fields
bookmark_border
വിനോദയാത്രയിലെ മദ്യപാനം; ഇറങ്ങാതെ വിവാദക്കെട്ട്, കുടിച്ചത് മരുന്നെന്ന് പി.ടി.എ പ്രസിഡന്റ്, സ്ഥലം മാറ്റത്തിനെതിരെ കുട്ടികളുടെ പ്രതിഷേധം
cancel

സുൽത്താൻ ബത്തേരി: മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളുടെ വിനോദയാത്രയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്കെതിരെ തിങ്കളാഴ്ച സ്കൂളിൽ കുട്ടികൾ പ്രതിഷേധം നടത്തി. ഇതിനിടെ, വിനോദ യാത്രക്കിടയിൽ താൻ കുടിച്ചത് മരുന്നാണെന്ന വാദവുമായി പി.ടി.എ പ്രസിഡന്റ് രംഗത്തുവന്നു.

വിനോദയാത്രക്ക് വിദ്യാഭ്യാസ വകുപ്പ് നൽകിയ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന കാരണത്താൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ കഴിഞ്ഞദിവസം വടുവഞ്ചാൽ സ്കൂളിലേക്ക് വിദ്യാഭ്യാസ വകുപ്പ് സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെയാണ് ഒരുസംഘം വിദ്യാർഥികൾ തിങ്കളാഴ്ച സ്കൂളിൽ പ്രതിഷേധം നടത്തിയത്. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ഭാരവാഹികളും പ്രിൻസിപ്പലിന്റെ സ്ഥലം മാറ്റത്തിനെതിരെ രംഗത്തുവന്നു. ഒക്ടോബർ 25നാണ് വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ 130ലേറെപ്പേർ ഹൈദരാബാദിലേക്ക് വിനോദയാത്ര പോയത്. ബുധനാഴ്ച തിരിച്ചുവരും വഴിയാണ് പി.ടി.എ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ മദ്യപിച്ചുവെന്ന ആരോപണം വിദ്യാർഥികൾ ഉന്നയിക്കുന്നത്.

തുടർന്ന് വിദ്യാർഥികളുടെ പരാതിയിൽ പ്രിൻസിപ്പൽ പി.ടി.എ പ്രസിഡന്റിനെ ഹൈദരാബാദിൽ ഇറക്കിവിടുകയും ചെയ്തു. പിന്നീട് ഹയർസെക്കൻഡറി വിഭാഗം അന്വേഷണം നടത്തുകയും പ്രിൻസിപ്പലിനെ വടുവഞ്ചാൽ സ്കൂളിലേക്ക് സ്ഥലം മാറ്റുകയുമാണ് ചെയ്തത്. പ്രിൻസിപ്പലിന്റെ രക്ത പരിശോധനയിൽ ഇദ്ദേഹം മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞിരുന്നു. എന്നിട്ടും സ്ഥലം മാറ്റിയതിലാണ് പ്രതിഷേധമുയർന്നത്. പ്രിൻസിപ്പലിനോട് ഭരണകക്ഷിയിൽപ്പെട്ട ചിലർ പ്രതികാര നടപടി സ്വീകരിക്കുന്നുവെന്നാണ് അനുകൂലിക്കുന്നവർ പറയുന്നത്.

തിങ്കളാഴ്ച പി.ടി.എ പ്രസിഡന്റ് ഹാജീസ്, മാധ്യമങ്ങളോട് വ്യക്തമാക്കിയത് ഹൈദരാബാദ് യാത്രയിൽ വയർ സംബന്ധമായ അസുഖത്തിനുള്ള മരുന്നാണ് താൻ കഴിച്ചതെന്നാണ്. ഹൈദരാബാദിൽ ഇറക്കി വിട്ടതിനുശേഷം മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധനക്ക് തയാറാകണമെന്ന് അധ്യാപകർ ഉൾപ്പെടെയുള്ള ആരും തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും പി.ടി.എ പ്രസിഡന്റ് വ്യക്തമാക്കി. വിനോദയാത്രാസംഘം തിരിച്ചെത്തിയതിനുശേഷം ഉണ്ടായ വിവാദങ്ങൾ ഓരോ ദിവസം കഴിയുന്തോറും ചൂടുപിടിക്കുകയാണ്. അതേസമയം, പ്രിൻസിപ്പലിനെയും പി.ടി.എ പ്രസിഡന്റിനെയും അനുകൂലിച്ചു രംഗത്തുവരുന്നവരിൽ കൂടുതലും ഇടത് അനുഭാവികളാണ്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായുള്ള സമൂഹമാധ്യമ പേജുകളിലെ പോസ്റ്റുകളിലും ഇത് വ്യക്തമാണ്. വലിയ കാമ്പയിൻ ഇതുസംബന്ധിച്ച് നടക്കുന്നുണ്ട്. എതിർ ചേരിയിൽ പ്രധാനമായും മുസ്‍ലിം ലീഗാണ്. വിദ്യാർഥികൾ പ്രതിഷേധിക്കുമ്പോഴും പ്രിൻസിപ്പലിന്റെ സ്ഥലംമാറ്റത്തിൽ ഹയർ സെക്കൻഡറി വകുപ്പ് ഉറച്ചുനിൽക്കുകയാണ്. പി.ടി.എ കമ്മിറ്റി പിരിച്ചുവിടാനുള്ള സാധ്യതയുമുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Alcohol Controversy During School Trip; Students Protest Transfer
Next Story